Health
ചെള്ളുപനി ചീള് കേസല്ല; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം, അറിയാം പ്രതിരോധ മാർഗങ്ങൾ
Health

ചെള്ളുപനി ചീള് കേസല്ല; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം, അറിയാം പ്രതിരോധ മാർഗങ്ങൾ

Web Desk
|
10 Jun 2022 5:12 AM GMT

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങുന്ന കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്.

വർക്കലയിൽ ചെള്ളുപനി (സ്‌ക്രൈബ് ടൈഫസ്) ബാധിച്ച് പെൺകുട്ടി മരിച്ചതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. ചെള്ളുപനിയെക്കുറിച്ച് എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങുന്ന കരണ്ടുതിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങൾക്ക് ചെള്ളുപനി ബാധിക്കില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത്.

ലക്ഷണങ്ങൾ:

ചെള്ള് കടിയേറ്റ ഭാഗത്ത് കുഴിഞ്ഞ വ്രണം രൂപപ്പെട്ടത് കാണാം. പനി, പേശീവേദന, ചുമ, വയറ്റിലുള്ള അസ്വസ്ഥതകൾ, കരളും മജ്ജയും ചീർത്ത് വലുതാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ മസ്തിഷ്‌ക ജ്വരവും ഉണ്ടാകാം. നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ തേടുകയാണ് രോഗം ഗുരുതരമായി മരണത്തിലേക്ക് പോകാതിരിക്കാനുള്ള മാർഗം.

രോഗനിർണയം:

രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രൈബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാനാവും.

പ്രതിരോധ മാർഗങ്ങൾ:

  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം
  • പുൽച്ചെടികളും മറ്റും വെട്ടി പരിസരം ശുചീകരിക്കണം, എലി നശീകരണ പ്രവർത്തനങ്ങൾ നടത്തണം.
  • പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ചുവന്നതിന് ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
  • അലക്കിയ വസ്ത്രങ്ങൾ നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലങ്ങൾ ഒഴിവാക്കുക.



Similar Posts