Health
ശരീരഭാരം കുറക്കാൻ പണം മുടക്കി ജിമ്മിൽ പോകേണ്ട, സൈക്കിള്‍ യാത്രയിലൂടെ ഇനി ആരോഗ്യം മെച്ചപ്പെടുത്താം
Health

ശരീരഭാരം കുറക്കാൻ പണം മുടക്കി ജിമ്മിൽ പോകേണ്ട, സൈക്കിള്‍ യാത്രയിലൂടെ ഇനി ആരോഗ്യം മെച്ചപ്പെടുത്താം

Web Desk
|
3 Jun 2023 3:03 PM GMT

വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇൻഡോർ സൈക്ലിംഗ് ചെയ്യുന്നത് ഫലപ്രദമാണ്

കുട്ടിക്കാലത്തെ ഓർത്തെടുക്കുമ്പോള്‍ പലർക്കും മറക്കാനാകാത്ത ഒന്നാണ് സൈക്കിള്‍ യാത്ര. കുട്ടിക്കാലത്തെ വൈകുന്നേരവും അവധിക്കാലവുമൊക്കെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയ സൈക്കിള്‍ യാത്രക്ക് ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിന് മാത്രമല്ല പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുന്നതാണ് സൈക്കിള്‍ യാത്രകള്‍. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സൈക്കിള്‍ യാത്ര സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. 2019 ൽ നടത്തിയ ഒരു പഠനം അനുസരിച്ച് കൃത്യമായ ഭക്ഷണവും സൈക്ലിംഗും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു വ്യക്തിക്ക് ശരീര ഭാരം നിയന്ത്രിക്കാനും രക്ത സമ്മർദത്തിന്‍റെ അളവ് കുറക്കാനും സാധിക്കും. ലോകമെമ്പാടുമുള്ള നിരവധി ഫിറ്റ്നസ് സെന്ററുകൾ ഈ പഠനത്തെ ശരിവക്കുന്നുമുണ്ട്.

സൈക്ലിംഗിന്റെ ആരോഗ്യ ഗുണങ്ങൾ

1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഇൻഡോർ സൈക്ലിംഗിൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കഴിയുന്നത്ര തീവ്രതയിൽ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഹൃദയമിടിപ്പ് വർധിക്കുകയും ഹൃദയപേശികളെ ശക്തിപ്പെടുകയും ചെയ്യും. ഇത് രക്തയോട്ടത്തിന് സഹായിക്കും. ഈ വ്യായാമം തുടർച്ചയായി ചെയ്യുന്നത് രക്തചംക്രമണം, ശ്വാസകോശ ശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി രക്തസമ്മർദ പ്രശ്‌നങ്ങളും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

2. സൈക്ലിംഗ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ഏത് തരത്തിലുള്ള വ്യായാമവും ശരീരത്തിന് നല്ലതാണ്. സൈക്ലിംഗ് കലോറി എരിയുന്ന വ്യായാമമാണ്. സൈക്കിൾ ചവിട്ടുന്നതിലൂടെ നിങ്ങൾക്ക് വയറിലെ കൊഴുപ്പ് കുറക്കാൻ സാധിക്കും. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ പഠനമനുസരിച്ച്, 70 കിലോഗ്രാം ഭാരമുള്ള ഒരാൾ 30 മിനിറ്റ് സൈക്കിളോടിച്ചാൽ 250 കലോറി എരിയിച്ചു കളയാൻ സാധിക്കും. വീട്ടിലിരുന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇൻഡോർ സൈക്ലിംഗ് ചെയ്യുന്നത് ഫലപ്രദമാണ്.

3. സന്ധികളുടെ ആരോഗ്യത്തിന്

നിങ്ങളുടെ ശരീരഘടന മെച്ചപ്പെടുത്താനും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന കാര്യമാണ് വ്യായാമം . ഇൻഡോർ സൈക്ലിംഗ് പ്രായമായവർക്കും കാൽമുട്ട്, സന്ധി വേദനകൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സഹായകരമാണ്. കാൽമുട്ടിന് പ്രശ്‌നമോ നടുവേദനയോ ഉള്ള ആളുകൾ സൈക്ലിംഗ് ചെയ്യുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുകയും നിർദേശം തേടുകയും വേണം.

4. സമ്മർദം കുറയ്ക്കുന്നു

ഇൻഡോർ സൈക്ലിംഗിന്റെ മാനസികാരോഗ്യ ഗുണങ്ങൾ കുറച്ചുകാണാൻ കഴിയില്ല. ഏതെങ്കിലും തരത്തിൽ ചെയ്യുന്നത് എൻഡോർഫിനുകൾ എന്നറിയപ്പെടുന്ന നല്ല ഹോർമോണുകൾ പുറത്തുവിടാൻ സഹായിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, സൈക്ലിംഗ് ഡോപാമൈൻ, സെറോടോണിൻ എന്നിവ വർദ്ധിപ്പിക്കുകയും ഒരു വ്യക്തിയെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സൈക്ലിംഗ് മെച്ചപ്പെട്ട മാനസികാവസ്ഥയും, സമ്മർദത്തിന്റെ തോത് കുറക്കുകയും ചെയ്യുന്നു.

Similar Posts