മരുന്നുകളിലെ വ്യാജന്മാര്‍ ഇനി ക്യു ആർ കോഡില്‍ കുടുങ്ങും; 'ട്രാക്ക് ആൻഡ് ട്രേസ്' സംവിധാനം ഉടൻ
|ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകൾക്കായിരിക്കും പ്രധാനമായും ഈ സംവിധാനം നടപ്പാക്കുക
ന്യൂഡൽഹി: ഇന്ന് വിപണിയിൽ കിട്ടാത്ത മരുന്നുകളില്ല. ആയിരക്കണക്കിന് ഫാർമ കമ്പനികളാണ് വിപണയിൽ സജീവമായിട്ടുള്ളത്. നമ്മൾ കഴിക്കുന്ന മരുന്ന് സുരക്ഷിതമാണോ അല്ലയോ എന്ന ചിന്ത ഒരിക്കലെങ്കിലും മനസിലേക്ക് എത്താവരും കുറവായിരിക്കും. പല മരുന്നുകൾക്കും വ്യാജൻ ഇറങ്ങുന്ന സംഭവങ്ങളും നിരവധിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ കണ്ടെത്താനുള്ള ക്യുആർ കോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകൾക്കായിരിക്കും പ്രധാനമായും ഈ സംവിധാനം നടപ്പാക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 300 മരുന്നുകളുടെ 'പ്രൈമറി' പാക്കേജിംഗ് ലേബലുകളിൽ ബാർകോഡുകളോ ക്യുആർ കോഡുകളോ പതിപ്പിക്കും. മരുന്നുകളുടെ കുപ്പി,ജാർ,ട്യൂബ് പോലുള്ളവയിലായിരിക്കും ആദ്യം ക്യുആർകോഡ് പതിപ്പിക്കുക.
വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ആൻറിബയോട്ടിക്കുകൾ, കാർഡിയാക്, വേദനസംഹാരികൾ, ഒരു സ്ട്രിപ്പിന് 100 രൂപയ്ക്ക് മുകളിൽ വിലയുള്ള അലർജി പ്രതിരോധ മരുന്നുകൾ എന്നിവയായിരിക്കും പ്രാഥമിക ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മരുന്നുകളുടെ പാക്കേജ് ലേബലുകളിൽ ബാർകോഡുകളോ ക്യുആർ കോഡുകളോ ഘടിപ്പിക്കാൻ ഫാർമ കമ്പനികളോട് കേന്ദ്രം ജൂണിൽ അഭ്യർത്ഥിച്ചിരുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ മന്ത്രാലയം വികസിപ്പിച്ച ഒരു പോർട്ടലിൽ യുണീക് ഐഡി കോഡ് നൽകി മരുന്നിന്റെ യഥാർത്ഥത പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. പിന്നീട് മൊബൈൽ ഫോണോ ടെക്സ്റ്റ് സന്ദേശമോ ഉപയോഗിച്ച് അത് ട്രാക്കുചെയ്യാനും കഴിയും.
അതേസമയം, ഈ സംവിധാനം നടപ്പാക്കുമ്പോൾ ചെലവ് 3-4 ശതമാനം വർധിക്കുമെന്ന് ഫാർമവ്യവസായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 10 ശതമാനം മെഡിക്കൽ ഉൽപ്പന്നങ്ങളും നിലവാരമില്ലാത്തതോ വ്യാജമോ ആണെന്നാണ് ലോകാരോഗ്യസംഘടനയും അഭിപ്രായപ്പെട്ടിട്ടുണ്ട്.