ശരീരഭാരം കുറക്കണോ? ഈ യോഗാസനങ്ങൾ പതിവാക്കൂ
|പെട്ടന്ന് ശരീരഭാരം കുറയാനുള്ള പല മാർഗങ്ങളും ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും അത്തരം രീതികൾ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്
ശരീരത്തിലെ അധിക കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് യോഗകൾ. കൃത്യമായ സമയം കണ്ടെത്തിയും മനസിനെ പാകപ്പെടുത്തിയും ചെയ്യേണ്ട മാർഗമാണിത്. പെട്ടന്ന് ശരീരഭാരം കുറയാനുള്ള പല മാർഗങ്ങളും ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും അത്തരം രീതികൾ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ശരീരത്തിൽ ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്ന യോഗാ രീതികൾ ദിനം പ്രതി പരിശീലിക്കുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്നു.
ആദ്യ ദിവസങ്ങളിൽ വളരെ അധികം ബുദ്ധിമുട്ടായിരിക്കുമെങ്കിലും എന്നാൽ ദിവസങ്ങൾക്ക് ശേഷം ശരീരത്തിൽ അതിന്റെ സ്വാധീനം നല്ല രീതിയിൽ അനുഭവിക്കാൻ കഴിയുകയും ചെയ്യുന്നു. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് യോഗ പൊസിഷനുകൾ ഇതാ
ധനുരാസന
കുറച്ച് ബുദ്ധിമുട്ടുള്ള യോഗാസനമാണ് ധനുരാസന. എന്നാൽവയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ യോഗാസനമായി കണക്കാക്കപ്പെടുന്നതും ധനുരാസനയാണ്. പേരിൽ സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ കൈകളും കാലുകളും വില്ലിന്റെയോ ധനുഷിന്റെയോ രൂപത്തിൽ നീട്ടി നിങ്ങളുടെ ശരീരത്തെ സന്തുലിതമാക്കുകയാണ് ചെയ്യേണ്ടത്.
നൗകാസ
പേരിലെ നൗക പോലെ ശരീരത്തിനെ ബോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
ഭുജംഗാസന
ഭുജംഗാസന ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഉദരഭാഗത്തെയാണ്. കൈപ്പത്തികൾ നിലത്ത് അമർത്തിവെച്ച് കമിഴ്ന്നു കിടക്കുക. കാലുകൾ ചേർത്തിവെച്ച് കാൽവിരലുകൾ പുറത്തേക്ക് തള്ളി വയ്ക്കുക. കൈകൾ തോളിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക. ശ്വാസം വലിച്ചു കൊണ്ട് പൊക്കിൾ വരെ ഉയർത്തി തല ഉയർത്തി മുകളിലേക്ക് നോക്കുക. കുറച്ചുനേരം അങ്ങനെ അതേ രീതിയിൽ നിന്ന് ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
ഉസ്ട്രാസന
മറ്റു യോഗാ ക്രമങ്ങൾ വയറിലെ കൊഴുപ്പ് കുറക്കാനും നട്ടെല്ലിനെ ശക്തിപ്പെടുത്താനുമുള്ളതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായതാണ് ഒട്ടക പോസ് എന്നറിയപ്പെടുന്ന ഉസ്ട്രാസന. കൈകാലുകൾ പിന്നിലേക്ക് വെച്ച് ശരീരം വളഞ്ഞ രീതിയിലാക്കുന്ന രീതിയായതു കൊണ്ടാണ് ഒട്ടക പോസ് എന്നറിയപ്പെടുന്നത്. മൈഗ്രേൻ, ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യഗുണങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നു.
കുംഭകാസന
നിലത്തു തൊടാതെ ശരീരം മുഴുവൻ കൈത്തണ്ടയിലും കാൽവിരലിലും ക്രമീകരിക്കണം. ശരീരം മുഴുവൻ നിലത്തേക്കാൾ ഉയരത്തിലായിരിക്കണം. വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിൽ ഈ പോസ് വളരെ അധികം ഗുണം ചെയ്യുന്നു. ഇത് അമിതവണ്ണം കുറച്ച് കുടവയർ ആലില വയറാക്കുന്നു.
ഏക പാദ അധോ മുഖ സ്വനാസന
താഴേയ്ക്ക് അഭിമുഖീകരിക്കുന്ന രീതിയിലുള്ള ഈ പോസ് വയറിലെ കൊഴുപ്പ് കുറക്കാൻ മാത്രമല്ല ശരീരത്തിലെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ഫലപ്രദമാണ്. ഇത് ചെയ്യാൻ വളരെ എളുപ്പമാണ്. താഴേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ ശരീരം കൈത്തണ്ടയിൽ കേന്ദ്രീകരിച്ച് കാലുകളിലൊന്ന് സാവധാനം ഉയർത്തുകയും ചെയ്യുക.