അസിഡിറ്റി അലട്ടുന്നുണ്ടോ... ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം
|ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണക്രമങ്ങളാണ് പലപ്പോഴും അസിഡിറ്റിയെ വിളിച്ചുവരുത്തുക
എന്തെങ്കിലും കഴിച്ച് കഴിഞ്ഞാലുടൻ തന്നെ നെഞ്ചെരിയുന്ന പോലെ തോന്നുക, വയറിന് അസ്വസ്ഥതകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മിക്കയാളുകളും അനുഭവിച്ചിട്ടുണ്ടാകും. അസിഡിറ്റി പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളാണിവ. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.
തിരക്കിട്ട ദിവസങ്ങൾക്കിടെ ഭക്ഷണം ചിലപ്പോൾ മനപ്പൂർവം നാം വിട്ടുകളയാറുണ്ട്. പ്രത്യേകിച്ച് പ്രഭാതഭക്ഷണം. ഇങ്ങനെ ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണക്രമങ്ങളാണ് പലപ്പോഴും അസിഡിറ്റിയെ വിളിച്ചുവരുത്തുക. നിരന്തരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ് എന്നിവയും അസിഡിറ്റിയുടെ കാരണങ്ങളാണ്.
ചിലർക്ക് ചില ആഹാരങ്ങൾ കഴിക്കുമ്പോൾ മാത്രം അസിഡിറ്റി അനുഭവപ്പെടാറുണ്ട്. എന്താണ് കഴിക്കേണ്ടത്? ഒഴിവാക്കേണ്ട ആഹാരം ഏതാണ്? തുടങ്ങിയ സംശയങ്ങൾ സാധാരണയാണ്. ആമാശയത്തിലെ ആസിഡ് ഉത്പാദനം നിയന്ത്രിക്കുന്നതിന് ശരിയായ ആഹാരം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇന്ന് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ:-
അരിയാഹാരം
വയറ്റിലെ ആവരണത്തിന് എളുപ്പമായതിനാൽ അരി, പാസ്ത തുടങ്ങിയ ആഹാരങ്ങൾ തിരഞ്ഞെടുക്കുന്നത് ഗുണംചെയ്യും. അരിയാഹാരം ദഹിപ്പിക്കാൻ എളുപ്പമാണ്. ദഹിക്കാൻ എളുപ്പമുള്ളതിനാൽ മറ്റ് അസുഖകരമായ ലക്ഷണങ്ങൾ ഇതിലൂടെ ഉണ്ടാകില്ല. പ്രീബയോട്ടിക് ഫൈബറിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാനും അരിയാഹാരം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വാഴപ്പഴം
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായതിനാൽ വാഴപ്പഴം ആസിഡ് ഉൽപാദനം നിലനിർത്താൻ സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സഞ്ചാരം വേഗത്തിലാക്കാൻ സഹായിക്കും.
വെള്ളരി
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് വെള്ളരി. ദിവസവും വെള്ളരിക്ക വെറുതെയോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ കഴിക്കുകയാണെങ്കിൽ അസിഡിറ്റിക്ക് മാത്രമല്ല അൾസർ അടക്കമുള്ള പ്രശ്‌നങ്ങൾക്കും പരിഹാരമാകും.
സബ്ജ വിത്തുകൾ
അസിഡിറ്റി കാരണം എരിവുള്ള ആഹാരം അകറ്റി നിർത്തിയിരിക്കുകയാണോ. ഭക്ഷണത്തിന്റെ കൂട്ടത്തിൽ സബ്ജ വിത്തുകൾ ഉൾപ്പെടുത്തി നോക്കൂ. ജലാംശം നിലനിര്‍ത്താനും ബ്ലോട്ടിംഗ് പോലത്തെ വയറിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും സബ്ജ വിത്തുകള്‍ നല്ലതാണ്. ഭക്ഷണ ആസക്തിയും ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്‌നങ്ങളും കുറയ്ക്കാനും ഇത് സഹായകമാണ്.
പച്ചക്കറികൾ
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതാണ് ഉത്തമം. സങ്കീർണ്ണമായ കാർബോ ഹൈഡ്രേറ്റുകളാലും ദഹിപ്പിക്കാവുന്ന നാരുകളാലും നിറഞ്ഞതാണ് ഇവ. നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ തടയുന്നതിന് ഇത് സഹായകമാകും. അധിക എണ്ണയോ മസാലകളോ ഉപയോഗിച്ച് ഇത്തരം പച്ചക്കറികൾ പാകം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.