Health
ആർത്തവം തെറ്റുന്നത് മാത്രമല്ല, ഈ ലക്ഷണങ്ങളും ഗർഭാവസ്ഥയുടേതാകാം; അവഗണിക്കരുത്
Health

ആർത്തവം തെറ്റുന്നത് മാത്രമല്ല, ഈ ലക്ഷണങ്ങളും ഗർഭാവസ്ഥയുടേതാകാം; അവഗണിക്കരുത്

Web Desk
|
16 Dec 2022 2:33 PM GMT

ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾ അവഗണിക്കാറുണ്ട്

ഓക്കാനം, ആർത്തവം ക്രമംതെറ്റുക തുടങ്ങിയവയാണ് ഗർഭധാരണ ലക്ഷണങ്ങളിൽ പ്രധാനമായി കണക്കാക്കപ്പെടുന്നത്. വിവിധ മരുന്നുകൾ (ഗര്ഭനിരോധന ഗുളികകൾ പോലുള്ളവ), അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്), അനിയന്ത്രിതമായ പ്രമേഹം, അല്ലെങ്കിൽ ഭക്ഷണ ക്രമക്കേട് എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഒരു സ്ത്രീക്ക് ക്രമരഹിതമായ ആർത്തവം അനുഭവപ്പെടാൻ ഇടയാക്കും. അതിനാൽ ഇവയ്ക്ക് പുറമേ ശരീരം കാട്ടിത്തരുന്ന ഗർഭാവസ്ഥയുടെ അധിക ലക്ഷണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾ അവഗണിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ചില അസാധാരണമായ ഗർഭധാരണ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ:-

ശരീരത്തിലെ അമിതമായ ചൂട്

രണ്ടാഴ്ചയെങ്കിലും നിങ്ങൾക്ക് തുടർച്ചയായി ശരീരത്തിൽ ചൂട് അനുഭവപ്പെടുകയാണെങ്കിൽ അത് ഗർഭത്തിൻറെ ആദ്യകാല ലക്ഷണമായിരിക്കാം. അണ്ഡോത്പാദനത്തെ തുടർന്ന് ശരീര താപനിലയിലെ വർദ്ധനവിന് ഇടയാക്കും. കുഞ്ഞിന് വളരുന്തോറും കൂടുതൽ ഊർജ്ജം ആവശ്യമായി വരും. അതിനാൽ ഗർഭാവസ്ഥയിൽ ശരീരം അമിതമായി ചൂടാകാനും സാധ്യതയുണ്ട്. ചൂടുള്ള ചർമ്മം, തലകറക്കം, തലവേദന എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാകാം.

വയറിലെ വീക്കം

ആദ്യത്തെ ഏഴ് ദിവസങ്ങളിൽ കാണപ്പെടുന്ന മറ്റൊരു ആദ്യകാല ഗർഭാവസ്ഥയുടെ അടയാളമാണ് വയറുവീർക്കൽ. ഇത് രണ്ടാഴ്ചയോളം നീണ്ടുനിന്നേക്കാം. ഗർഭാശയ വികസനത്തോടുള്ള ശരീരത്തിന്റെ പ്രതികരണവും തത്ഫലമായുണ്ടാകുന്ന രക്തയോട്ടം വർദ്ധിക്കുന്നതുമാണ് വയറ് വീർക്കുന്നതിന് കാരണമാകുന്നത്. ഈ വീർപ്പുമുട്ടൽ സാധാരണ ആർത്തവ വേദനയായി സ്ത്രീകൾ തെറ്റിദ്ധരിക്കുകയാണ് പതിവ്.

ഭക്ഷണങ്ങളോടുള്ള വെറുപ്പ്

ചില പ്രത്യേക ഭക്ഷണങ്ങളുടെ രുചിയും മണവും അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? ഹോർമോണുകളിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമാകുന്നത്.

തലകറക്കം

ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ രക്തസമ്മർദ്ദം കുറഞ്ഞേക്കാം. ഗർഭാശയത്തിലേക്ക് കൂടുതൽ രക്തം ഒഴുകാൻ രക്തക്കുഴലുകൾ വിശാലമാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ക്ഷീണം, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, സമ്മർദ്ദം എന്നിവയാൽ തലകറക്കം ഉണ്ടാകുന്നത് സാധാരണമാണ്. ഇത് കുറഞ്ഞ രക്തസമ്മർദ്ദം മൂലവും ഉണ്ടാകാം.

വെജൈനൽ ഡിസ്ചാർജ്

ആർത്തവചക്രത്തിലെ വിവിധ സമയങ്ങളിൽ യോനിയിൽ നിന്ന് സ്രാവമുണ്ടാകുന്നത് സാധാരണമാണ്. ഗർഭകാലത്ത് തെളിഞ്ഞതോ വെളുത്തതോ ഒട്ടിപ്പിടിക്കുന്നതോ ആയ സ്രവമുണ്ടാകുന്നത് സാധാരണമാണ്. ഇത് ഗർഭാവസ്ഥയുടെ ആദ്യകാല സൂചകമായിരിക്കാം. എന്നാൽ, ചൊറിച്ചിലോ അസ്വസ്ഥതയോ വേദനയോ ഉണ്ടാവുകയോ ദുർഗന്ധം വമിക്കുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

വിട്ടുമാറാത്ത ക്ഷീണം

നിങ്ങൾക്ക് പതിവായി ക്ഷീണം അനുഭവപ്പെടുന്നതിനൊപ്പം മാനസികാവസ്ഥയിലും മാറ്റമുണ്ടായേക്കാം. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം പതിവിലും കൂടുതൽ പ്രൊജസ്ട്രോൺ ഉത്പാദിപ്പിക്കുന്നതാൻ ഇതിന് കാരണം.

ദഹനപ്രശ്‌നങ്ങൾ

ഗർഭാവസ്ഥയിൽ സ്ത്രീകൾ ദഹനപ്രശ്‌നങ്ങൾ അനുഭവിക്കുന്നത് സാധാരണമാണ്. ഹോർമോൺ വ്യതിയാനങ്ങൾ വയറിളക്കത്തിന് കാരണമാവുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യും. ഇവിടെ ഭക്ഷണക്രമവും പ്രധാനമാണ്. എരിവുള്ളതും നാരുകൾ അടങ്ങിയതും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

സ്‌തനങ്ങളിലുണ്ടാകുന്ന മാറ്റം

ഗർഭാവസ്ഥയുടെ ആദ്യ രണ്ടാഴ്ചകളിൽ സ്തനങ്ങൾ കൂടുതൽ സെൻസിറ്റീവ് ആകുന്നത് സാധാരണമാണ്. കൂടുതൽ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും സ്തന ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും മുലയൂട്ടലിനായി അവയെ തയ്യാറാക്കുകയും ചെയ്യുന്നതിനാലാണിത്. ജനനത്തിനു ശേഷം കുഞ്ഞിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്തനഗ്രന്ഥികൾ വികസിക്കാൻ തുടങ്ങുമ്പോൾ, സ്തനത്തിന്റെ അളവിലും വർദ്ധനവ് സംഭവിക്കുന്നു.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ

ശരീരത്തിലുടനീളമുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് വൃക്കകൾ തുടർച്ചയായി പ്രവർത്തിക്കുന്നത് മൂത്രത്തിന്റെ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. വളരുന്ന ശിശുവിന് പോഷകങ്ങൾ വേഗത്തിൽ നൽകാൻ ഇത് സഹായിക്കും. ഇതിന്റെ ഫലമായാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്.

ഗർഭിണിയാകാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടെങ്കിലോ അല്ലെങ്കിൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലോ ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് ഗുണകരമായിരിക്കും.

Similar Posts