തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലിയുടെ അഞ്ച് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നിരോധിച്ച് ഉത്തരാഖണ്ഡ്
|കെ.വി ബാബു ജൂലൈയിൽ നൽകിയ പരാതിയിലാണ് അതോറിറ്റിയുടെ ഉത്തരവ്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന് ചൂണ്ടികാട്ടി അഞ്ച് പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിർമ്മാണം നിർത്താൻ ഉത്തരവിട്ട് ഉത്തരാഖണ്ഡിലെ ആരോഗ്യ നിയന്ത്രണ അതോറിറ്റി. ബുധനാഴ്ചയാണ് യോഗാ ഗുരു രാംദേവിന്റെ ബിസിനസ് കമ്പനിയായ പതഞ്ജലി ആയുർവേദിന് ആരോഗ്യ നിയന്ത്രണ അതോറിറ്റി നിർദേശം നൽകിയത്.
രക്തസമ്മർദ്ദം, പ്രമേഹം, ഗോയിറ്റർ, ഗ്ലോക്കോമ, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ ചികിത്സക്കായി നിർമിക്കുന്ന ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈഗ്രിറ്റ്, ലിപിഡം, ഐഗ്രിറ്റ് ഗോൾഡ് എന്നിവയുടെ ഉത്പാദനം നിർത്താനാണ് ഉത്തരാഖണ്ഡ് ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റി പതഞ്ജലിയുടെ ദിവ്യ ഫാർമസിക്ക് നിർദ്ദേശം നൽകിയത്. നേത്രരോഗ വിദഗ്ധൻ കെ.വി ബാബു ജൂലൈയിൽ നൽകിയ പരാതിയിലാണ് അതോറിറ്റിയുടെ ഉത്തരവ്. പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിച്ചതിന് ശേഷം ഉൽപ്പന്നങ്ങൾക്ക് പുതിയ അംഗീകാരം നേടാൻ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ലിപ്പിഡോമിൻറെ പരസ്യത്തിലാണ് ബാബു പരാതി നൽകിയത്. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട്, മാജിക് റെമഡീസ് ആക്‌ട് എന്നിവയുടെ ലംഘനമാണെന്നും രക്തസമ്മർദ്ദം, ഗ്ലോക്കോമ, ഗോയിറ്റർ, പ്രമേഹം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങളുടെയും അവസ്ഥകളുടെയും ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചതാണെന്നും അദ്ധേഹം പറയുന്നു.
അതേസമയം ദിവ്യ ഫാർമസിയുടെ എല്ലാ ഉൽപ്പന്നങ്ങളും നിശ്ചിത മാനദണ്ഡങ്ങളും എല്ലാ നിയമാനുസൃത നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്നും പതഞ്ജലി അവകാശപ്പെട്ടു.