Health
മുഖവും തിളങ്ങും മുടിയും; കറ്റാര്‍വാഴ എന്ന അത്ഭുതച്ചെടി
Health

മുഖവും തിളങ്ങും മുടിയും; കറ്റാര്‍വാഴ എന്ന അത്ഭുതച്ചെടി

Web Desk
|
22 Dec 2021 8:30 AM GMT

ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചൊറിച്ചില്‍ മാറ്റാനും കറ്റാര്‍വാഴ സഹായിക്കുന്നു.സൂര്യതാപത്തില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും മുടിയുടെ വളര്‍ച്ച സാധ്യമാക്കാനും കറ്റാര്‍വാഴ ഉത്തമമാണ്

കറ്റാര്‍വാഴയുണ്ടെങ്കില്‍ സൗന്ദര്യസംരക്ഷണത്തിന് വേറൊന്നും വേണ്ടെന്നാണ് പറയുന്നത്. യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലാത്ത അത്ഭുതച്ചെടിയാണ് കറ്റാര്‍വാഴ. മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കറ്റാര്‍വാഴ ധൈര്യമായിട്ട് ഉപയോഗിക്കാം. ഒരു കഷ്ണം കറ്റാര്‍വാഴയുണ്ടെങ്കില്‍ മുഖത്തിനും മുടിക്കും അതുമതി. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ചൊറിച്ചില്‍ മാറ്റാനും കറ്റാര്‍വാഴ സഹായിക്കുന്നു.സൂര്യതാപത്തില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും മുടിയുടെ വളര്‍ച്ച സാധ്യമാക്കാനും കറ്റാര്‍വാഴ ഉത്തമമാണ്.

വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാനായി ധാരളം വെള്ളം കുടിക്കുന്നത് പോലെ ചര്‍മത്തിലും ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളം കുടിക്കുന്നതോടൊപ്പം മറ്റു ചര്‍മ സംരക്ഷണ മാര്‍ഗങ്ങളും അത്യാവശ്യമാണ്. ചര്‍മത്തിലെ ജലാംശം നഷ്ടമാകുന്നത് വരള്‍ച്ചയ്ക്കും മൃദുത്വം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

കറ്റാര്‍വാഴ മോയിസ്ച്യൂറൈസറുകളും ഹൈഡ്രേഷന്‍ ജെല്ലും പുരട്ടുന്നത് ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. അമിതമായ ചൂട് കൊണ്ടുള്ള അസ്വസ്ഥത, പാടുകള്‍, ചര്‍മത്തിന്റെ വരള്‍ച്ച, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴയുടെ കൂളിങ് ഫാക്ടര്‍ സഹായിക്കുന്നു.

ഏതു തരം ചര്‍മത്തിനും കറ്റാര്‍ വാഴ അനുയോജ്യമാണ്. അതു കൊണ്ടാണ് സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കറ്റാര്‍ വാഴ പ്രധാന ഘടകമാകുന്നത്. വരണ്ടതോ എണ്ണമയമുള്ളതോ സെന്‍സിറ്റീവോ ആയ ഏതുതരം ചര്‍മത്തിന്റെയും സംരക്ഷണത്തിന് കറ്റാര്‍വാഴ ഉപയോഗിക്കാം. വരള്‍ച്ച, സൂര്യതാപം, കരുവാളിപ്പ്, മുഖക്കുരു, പിഗ്മെന്റേഷന്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളെ കറ്റാര്‍ വാഴ നേരിടുന്നു. പ്രകൃതി ദത്തമോ അല്ലാത്തതോ ആയ വസ്തുക്കള്‍ യോജിപ്പിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.

വളരെ എളുപ്പം ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് കറ്റാര്‍ വാഴയുടെ മറ്റൊരു സവിശേഷത. കറ്റാര്‍വാഴ നീരെടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതു മുതല്‍ ഫെയ്‌സ് പാക്കുകളോ ഹെയര്‍ പാക്കുകളോ ഉണ്ടാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

മുടി വളരാന്‍ എണ്ണകാച്ചി തലയില്‍ പുരട്ടുന്നത് നല്ലതാണ്. തലയിലെ താരന്‍, ചൊറിച്ചില്‍, മുടികൊഴിച്ചില്‍ എന്നിവക്കും കറ്റാര്‍വാഴ നല്ലൊരു മരുന്നാണ്. നല്ല ഉറക്കം കിട്ടാനും വയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍വാഴയുടെ ദ്രവം ഉപയോഗിച്ചുവരുന്നു.

കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം കുഴിനഖം മാറാന്‍ ഉത്തമമാണ്. കറ്റാര്‍വാഴ നീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് കഴിക്കുന്നത് അസ്ഥിസ്രാവത്തിന് ഉത്തമമാണ്.ആയുര്‍വേദ വിധി പ്രകാരം സ്ത്രീരോഗങ്ങള്‍ക്ക് പലതിനും പരിഹാരമാണ് കറ്റാര്‍വാഴ. ഇലയില്‍ ധാരാളം ജലം അടങ്ങിയതിനാല്‍ ഒട്ടേറെ ത്വക്ക് രോഗങ്ങള്‍ക്ക് ഔഷധമാണിത്.വളരെ ലളിതമായി ഇതെല്ലാം സാധ്യമാകുന്നു എന്നതിനാല്‍ തിരക്കേറിയ ജീവിതത്തില്‍ കറ്റാര്‍വാഴ അധിക സമയം ചെലവാക്കാതെ ഉപയോഗിക്കാം.

Related Tags :
Similar Posts