Health
തണുപ്പ് കാലമാണ്.. ചുമ കുറയുന്നില്ലേ?
Health

തണുപ്പ് കാലമാണ്.. ചുമ കുറയുന്നില്ലേ?

Web Desk
|
22 Dec 2021 6:21 AM GMT

ചുമ കുറക്കാന്‍ സഹായിക്കുന്ന ചില സ്വയ സംരക്ഷണ മാര്‍ഗങ്ങള്‍

തണുപ്പ് കാലം വരുമ്പോള്‍ ഇടക്കിടെയുള്ള ചുമ സാധാരണയാണ്. എന്നാല്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ ഡോക്ടറുടെ ചികിത്സ അത്യാവശ്യമാണ്. ചുമ വിട്ടുമാറാനും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ചില വീട്ടു ചികിത്സാ മാര്‍ഗങ്ങള്‍.

ആവി പിടിക്കല്‍


ചുമയും കഫക്കെട്ടും കൂറയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ആവിപിടിത്തം. ആവി പിടിക്കുന്നത് ചുമക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ ബാമുകളോ മറ്റ് മരുന്നുകളോ ഉപയോഗിച്ച് ആവി പിടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. തുളസിയില, ഇഞ്ചിപ്പുല്ല്,യൂക്കാലി,പനിക്കൂര്‍ക്ക,രാമച്ചം തുടങ്ങിയവ ഉപയോഗിച്ച് ആവി പിടിക്കുന്നത് ഉത്തമമാണ്.

ചുക്ക്കാപ്പി



ചുമ,പനി,കഫക്കെട്ട് തുടങ്ങിയവ മാറാനുള്ള ഏറ്റവും നല്ല മരുന്നാണ് ചുക്ക്കാപ്പി. പണ്ടു കാലങ്ങളില്‍ ചുക്ക് കാപ്പിയും കുടിച്ച് മൂടി പുതച്ചു കിടന്നാല്‍ പനി പെട്ടന്ന് മാറുമായിരുന്നു. എന്നാല്‍ ഇത്തരം ശീലങ്ങളൊക്കെ മറന്ന നമ്മള്‍ കൊറോണക്കാലത്താണ് ചുക്ക് കാപ്പിയെ ഓര്‍ത്തത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചുമ അകറ്റാനും ചുക്ക് കാപ്പി ഔഷധമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

കുരുമുളക്


കുരുമുളകും കല്‍കണ്ടവും ചേര്‍ത്ത് പല തവണ കഴിച്ചാല്‍ ചുമ ശമിക്കും. കൂടാതെ ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന, ശബ്ദമടപ്പ്, തുടങ്ങിയവക്ക് കൂരുമുളക് കഷായമാക്കി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്.

തിപ്പലി



തിപ്പലിപ്പൊടിയും ഇരട്ടി മധുരവും തുല്യമായ അളവില്‍ എടുക്കുക. അതേ അളവില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുന്നത് ചുമക്ക് ആശ്വാസമാണ്. കൂടാതെ കഫക്കെട്ട്, ആസ്ത്മ, ജലദോഷം തുടങ്ങിയവക്ക് ഏറെ ഉത്തമാമായ ഔഷധമാണ് തിപ്പലി

തേന്‍


ചുമക്കും ജലദോഷത്തിനും തേന്‍ വളരെ ഫലപ്രദമാണ്. അണു ബാധകള്‍ കുറച്ചു കൊണ്ട് വരാന്‍ തേന്‍ സഹായിക്കുന്നു. തേനും നാരങ്ങനീരും ചേര്‍ത്ത് ടോണിക് തയ്യാറാക്കി ഉപയോഗിക്കാം. എന്നാല്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

വെളുത്തുള്ളി


വെളുത്തുള്ളിയില്‍ ആന്റി ഫംഗല്‍, ആന്റി ബാകറ്റീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി തുടങ്ങിയ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിഅല്ലി വറുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമക്ക് ആശ്വാസമാണ്.

തുളസി


തുളസിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും കര്‍പൂരത്തുളസിയില്‍ അടങ്ങിയിരിക്കുന്ന മോന്തോള്‍ എന്ന സംയുക്തം തൊണ്ടയിലെ കഫക്കെട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍


എല്ലാ വീടുകളിലും സര്‍വ സാധാരണയായി കാണുന്ന സുഗന്ധ വ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ശരീരത്തിലെ അണുബാധകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Related Tags :
Similar Posts