മാതളം പോഷകങ്ങളുടെ കലവറ; കൂടുതലായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
|ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്
ഔഷധ ഗുണങ്ങളേറെയുള്ള ഫലമാണ് ഉറുമാൻ പഴം അഥവാ മാതള നാരകം. ചില ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ മാതളം ക്യാൻസറിനെ പോലും ചെറുത്ത് തോൽപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഭക്ഷണത്തിൽ കൂടുലായി ഉൾപ്പെടുത്തുന്നതോടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. സലാഡുകൾ, തൈര്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്‌ക്കൊപ്പം ചേർത്ത് മാതളം കഴിക്കുന്നത് ഉചിതമാണ്.
നാരുകൾ, വിറ്റാമിൻ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് മാതളത്തിൽ അടങ്ങിയിരിക്കുന്നത്. ദഹനം സുഗമമാക്കാനും മലബന്ധം കുറക്കുന്നതിനും മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അൾഷിമേഴ്സ്, പൈൽസ് തുടങ്ങിയ രോഗങ്ങൾ തടയാനും പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം നല്ലതാണെന്നും പറയപ്പെടുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നതിനും ഹൈപ്പർ അസിഡിറ്റി കുറക്കുന്നതിനും മാതളം ഫലപ്രദമാണ്. കൂടാതെ വീക്കം കുറക്കുന്നതിനും കിഡ്‌നി സ്റ്റോണിനെ തടയുന്നതിനും ഇത് സഹായിക്കും.
മാതള നാരകം പതിവായി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ വിശദമായി പരിശോധിക്കാം
1. കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു
ഉറുമാൻ പഴത്തിലെ ആന്റിഓക്സിഡന്റുകളും ഫ്‌ലേവനോയ്ഡുകളും മാതളനാരങ്ങയിൽ ധാരാളമുണ്ട്. ചില ഗവേഷണങ്ങൾ അനുസരിച്ച്, പ്രോസ്റ്റേറ്റ് ക്യാൻസർ, സ്തനാർബുദം, വൻകുടലിലെ കാൻസർ എന്നിവ ഒഴിവാക്കാൻ മാതളം ഫലപ്രദമാണ്. കൂടാതെ, മാതള നാരകം കഴിക്കുന്നത് ആന്തരികാവയവങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സഹായിക്കുമെന്നും പറയപ്പെടുന്നു. ഇതിന്റ ഗുണങ്ങളെ കുറിച്ച് അറിയണമെങ്കിൽ ഇനിയും ഗവേഷണങ്ങൾ അനിവാര്യമാണ്.
2. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടം
ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്സിഡന്റുകൾ. വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാൻ ഇവ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
3. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മാതള നാരകം ഉൾപ്പെടെയുള്ള പോളിഫിനോൾ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതായിരിക്കുമെന്നാണ് പറയപ്പെടുന്നത്. മാതളനാരങ്ങയുടെ സത്ത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ്, ധമനികളിലെ വീക്കം എന്നിവ കുറയ്ക്കുകയും ഹൃദയാഘാതം തടയാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഇത് സഹായിക്കും.
4 കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു
ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ അല്ലെങ്കിൽ ധമനികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന 'മോശം' കൊളസ്‌ട്രോൾ, ഇവയെ പ്രതിരോധിക്കാൻ മാതള നാരകം കഴിക്കുന്നത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് ജ്യൂസാക്കി കുടിക്കുന്നതായിരിക്കും ഉചിതം. ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ അല്ലെങ്കിൽ 'നല്ല' കൊളസ്‌ട്രോളിനെ ഉയർത്താനും ഇതിന് കഴിയും, ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറക്കുന്നു.
5. ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്
രോഗകാരികളായ ബാക്ടീരിയ, ഫംഗസ്, എന്നിവയ്ക്കെതിരായ പ്രതിരോധത്തിൽ മാതള നാരകത്തിലെ ഫൈറ്റോകെമിക്കലുകൾ സഹായിച്ചേക്കാം. അവ നിങ്ങളുടെ വായയുടെ ആരോഗ്യം സംരക്ഷിക്കുമെന്നും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്നും പഠനങ്ങൾ പറയുന്നു.
6. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയാൽ ബാധിക്കുന്ന അസുഖങ്ങളിൽ നിന്ന് നിങ്ങളുടെ തലച്ചോറിന് മാതളനാരകം സംരക്ഷണം നൽകുന്നു. ചില ഗവേഷണങ്ങൾ അനുസരിച്ച്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും മസ്തിഷ്‌ക കോശങ്ങളുടെ നിലനിൽപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗങ്ങളുടെ തുടക്കം തടയാൻ ഇത് സഹായിക്കും.