എപ്പോഴും വിശപ്പ് തോന്നുണ്ടോ? കാരണങ്ങൾ ഇവയാകാം...
|ദീർഘസമയം വ്യായാമം ചെയ്യുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിശപ്പ് കൂടാന്‍ സാധ്യതയുണ്ട്
വിശപ്പ് തോന്നാത്ത മനുഷ്യർ ആരുമുണ്ടാകില്ല. 'മനുഷ്യൻ എന്തും സഹിക്കും, വിശപ്പൊഴിച്ച്..ഗതികെട്ടാല്‍ പുലി പുല്ലും തിന്നും ' എന്നൊക്കെ പറയുന്നത് വെറുതെയല്ല. നന്നായി വിശന്നിരിക്കുമ്പോൾ എന്തുകിട്ടിയാലും അതിന് പ്രത്യേക രുചി തന്നെയായിരിക്കും.. കൃത്യമായ ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ ചിലരുണ്ട്, ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിയുമ്പോഴേക്കും അവർക്ക് വിശക്കാൻ തുടങ്ങും. നിനക്കെന്താ വിശപ്പിന്റെ അസുഖമുണ്ടോ എന്ന് ചോദിച്ച് കളിയാക്കാറുണ്ടെങ്കിലും അതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളെക്കുറിച്ച് അറിയാം...
ഉറക്കമില്ലായ്മ
മതിയായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. തലച്ചോറിന്റെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും ശരിയായ പ്രവർത്തനത്തിന് ഉറക്കം ആവശ്യമാണ്. കൂടാതെ, ആവശ്യത്തിന് ഉറങ്ങുന്നത് വിശപ്പ് ഉത്തേജിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. വേണ്ടത്ര ഉറക്കമില്ലാതാകുമ്പോൾ ഗ്രെലിൻ കൂടാനും ഇതുവഴി വിശപ്പ് അനുഭവപ്പെടുകയും ചെയ്യുമെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. 8 മണിക്കൂർ ഉറങ്ങിയവരിലും ഒരു രാത്രിമുഴുവൻ ഉറങ്ങാതിരുന്നവരിലും നടത്തിയ ഗവേഷണത്തിന് ഇക്കാര്യം പറയുന്നത്. ഉറക്കം കുറഞ്ഞവർക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് കൂടുതൽ വിശക്കുന്നതായി കണ്ടെത്തിയെന്നും ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ രാത്രിയിലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും തടസ്സമില്ലാതെ ഉറങ്ങാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. വെള്ളം ചർമ്മത്തെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണമാകും. ചിലപ്പോൾ ദാഹവും വിശപ്പാണെന്ന് തെറ്റിദ്ധരിക്കാനും ഇടയുണ്ട്. ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ധാരാളം ജലാംശമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഏറെ ഗുണം ചെയ്യും.
അമിത വ്യായാമം
സ്ഥിരമായി ഏറെ സമയം വ്യായാമം ചെയ്യുന്ന വ്യക്തികളിൽ ധാരാളം കലോറികൾ എരിച്ചുകളയപ്പെടും. സ്ഥിരമായി കഠിനാധ്വാനം ചെയ്യുന്നവർക്ക് വേഗത്തിൽ മെറ്റബോളിസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് . വിശപ്പ് ഇല്ലാതാക്കാൻ വ്യായാമം പ്രയോജനകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ കഠിനവും ദീർഘസമയം വ്യായാമം ചെയ്യുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വിശപ്പ് കൂടാനും സാധ്യതയുണ്ട്. വ്യായാമത്തിനായി ചെലവഴിക്കുന്ന സമയം വെട്ടിക്കുറയ്ക്കുകയോ വർക്ക്ഔട്ടുകളുടെ തീവ്രത കുറയ്ക്കുകയോ ചെയ്യുക എന്നതാണ് ഇതിനുള്ള ഒരു പരിഹാരം.
അമിത മദ്യപാനം
മദ്യം കഴിക്കുന്നവരിൽ വിശപ്പ് കൂടുതൽ അനുഭവപ്പെടും. ലെപ്റ്റിൻ പോലുള്ള വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളെ മദ്യം തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പോ ശേഷമോ മദ്യം കഴിക്കുമ്പോൾ.മദ്യം വിശപ്പുണ്ടാക്കുക മാത്രമല്ല, നിങ്ങളുടെ തലച്ചോറിന്റെ വിവേചനാധികാരത്തെയും ആത്മനിയന്ത്രണത്തെയും നിയന്ത്രിക്കുന്ന ഭാഗത്തെ തകരാറിലാക്കുകയും ചെയ്യും. ഇതുമൂലം വിശക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങളെ തോന്നിപ്പിച്ചേക്കും.
അമിത സമ്മർദം
അമിത സമ്മർദം വിശപ്പ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിക്കുന്നത് മൂലമാണ് വിശപ്പ് തോന്നുന്നത്. പതിവായി സമ്മർദം അനുഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും വിശക്കുന്നതായി തോന്നും. മാനസിക പിരിമുറുക്കം കുറവുള്ളവരെ അപേക്ഷിച്ച് ഉയർന്ന സ്ട്രെസ് ഉള്ളവർ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.