Health
മഴ കൂടിയതാണ് പ്രശ്നം, ആശുപത്രിയുടെ കുഴപ്പമല്ല - ട്രൈബൽ ആശുപത്രി വിവാദത്തിൽ മന്ത്രി വീണാ ജോർജ്
Health

"മഴ കൂടിയതാണ് പ്രശ്നം, ആശുപത്രിയുടെ കുഴപ്പമല്ല" - ട്രൈബൽ ആശുപത്രി വിവാദത്തിൽ മന്ത്രി വീണാ ജോർജ്

Web Desk
|
16 July 2022 11:45 AM GMT

"ശക്തമായ മഴയെത്തുടർന്ന് പുഴയിലെ വെള്ളം ചെളി കലർന്നു. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുതൽ വെള്ളത്തിന്റെ ശക്തി കുറഞ്ഞു."

അട്ടപ്പാടി: കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങുകയും രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോവുകയും ചെയ്തുവെന്ന വാർത്തയോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഗുരുതരാവസ്ഥയുള്ള ഒരു കാൻസർ രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണെന്നും വെള്ളമില്ലാത്തതു കൊണ്ടല്ല ഇതെന്നും മന്ത്രി പറഞ്ഞു. ഏഴ് ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിൽ ഉണ്ട്. 72 കിടപ്പു രോഗികൾ ആശുപത്രിയിൽ ഉണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും അഭംഗുരം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുൻപ് നിശ്ചയിച്ച ഇലക്ടീവ് സർജറി (ഹെർണിയയുടെ ശസ്ത്രക്രിയ) പുനഃക്രമീകരിക്കുകയാണ് ചെയ്തത്. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയിൽ അഡ്മിറ്റഡ് ആകും. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം ആറ് രോഗികളെ സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഒരു കാൻസർ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്. പാലക്കാട് ജില്ലാ കളക്ടർ, ഡിഎംഒ, കോട്ടത്തറ സൂപ്രണ്ട്, ട്രൈബൽ നോഡൽ ഓഫീസർ തുടങ്ങിയവരെ അടിയന്തരമായി ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചുവെന്നും വാർത്താകുറിപ്പിൽ പറയുന്നു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനമിയം നടത്തിയിട്ടുണ്ട്. ശിരുവാണിപ്പുഴയിൽ നിന്നാണ് കോട്ടത്തറ ആശുപത്രിയിൽ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടർന്ന് പുഴയിലെ വെള്ളം ചെളി കലർന്നു. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുതൽ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തിൽ മോട്ടോർ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം രോഗികളെയും ആശുപത്രിയുടെ പ്രവർത്തനങ്ങളേയും ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ അധികൃതർ ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പുതിയൊരു മോട്ടോർ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുൻ പ്രളയ സമയങ്ങളിൽ ചെയ്തിട്ടുള്ള പോലെ ചിറ്റൂരിൽ നിന്നും വെള്ളം ലാബിലും ഓപ്പറേഷൻ തീയറ്ററിലും ലഭ്യമാക്കാൻ ക്രമീകരണം ചെയ്തു. - വാർത്താ കുറിപ്പിൽ പറയുന്നു. ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Similar Posts