ബാത്ത്‌റൂമിലേക്ക് സ്ഥിരമായി ഫോൺ കൊണ്ടുപോകുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം, അസുഖങ്ങൾ പലതും പതിയിരിപ്പുണ്ട്
|ഈ ശീലം പൈൽസും മലബന്ധവും ഉൾപ്പെടെയുള്ള രോഗങ്ങൾക്കു കാരണമാകുമെന്ന് ഏറ്റവും പുതിയ പഠനം
ബാത്ത്‌റൂമിലേക്ക് സ്ഥിരമായി ഫോൺ കൊണ്ടു പോകുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണമെന്താണെന്നല്ലേ? പറയാം.
ബാത്ത്‌റൂമിൽ ഫോണുമായി ധാരാളം സമയം ചെലവഴിക്കുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. അതു തന്നെയാണ് ഇപ്പോഴും ചർച്ചയാകുന്നതും. അത്രകണ്ട് നല്ലതല്ലാത്ത ഈ ശീലം രക്തക്കുഴലുകളിൽ അമിതമായ സമ്മർദ്ദത്തിന് കാരണമാകുമെന്നും ഇത് പൈൽസും മലബന്ധവും ഉൾപ്പെടെയുള്ള രോഗങ്ങൾക്കു കാരണമാകുമെന്നുമാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. പൈൽസ് അഥവാ മൂലക്കുരു ബാധിച്ചിട്ടുള്ള പലരും ടോയ്‌ലറ്റിൽ 30-45 മിനിറ്റ് വരെ ചെലവഴിക്കുന്നവരാണ്.
ഒളിഞ്ഞിരിപ്പുണ്ട് മറ്റ് അസുഖങ്ങളും
1) ഫോണുമായി ടോയ്‌ലറ്റ് സീറ്റിൽ കുനിഞ്ഞിരിക്കുന്നത് കഴുത്തുവേദനയ്ക്കും പുറംവേദനയ്ക്കും കാരണമാകും.
2) ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കി സ്‌ക്രീൻ സമയം കൂട്ടുകയും അത് ഭാവിയിൽ വിരസതയിലേക്കും മടിയിലേക്കും നയിക്കുകയും, ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും.
ഇങ്ങനെ ചെയ്താൽ അസുഖങ്ങൾ ഒഴിവാക്കാം
- 10 മിനിറ്റിൽ കൂടുതൽ ടോയ്‌ലറ്റ് സീറ്റിൽ ചിലവഴിക്കരുത്.
- ആരോഗ്യകരമായ മലവിസർജന ശീലം നിലനിർത്താൻ മൊബൈൽ ഫോൺ ശുചിമുറിയിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
- കാൽമുട്ടുകൾ ചെറുതായി ഉയർത്തി ഇരിക്കുന്നത് പോലെയുള്ള നല്ല 'ടോയ്‌ലറ്റ് പോസ്ച്ചർ' നിലനിർത്തുക.
- പാദങ്ങൾ തറയിൽ ഉറപ്പിച്ച് വേണം ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കേണ്ടത്.
- കൈകൾ തുടയിൽ വെച്ച് നിവർന്നോ അധികം വളയാതെയോ ഇരിക്കുക.
- മുന്നോട്ട് ആഞ്ഞും ആയാസപ്പെട്ടും ശ്വാസംപിടിച്ചും ഇരിക്കുന്ന ശീലം ഒഴിവാക്കുക.