Health
രക്ഷിതാക്കളുടെ വിവാഹമോചനം: കുട്ടികളിലെ വൈകാരിക ആഘാതം പരിഹരിക്കാനുള്ള മാർഗങ്ങൾ
Health

രക്ഷിതാക്കളുടെ വിവാഹമോചനം: കുട്ടികളിലെ വൈകാരിക ആഘാതം പരിഹരിക്കാനുള്ള മാർഗങ്ങൾ

Web Desk
|
19 Sep 2022 12:30 PM GMT

രക്ഷിതാക്കളുടെ വാക്കുതർക്കങ്ങൾ കുട്ടികളിൽ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്

മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വിവാഹമോചനം അനിവാര്യമാണെന്ന് കരുതുന്ന രക്ഷിതാക്കൾ പലപ്പോഴും പതറി പോകുന്നത് കുട്ടികളുടെ മുന്നിലാണ്. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ കുട്ടികൾക്കുണ്ടാകുന്ന വൈകാരിക ആഘാതം പരിഹരിക്കാവുന്നതേയുള്ളൂ. ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം.

വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കേണ്ടത് അത്യാവശ്യമാണ്. രക്ഷിതാക്കളുടെ വിവാഹമോചനം ഉൾക്കൊള്ളാനും അത് സഹിക്കാനും അവരെ ആദ്യം പ്രാപ്തരാക്കണം. രക്ഷിതാക്കൾ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക. ഇത് കുട്ടിയുടെ മനസ്സിനെ ശക്തമാക്കുകയും അവർക്ക് ആത്മവിശ്വസം നൽകുകയും ചെയ്യും. നിങ്ങളുടെ ഇണയെ വിമർശിക്കാതെ കുട്ടികളോട് സത്യസന്ധത പുലർത്തേണ്ടതും അത്യാവശ്യമാണ്. കുട്ടികളെ ആശയക്കുഴപ്പത്തിലാക്കാതെ സംസാരിക്കുക. നിങ്ങളുടെ കുട്ടികളെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളുടെ വികാരം പ്രകടിപ്പിക്കാൻ അവരെ അനുവദിക്കുക, രക്ഷിതാക്കളുടെ വിവാഹ മോചനത്തിൽ അവർക്ക് പറയാനുള്ളത് കൂടി കേൾക്കുക, കുട്ടികളുടെ അഭിപ്രായം ഒരുപക്ഷെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെന്നു വരാം. അവർ പറയുന്നതിനോട് സഹിഷ്ണുത പുലർത്തേണ്ടതും അനിവാര്യമാണ്.

മാതാപിതാക്കളുടെ വേർപിരിയലിന് ഉത്തരാവാദികളാണെന്ന് അവർ സ്വയം കരുതിയേക്കാം. ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ രക്ഷിതാക്കൾ അവരെ സഹായിക്കണം. വേർപിരിയാൻ തീരുമാനിച്ചതിന്റെ കാരണം കുട്ടികളെ ബോധ്യപ്പെടുത്തുക. വേർപിരിയലിനു ശേഷവും രക്ഷിതാക്കൾ അവരെ സ്‌നേഹിക്കുന്നത് തുടരുമെന്ന് ഉറപ്പുനൽകുക. വാക്കുതർക്കങ്ങൾ, ചൂടേറിയ ചർച്ചകൾ, നിയമപരമായ സംഭാഷണങ്ങൾ തുടങ്ങിയവ കുട്ടികൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ താമസവുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളും ഈ സന്ദർഭത്തിലെടുക്കേണ്ടി വരും. മാറ്റങ്ങളെ ഉൾക്കൊള്ളാൻ അവർക്ക് സമയം അനുവദിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടികളുടെ മുന്നിൽവെച്ച് രക്ഷിതാക്കൾ കലഹത്തിൽ ഏർപ്പെടാതിരിക്കുക, രക്ഷിതാക്കളുടെ വാക്കുതർക്കങ്ങൾ കുട്ടികളിൽ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Similar Posts