Health
കുഞ്ഞുങ്ങൾക്ക് ഓട്‌സ് നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Health

കുഞ്ഞുങ്ങൾക്ക് ഓട്‌സ് നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Web Desk
|
7 Oct 2022 2:04 PM GMT

ഓട്‌സ് ദഹിക്കുന്നതിന് സമയമെടുക്കുമെന്നതിനാൽ കുഞ്ഞുങ്ങളിൽ വൈകിയേ വിശപ്പുണ്ടാവുകയുള്ളൂ

നാരുകൾ ധാരാളമടങ്ങിയ, കൊഴുപ്പ് കുറഞ്ഞ, പ്രോട്ടീനുകൾ ഏറെയുള്ള ഭക്ഷണപദാർഥമാണ് ഓട്‌സ്. ആരോഗ്യപ്രദമായ ഭക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നതിനാൽ കുഞ്ഞുങ്ങളുടെ ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ഓട്‌സിന് ചില ദൂഷ്യവശങ്ങളുള്ള കാര്യം പാടേ അവഗണിക്കുന്നതാണ് കണ്ടു വരുന്ന രീതി. അതിനാൽ കുഞ്ഞുങ്ങൾക്ക് ഓട്‌സ് നൽകുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്...

ഹോൾ ഗ്രെയിൻ ഓട്‌സ് അത്ര പ്രോസസ്ഡ് അല്ലാത്തതും ഗോതമ്പിന്റെ അംശം ഇല്ലാത്തതുമാണ് പല ഡയറ്റീഷ്യന്മാരെയും കുഞ്ഞുങ്ങൾക്ക് ഓട്‌സ് നിർദേശിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഡയറ്റ്2നറിഷ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയും ഡയറ്റീഷ്യനുമായ ഡോ.പ്രിയങ്ക ജയ്‌സ്വാൾ പറയുന്നത് ആരോഗ്യപ്രദമായി കണക്കാക്കിയാണ് കുഞ്ഞുങ്ങളുടെ ഡയറ്റിൽ ഓട്‌സ് ഉൾപ്പെടുത്തുന്നതെങ്കിൽ മാതാപിതാക്കൾ അതൊഴിവാക്കണം എന്നാണ്. നാരുകളടങ്ങിയ ഓട്‌സ് അല്ല കുട്ടികൾക്ക് വളർച്ചയുടെ പ്രായത്തിൽ വേണ്ടതെന്നും കമ്പനികളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ വീഴരുതെന്നും പ്രിയങ്ക പറയുന്നു.

"കുഞ്ഞുങ്ങളുടെ വളർച്ച വളരെ പെട്ടെന്നാണ്. ഈ സമയം പോഷകാഹാരങ്ങൾ അവരുടെ ശരീരത്തിലെത്തുന്നുണ്ടെന്നാണ് ഉറപ്പു വരുത്തേണ്ടത്. നാരുകളും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ ഓട്‌സ് അല്ല ഇതിനുള്ള ഓപ്ഷൻ.

കുഞ്ഞുങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഓരോ ഡയറ്റും തയ്യാറാക്കിയിരിക്കുന്നത്. ഓട്‌സിന്റെ ഗുണങ്ങൾ ആവശ്യമായ കുട്ടികൾക്ക് മാത്രം അവ നൽകിയാൽ മതിയാവും. കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കാനുള്ള കഴിവ് ഓട്‌സിനുണ്ട്. മറ്റ് പല ഭക്ഷ്യവസ്തുക്കളെയും അപേക്ഷിച്ച് ഓട്‌സിൽ പ്രോട്ടീന്റെ അളവ് വളരെ കുറവാണ്. മാത്രമല്ല, കുഞ്ഞുങ്ങങ്ങൾക്കിത് ദഹിക്കാനും ബുദ്ധിമുട്ടാണ്. ഓട്‌സ് ദഹിക്കുന്നതിന് സമയമെടുക്കുമെന്നതിനാൽ കുഞ്ഞുങ്ങളിൽ വൈകിയേ വിശപ്പുണ്ടാവുകയുള്ളൂ. ഇത് കുറച്ച് ഭക്ഷണം മാത്രം അവരുടെ ശരീരത്തിലെത്തുന്നതിന് കാരണമാകും.

ഓട്‌സിന് പകരം പച്ചക്കറികൾ, പഴങ്ങൾ, തുടങ്ങിയവ കുട്ടികൾക്ക് നൽകാം. പാശ്ചാത്യരുടെ രീതികൾ അതേപടി പിന്തുടരുന്നതിന്റെയും മാർക്കറ്റിംഗ് തന്ത്രങ്ങളിൽ വീഴുന്നതിന്റെയും ഫലമായാണ് ഓട്‌സ് കുഞ്ഞുങ്ങളുടെ ഡയറ്റിന്റെ ഭാഗമായത്. നമ്മുടെ ഭക്ഷണരീതി ഏറെ ആരോഗ്യകരമായതിനാൽ അത് പിന്തുടരുന്നതാവും ഉചിതം". ഡോ.പ്രിയങ്ക കൂട്ടിച്ചേർത്തു.

Similar Posts