Health
റേഡിയേഷൻ തെറാപ്പി ഭയപ്പെടുത്തുന്നോ! പ്രായമായ സ്‌തനാർബുദ രോഗികൾക്ക് ഒഴിവാക്കാനാകുമെന്ന് പഠനം
Health

റേഡിയേഷൻ തെറാപ്പി ഭയപ്പെടുത്തുന്നോ! പ്രായമായ സ്‌തനാർബുദ രോഗികൾക്ക് ഒഴിവാക്കാനാകുമെന്ന് പഠനം

Web Desk
|
17 Feb 2023 2:06 PM GMT

സ്‌തനാർബുദം ബാധിച്ച സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ

ചെറിയ പനി വന്നാൽ പോലും പ്രായമായവരിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. അങ്ങനെയെങ്കിൽ അർബുദം പോലെയുള്ള രോഗങ്ങൾ ബാധിച്ചാലോ? പ്രതീക്ഷയുടെ ഒരു കണിക പോലുമില്ലാതെയാണ് അർബുദം സ്ഥിരീകരിച്ചുകഴിഞ്ഞാൽ പലരുടെയും പ്രതികരണം. തീവ്രമായ റേഡിയേഷൻ ചികിത്സകൾ ആലോചിക്കുമ്പോൾ തന്നെ ചികിത്സയോടുള്ള പകുതി വിശ്വാസം ആളുകൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. എന്നാൽ, ആരോഗ്യമേഖല അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇപ്പോഴിതാ, സ്തനാർബുദ ചികിത്സയിൽ മികച്ചൊരു കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് ക്യാൻസർ. പത്ത് ശതമാനം സ്തനാർബുദ കേസുകളും പാരമ്പര്യമായാണ് കണക്കാക്കപ്പെടുന്നത്. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ കീമോ തെറാപ്പി, ശസ്ത്രക്രിയ, റേഡിയോ തെറാപ്പി എന്നീ ചികിത്സകളിലൂടെ ഭേദമാക്കാൻ സാധിക്കും. അൻപത് വയസിന് മുകളിലുള്ള സ്ത്രീകളിലാണ് സ്തനാർബുദ സാധ്യത കൂടുതൽ.

രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഡോക്ടർമാർ ശസ്ത്രക്രിയയാകും നിർദ്ദേശിക്കുക. സ്ഥാനത്തിലെ മുഴയെടുത്ത് മാറ്റുന്ന ലംപെക്ടമി ശസ്ത്രക്രിയക്ക് ശേഷം ആഴ്ചകളോളം റേഡിയേഷൻ തെറാപ്പി ചെയ്യേണ്ടതുണ്ട്. പ്രായമായവർക്ക് വളരെ കഠിനമാണ് ഈ ചികിത്സ. പലരുടെയും ശരീരം എങ്ങനെയാണ് ചികിത്സയോട് പ്രതികരിക്കുന്നതെന്ന് മുൻകൂട്ടി നിർവചിക്കാനാകില്ല. ഇപ്പോഴിതാ ശസ്ത്രക്രിയക്ക് ശേഷം കഠിനമായ റേഡിയേഷൻ തെറാപ്പി ഒഴിവാക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്‌തനാർബുദം ബാധിച്ച സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ശസ്‌ത്രക്രിയക്ക് ശേഷം റേഡിയേഷൻ ചികിത്സ വേണ്ടെന്ന് വെച്ച 65 വയസിനും അതിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് ചികിത്സ ലഭിച്ചവരുടേത് പോലെ തന്നെ 10 വർഷത്തെ അതിജീവന നിരക്ക് ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത് റേഡിയേഷൻ ചികിത്സ ലഭിച്ചാലും ഇല്ലെങ്കിലും പത്ത് വർഷം തന്നെയാണ് സ്തനാർബുദ രോഗികളുടെ അതിജീവന നിരക്ക്.

എന്നാൽ, റേഡിയേഷൻ തെറാപ്പി ലഭിക്കാത്തവർക്ക് അർബുദം തിരികെ വരാനും കൂടുതൽ ചികിത്സ ആവശ്യമായി വരാനും സാധ്യത കൂടുതലാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയോതെറാപ്പി പ്രായമായ രോഗികൾക്ക് കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എന്നാൽ,എല്ലാ അപകട സാധ്യതകളും കണക്കിലെടുത്ത് ആദ്യകാല സ്തനാർബുദ ചികിത്സയുടെ ഈ ചികിത്സ ഒഴിവാക്കാൻ സാധിക്കും. പ്രായമായ രോഗികളെ സഹായിക്കാൻ എന്ന നിലയിൽ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് എഡിൻബർഗ് സർവകലാശാലയിലെ ക്ലിനിക്കൽ ഓങ്കോളജി പ്രൊഫസറായ ഇയാൻ കുങ്ക്ലർ വ്യക്തമാക്കി.

റേഡിയേഷൻ തെറാപ്പിക്ക് ശേഷം നിരവധി പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നത് ആരോഗ്യവിദഗ്ധർ തന്നെ മുന്നറിയിപ്പ് നൽകുന്ന കാര്യമാണ്. ഹൃദയപ്രശ്നങ്ങളും ദ്വിതീയ അർബുദങ്ങളും ഇതുവഴിയുണ്ടാകാം. പൂർണമായും റേഡിയേഷൻ ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നില്ല. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വേണം ഇക്കാര്യം തീരുമാനിക്കാൻ.

Similar Posts