Health
ശരിക്കും പൗഡർ ഇട്ടാൽ ചൂടുകുരു മാറുമോ? ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുക
Health

ശരിക്കും പൗഡർ ഇട്ടാൽ ചൂടുകുരു മാറുമോ? ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുക

Web Desk
|
22 March 2022 2:06 AM GMT

ചർമ്മത്തിലെ വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്

വേനൽക്കാലമായി...പ്രിക്ക്ലി ഹീറ്റ് പൗഡറിന്‍റെ പരസ്യങ്ങൾ വന്നു തുടങ്ങി. ഒന്നു വാങ്ങി പരീക്ഷിക്കാത്തവർ ചുരുക്കം. ശരിക്കും പൗഡർ ഇട്ടാൽ ചൂടുകുരു മാറുമോ? നമുക്ക് നോക്കാം. ചർമ്മത്തിലെ വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസം കാരണമാണ് ചൂടുകുരു ഉണ്ടാകുന്നത്. ഈ തടസം മൂലം വിയർപ്പു ഗ്രന്ധിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു. ഇങ്ങനെ തടസം ഉണ്ടാകാൻ കാരണം താഴെ പറയുന്ന വിയർപ്പ് തങ്ങിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളാണ്.

  • അന്തരീക്ഷ ഊഷ്മാവും ആർദ്രതയും കൂടുതലുള്ള കാലാവസ്ഥ
  • ഇറുകിയ വസ്ത്രങ്ങൾ, പ്രത്യേകിച്ച് പോളിസ്റ്റർ വസ്ത്രങ്ങൾ
  • കിടപ്പു രോഗികൾ, കുഞ്ഞുങ്ങൾ - ഇവരിൽ വിയർപ്പു ഗ്രന്ധികുഴലുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ചൂടുകുരു വരാൻ സാധ്യത കൂടുതലാണ്.
  • വിയർപ്പുഗ്രന്ധിക്കുഴലുകളിലുണ്ടാകുന്ന തടസ്സം ചർമ്മത്തിലെ പല തലങ്ങളിൽ സംഭവിക്കാം
  • ഏറ്റവും ഉപരിതലത്തിൽ തടസ്സം നേരിട്ടാൽ മുത്തു (crystal) പോലെ ചെറിയ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു (Miliaria crystallina). സാധാരണ കിടപ്പുരോഗികളിൽ മുതുകിലും മറ്റും ആയാണ് ഇത് കാണപ്പെടുന്നത്. ചൊറിച്ചിൽ ഉണ്ടാകാറില്ല.

കുറച്ചു കൂടി ആഴത്തിൽ തടസം നേരിടുമ്പോഴാണ് സാധാരണയായി കണ്ടു വരുന്ന ചുവന്ന കുരുക്കൾ ഉണ്ടാകുന്നത് (Miliaria rubra). മടക്കുകളിലും വസ്ത്രങ്ങൾ ഉരസുന്ന ഇടങ്ങളിലും സാധാരണയായി കണ്ടു വരുന്ന ഇത്തരം ചൂടുകുരുവിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. മുള്ള്/സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള തോന്നലിൽ നിന്നാണ് പ്രിക്ക്ലി ഹീറ്റ് (Prickly heat) എന്ന പേര് വന്നത്. ഇനിയും ആഴത്തിൽ തടസം സംഭവിച്ചാൽ കൂടുതൽ തടിപ്പുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു (Miliaria profunda). ചുരുക്കം ചില സാഹചര്യങ്ങളിൽ ചൂടുകുരുവിൽ അണുബാധയുണ്ടായി പഴുപ്പും വേദനയും അനുഭവപ്പെടാമെങ്കിലും സാധാരണ ചെറിയ മൊരിച്ചിലോടു കൂടി കുരുക്കൾ ചികിത്സ കൂടാതെ തന്നെ ഭേദമാകുകയാണ് പതിവ്.

മറ്റു വേനൽക്കാല ചർമരോഗങ്ങള്‍

സൂര്യതാപം (sun burn)

വെയിലേറ്റ ഭാഗങ്ങളില്‍ നീറ്റലും പുകച്ചിലും ഒപ്പം പൊള്ളിയ പോലെയുള്ള പാടുകളും കാണാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ പാടുകൾ പൊളിഞ്ഞിളകി പോയി ക്രമേണ ചര്‍മ്മം പഴയപടി ആയിത്തീരും.

സൂര്യപ്രകാശത്തോടുള്ള അലർജി

ചൂടുകാലത്തു ഉണ്ടാകുന്ന മറ്റൊരു ചർമ്മ പ്രശ്നമാണ് സൂര്യപ്രകാശത്തോടുള്ള അലർജി അഥവാ ഫോട്ടോഡെർമടൈറ്റിസ് (Photodermatitis). സൂര്യപ്രകാശം ഏൽകുന്ന ശരീരഭാഗങ്ങളിൽ (മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം) ചുവപ്പ്, മൊരിച്ചിലോടു (scaling) കൂടിയ പാടുകൾ, ചൊറിച്ചിൽ , എന്നീ ലക്ഷണങ്ങൾ കാണുന്നു.

വെയിൽ കൂടുതൽ ഉള്ള രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വസ്ത്രങ്ങൾ, കുട, തൊപ്പി മുതലായവ ഉപയോഗിച്ച് ചർമ്മത്തിൽ പരമാവധി വെയിലേൽക്കാതെ സൂക്ഷിക്കുകയും സൺസ്‌ക്രീൻ ഉപയോഗിക്കുകയും ചെയ്യുന്നത് വഴി മേൽപ്പറഞ്ഞ രണ്ടു അവസ്ഥകളെയും ഒരു പരിധി വരെ തടയാം.

ചൂടുകുരുവിനെ എങ്ങനെ നേരിടാം?

  • അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക എന്നതാണ് പ്രധാനം.
  • അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • എസി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷോഷ്മാവ് ക്രമീകരിക്കുക.
  • ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക
  • ലേപനങ്ങൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക.
  • അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.

വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ച ശേഷവും ചൂടുകുരു മാറുന്നില്ലെങ്കിലോ; വേദന, പഴുപ്പ് തുടങ്ങി അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിലോ ഒരു ത്വക് രോഗ വിദഗ്ധനെ സമീപിക്കുക.

പൗഡർ ഇട്ടതു കൊണ്ടു ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല. മാത്രമല്ല, ചിലപ്പോൾ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസം സൃഷ്ടിച്ചു, അവസ്ഥ കൂടുതൽ മോശമാകാം. മറിച്ചു, പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.

കടപ്പാട്: ഡോ.അശ്വിനി. ആര്‍(ഇൻഫോ ക്ലിനിക്)

Similar Posts