ദിവസവും രാവിലെ ഒരു ഈത്തപ്പഴം കഴിച്ചു നോക്കൂ; മാറ്റങ്ങൾ ശരിക്കുമറിയാം...
|നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം
ഭൂമിയിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായാണ് ഈന്തപ്പഴത്തെ കണക്കാക്കുന്നത്. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, ഇരുമ്പ്, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പുഷ്ടമാണ് ഈത്തപ്പഴം. ഈന്തപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ചുനോക്കൂ.. ആ ദിവസം മുഴുവൻ പുതുമയുള്ളതും ഊർജ്ജസ്വലവുമാകാൻ ഇത് സഹായിക്കും. ഈന്തപ്പഴത്തിലടങ്ങിയ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. രാവിലെ ഈന്തപ്പഴം കഴിക്കുന്നതിന്റെ അത്ഭുതകരമായ അഞ്ച് ഗുണങ്ങൾ ഇതാ:
ദിവസം മുഴുവൻ പോഷകസമ്പന്നം
അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. നാരുകൾ, വിറ്റാമിനുകൾ, ബി-കോംപ്ലക്‌സ് വിറ്റാമിനുകൾ), പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ് ഇവ. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ഈ പോഷകങ്ങൾ മുഴുവൻ ശരീരത്തിലെത്താനും ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കും.
നാച്ചുറൽ എനർജി ബൂസ്റ്റ്
ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക സ്രോതസാണ്. ഇത് നിങ്ങളുടെ ഊർജം പെട്ടന്ന് വർധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത് പ്രഭാത ഭക്ഷണത്തിന് മുമ്പോ, വ്യായാമത്തിന് മുമ്പോ കഴിക്കുന്നത് എപ്പോഴും നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. രാവിലെ ഈന്തപ്പഴം കഴിക്കുന്നത് മലബന്ധം തടയാനും ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
ഹൃദയാരോഗ്യത്തിന്
ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ കുറവാണ്. കൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഈന്തപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഭാരം കൂടുന്നത് നിയന്ത്രിക്കുന്നു
രാവിലെ ഒരു ഈത്തപ്പഴം കഴിക്കുന്നത് വയറു നിറഞ്ഞ തോന്നൽ തരും. സ്ഥിരമായി ഈത്തപ്പഴം കഴിക്കുന്നവർക്ക് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കുറക്കും. കൂടാതെ രാവിലെ ഈത്തപ്പഴം കഴിക്കുന്നത് തടി കുറയാൻ സഹായിക്കും.
അതേസമയം, സ്ഥിരമായി മരുന്ന് കഴിക്കുന്നവരും എന്തെങ്കിലും രോഗങ്ങളുള്ളവരും ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിച്ച ശേഷം മാത്രം ഈത്തപ്പഴം രാവിലെ കഴിക്കുന്നതാണ് നല്ലത്.