അടിവയറ്റിലെ വേദന.. ക്ഷീണം; അറിയണം പാൻക്രിയാറ്റിക് ക്യാൻസറിന്റെ ഈ ലക്ഷണങ്ങൾ
|ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണക്കിലെടുക്കണം.
കൃത്യവും ഫലപ്രദവുമായ ചികിത്സയുണ്ടെങ്കിലും ക്യാൻസർ എന്ന് കേട്ടാൽ തന്നെ പേടിയാണ്. രോഗം നേരത്തെ കണ്ടുപിടിച്ചുകഴിഞ്ഞാൽ ചികിത്സാരീതികൾ കൂടുതൽ ഫലപ്രദമാകുകയുള്ളൂ എന്നത് വാസ്തവമാണ്. ദഹനേന്ദ്രിയവ്യൂഹത്തിൽപെട്ട ഏത് അവയവങ്ങളെയും ക്യാൻസർ ബാധിക്കാം. ഇത്തരത്തിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ക്യാൻസറാണ് പാൻക്രിയാറ്റിക് ക്യാൻസർ. ലോകത്തിലെ ഏറ്റവും സാധാരണമായ 12-ആമത്തെ ക്യാൻസറാണെന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ പറയപ്പെടുന്നത്. 2020ൽ 495,000ലധികം പുതിയ പാൻക്രിയാറ്റിക് ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥിയുടെ കോശങ്ങളിൽ രൂപം കൊള്ളുന്ന ക്യാൻസറാണിത്. വയറിന് താഴ്ഭാഗത്തിന് പിന്നിലായി നിലകൊള്ളുന്ന ഒരു അവയവമാണ് പാൻക്രിയാസ്. പാൻക്രിയാസിലെ കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ട്യൂമർ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ക്യാൻസറുണ്ടാകുന്നത്. മിക്കപ്പോഴും രോഗലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല എന്നതാണ് പാൻക്രിയാറ്റിക് ക്യാൻസറിനെ നിർണായകമാക്കുന്നത്. ഇത് രോഗനിർണയം വൈകിപ്പിച്ചേക്കാം. അതിനാൽ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കണക്കിലെടുക്കണം.
തുടക്കമറിയാം...
പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്ന് ശൗചാലയത്തിൽ തന്നെയറിയാം. മലത്തിലുണ്ടാകുന്ന നിറവ്യത്യാസമാണ് പ്രധാനം. അർബുദം സാധാരണ പിത്തരസ നാളത്തിൽ സമ്മർദ്ദം ചെലുത്തുകയും, കുടലിലേക്ക് പിത്തരസത്തിന്റെ സാധാരണ പ്രകാശനം നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് ഈ മാറ്റം സംഭവിക്കുന്നത്. കളിമൺ നിറമുള്ള മലമാണ് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാന ലക്ഷണമെന്ന് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു.
കൊഴുപ്പ് ദഹിപ്പിക്കുന്നതിനായി പ്രത്യേകം ഉൽപ്പാദിപ്പിക്കപ്പെടുന്ന പാൻക്രിയാറ്റിക് എൻസൈമുകളുടെ സാധാരണ ഉത്പാദനവും സ്രവവും തടയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോ ഫോക്സ് ഓൺലൈൻ ഫാർമസിയിൽ നിന്നുള്ള ഡോ ഡെബോറ ലീയും ചൂണ്ടിക്കാട്ടുന്നു. വിളറിയതും കൊഴുപ്പുള്ളതും പലപ്പോഴും ദുർഗന്ധമുള്ളതുമായ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണമാകാം. മലം ഇളം പച്ചയോ, ഇളം തവിട്ടുനിറമോ, ഓറഞ്ചോ, മഞ്ഞകലർന്നതോ, വെള്ള നിറമോ ആയിരിക്കാം, ചിലപ്പോൾ മുകളിൽ ഒരു കൊഴുപ്പും ഉണ്ടായിരിക്കാം. ഇടയ്ക്കിടെ നുര കാണപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.
അവഗണിക്കരുത്...
- പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റ് ലക്ഷണങ്ങളിൽ പ്രധാനം ക്ഷീണവും അനാരോഗ്യവുമാണ്. ഈ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
- എപ്പോഴും അസുഖമാണെന്ന തോന്നൽ
- കാരണമില്ലാതെ ശരീരഭാരം കുറയുക
- വയറുവേദന
- കണ്ണുകളിലും ചർമത്തിലുമുണ്ടാകുന്ന മഞ്ഞനിറം
- അടിവയറ്റിൽ ഒരു ദ്രാവകം അടിഞ്ഞുകൂടുക അല്ലെങ്കിൽ വേദനയുണ്ടാവുക
സൂക്ഷിക്കണം..
നിലവിൽ പാൻക്രിയാറ്റിക് ക്യാൻസറിന് കാരണമാകുന്നത് എന്താണെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എങ്കിലും അപകടസാധ്യതയുണ്ടാക്കുന്ന ഘടകങ്ങളെക്കുറിച്ചെല്ലാം അറിയുന്നതുംതടയുന്നതിനും കൃത്യസമയത്ത് ചികിത്സ നേടാനും ഫലപ്രദമാകാനും സഹായിക്കും. പാൻക്രിയാറ്റിക് ക്യാൻസർ സാധ്യതയുണ്ടാക്കുന്ന ഘടകങ്ങൾ ഇവയാണ്.
- പുകവലി
- പ്രമേഹം
- അമിതവണ്ണം
- 60 അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം
പടരുമോ?
പാൻക്രിയാറ്റിക് ക്യാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനെതിരെ ക്യാൻസർ റിസർച്ച് യുകെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാൻക്രിയാറ്റിക് ക്യാൻസർ അപൂർവമാണ്. പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെയാണ് ഇത് കാണപ്പെടുന്നത്. അതിനാൽ, രോഗം കണ്ടുപിടിക്കുമ്പോഴേക്കും സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്. ക്യാൻസർ റിസർച്ച് യുകെയുടെ അഭിപ്രായത്തിൽ പാൻക്രിയാറ്റിക് ക്യാൻസർ ഏറ്റവും കൂടുതൽ പടരുന്നത് കരളിലേക്കാണ്. ഇത് ശ്വാസകോശത്തിലേക്കോ വയറിനുള്ളിലോ അടുത്തുള്ള ലിംഫ് നോഡുകളിലേക്കോ വ്യാപിക്കാനും സാധ്യതയുണ്ട്. അപൂർവ്വമായി മാത്രമേ ഇത് അസ്ഥികളിലേക്ക് പടരുകയുള്ളൂ.