Health
schizophrenia_cat
Health

അരുമയാണെങ്കിലും അപകടം! പൂച്ചയെ വളർത്തുന്നവർക്ക് മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയെന്ന് പഠനം

Web Desk
|
11 Dec 2023 12:04 PM GMT

പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ആണ് രോഗബാധയുണ്ടാകുന്നത്.

വീട്ടിൽ പൂച്ചയെ വളർത്തുന്നവരാണോ? അല്ലെങ്കിൽ പൂച്ചകളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരാണോ? ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്. പൂച്ചകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് സ്കീസോഫ്രീനിയ എന്ന സങ്കീർണ്ണമായ മസ്തിഷ്ക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

യുഎസ്, യുകെ എന്നിങ്ങനെ പതിനൊന്ന് രാജ്യങ്ങളിൽ നിന്ന് ഡാറ്റയടക്കം കഴിഞ്ഞ 44 വർഷമായി നടത്തിയ 17 പഠനങ്ങളുടെ സമഗ്രമായ വിശകലനത്തിന് ശേഷമാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്കിസോഫ്രീനിയ

സ്കീസോഫ്രീനിയ ഒരു സങ്കീർണ്ണ മാനസിക രോഗമാണ്. വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി ബാധിക്കുന്ന അവസ്ഥയാണിത്. പരിസ്ഥിതി, ജനിതകശാസ്ത്രം, മസ്തിഷ്ക ഘടനയിൽ വരുന്ന മാറ്റം തുടങ്ങി നിരവധി കാരണങ്ങൾ സ്കിസോഫ്രീനിയയെ സ്വാധീനിക്കുന്നു. ഈ രോഗാവസ്ഥയിലുള്ള വ്യക്തികൾക്ക് യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവ്വം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും കഴിയാതെ വരുന്നു.

മറ്റുള്ളവർ കാണാത്ത കാര്യങ്ങൾ കാണുന്നതായും ശബ്ദങ്ങൾ കേൾക്കുന്നതായും രോഗികൾക്ക് അനുഭവപ്പെട്ടേക്കാം. വിഷാദം, ആകുലത എന്നിവക്ക് പുറമെ കടുത്ത ആത്മഹത്യാ പ്രവണതയും രോഗികളിൽ കണ്ടുവരുന്നു. ഇന്ത്യയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഈ അസുഖം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

പൂച്ചകളുമായുള്ള സമ്പർക്കവും സ്കീസോഫ്രീനിയയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. പൂച്ചകളുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾക്ക് സ്കീസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു. പൂച്ചകളിലെ ടോക്സോപ്ലാസ്മ ഗോൺഡീ എന്ന പരാന്നഭുക്കായ ഏകകോശ ജീവികളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പൂച്ചയുടെ കടിയിലൂടെയോ സ്രവങ്ങളിലൂടെയോ ഇത് ശരീരത്തിനുള്ളിൽ പ്രവേശിക്കാം. നാഡീവ്യവസ്ഥയിൽ നുഴഞ്ഞുകയറി ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളെയാണ് നേരിട്ട് ബാധിക്കുക. എങ്കിലും പല രോഗികളും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

ചികിത്സ

ആന്റിസൈക്കോട്ടിക്സ് എന്നറിയപ്പെടുന്ന മരുന്നുകളാണ് സ്കിസോഫ്രീനിയ രോഗികൾക്ക് നൽകുന്നത്. പൂർണമായും ബാധിച്ചുകഴിഞ്ഞെങ്കിൽ സ്കിസോഫ്രീനിയക്ക് മറ്റ് ചികിത്സകളില്ല. ഇലക്ട്രോകൺവൽസീവ് തെറാപ്പിയും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, കൗൺസിലിംഗ് പോലെയുള്ള ചികിത്സകളും നിലവിലുണ്ട്.

Similar Posts