അടച്ചുപൂട്ടിയിട്ടും പിടിച്ചുകെട്ടാനായില്ല... പേടിക്കേണ്ടതുണ്ടോ ചൈനയിലെ കോവിഡിനെ?
|2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്
ലോകത്തെ ഭീതിയിലാഴ്ത്തി ചൈനയിലെ കോവിഡ് കേസുകളിലെ കുതിപ്പ് തുടരുകയാണ്. കോവിഡിനെ തടയാൻ ലോകത്തെ ഒരു രാജ്യവും സ്വീകരിക്കാത്ത വഴികളാണ് ചൈന സ്വീകരിച്ചിരുന്നത്. വൈറസിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ രാജ്യം മുഴുവനായി അടച്ചുപൂട്ടിയെങ്കിലും ജനസംഖ്യയുടെ നല്ലൊരു ഭാഗവും കോവിഡിന്റെ പിടിയിലമർന്നത് ചൈനക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,555 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതുവരെ ആകെ 10,088,555 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.
ആശുപത്രികൾ നിറഞ്ഞ് കവിയുകയും പൊതുശ്‌മശാനങ്ങളിലടക്കം മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലാതെ വരികയും ചെയ്യുന്ന അവസ്ഥക്കാണ് ചൈന ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടം ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ജനങ്ങൾ വീർപ്പുമുട്ടുകയും ലോകരാജ്യങ്ങളിൽ നിന്നടക്കം രൂക്ഷ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്‌തതോടെ വിവാദ 'സീറോ കോവിഡ് നയം' പിൻവലിച്ചെങ്കിലും അത് കൂടുതൽ കുഴപ്പത്തിലേക്കാണ് ചൈനയെ കൊണ്ടെത്തിച്ചത്.
സീറോ- കോവിഡ് പാളിയത് എവിടെ?
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കോവിഡിനെതിരെ പോരാടിയത് കൃത്യമായ നിയന്ത്രണങ്ങളിലൂടെയും മാനദണ്ഡങ്ങൾ പാലിച്ചുമാണ്. ഇതിനിടെയാണ് കോവിഡിനെ ഒറ്റയടിക്ക് പൂട്ടാമെന്ന പ്രഖ്യാപനത്തോടെ ചൈന സീറോ കോവിഡ് നയവുമായി രംഗത്തെത്തിയത്. ഏതെങ്കിലും നഗരത്തില്‍ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌താൽ ആ നഗരം മുഴുവനായി അടച്ചുപൂട്ടുന്നതാണ് ചൈനയുടെ സീറോ-കോവിഡ് തന്ത്രം.
എന്നാൽ, കേസ് റിപ്പോർട്ട് ചെയ്‌ത നഗരം മാത്രമല്ല അതിന് തൊട്ടടുത്ത നഗരങ്ങൾ കൂടി അടച്ചുപൂട്ടാൻ ചൈനക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല. സംശയമുള്ളതും ഇല്ലാത്തതുമായ എല്ലാ കേസുകൾക്കും ദീർഘകാല ഐസൊലേഷൻ ബാധകമായിരിക്കും. ലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രികളിൽ നിർബന്ധിത ക്വാറന്റൈനിൽ കഴിയാൻ ജനങ്ങൾ ബാധ്യസ്ഥരായി.
കോവിഡിനെ പിടിച്ചുകെട്ടാൻ ആളുകളെ ഒന്നടങ്കം തടവിലിട്ടപ്പോൾ രാജ്യത്തെ പ്രതിരോധ സംവിധാനം തന്നെയാണ് താറുമാറായത്. നിർബന്ധിത ലോക്ക്ഡൗൺ കാരണം പുറത്തിറങ്ങാനാകാതെ വലിയൊരു വിഭാഗം ജനങ്ങൾക്കും സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെട്ടു എന്നതാണ് യാഥാർഥ്യമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അടച്ചുപൂട്ടൽ കാരണം വീർപ്പുമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് സീറോ-കോവിഡ് നിയന്ത്രണം ഒറ്റയടിക്ക് എടുത്തുമാറ്റിയതും ചൈനക്ക് വൻ തിരിച്ചടിയായി. തുടർന്ന് കോവിഡ് കേസുകൾ വർധിച്ചുവെന്ന് മാത്രമല്ല രാജ്യത്തെ മരണസംഖ്യയും കൂടിയതായാണ് റിപ്പോർട്ടുകൾ.
വാക്‌സിൻ കൊണ്ട് എന്തുകാര്യം?
3,465,113,661 വാക്‌സിൻ ഡോസുകളാണ് ചൈനയിൽ ഇതുവരെ വിതരണം ചെയ്‌തത്. ലോകത്തെ മറ്റേത് രാജ്യത്തേക്കാളേറെ വാക്‌സിനേഷൻ നടന്നതും ചൈനയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കോവിഡ് വകഭേദമായ ഒമൈക്രോണിന് ചൈനയിൽ അതിവേഗം പിടിമുറുക്കാനായത്? ഈ ചോദ്യവും വിരൽ ചൂണ്ടുന്നത് സീറോ- കോവിഡ് നയത്തിലേക്ക് തന്നെയാണ്. മേൽ പറഞ്ഞത് പോലെ വൈറസിനെതിരായ ജനങ്ങളുടെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടപ്പെട്ടത് തന്നെയാണ് കാരണം. വാക്‌സിന് നൽകാൻ കഴിയുന്ന പ്രതിരോധത്തിന് പരിധിയുണ്ട്. അടച്ചുപൂട്ടിയിട്ട ഒരു ജനവിഭാഗത്തിന് വൈറസിനെതിരെ പൊരുതാൻ കഴിയുന്നതിനും ഇതേ പരിധി തടസമാണ്.
മാത്രമല്ല, കോവിഡിനൊപ്പം ശ്വാസകോശസംബന്ധമായ രോഗങ്ങളടക്കം പിടിപെടുന്നതും ചൈനയിലെ ജനത അതിവേഗം മരണത്തിന് കീഴടങ്ങുന്നതും ഇതേ കാരണം കൊണ്ടുതന്നെ. മാത്രമല്ല, ചൈനയിലെ 80 വയസിന് മുകളിൽ പ്രായമുള്ള ആളുകളിൽ വാക്‌സിൻ എത്തിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിനോവാക് അടക്കമുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ കുറിച്ചും ആരോഗ്യവിദഗ്ധർ ചോദ്യം ഉയർത്തിയിട്ടുണ്ട്.
144 കോടിയാണ് ചൈനയിലെ ആകെ ജനസംഖ്യ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അടുത്ത 90 ദിവസത്തിനുള്ളിൽ ചൈനയിലെ 60 ശതമാനം ജനങ്ങളും കോവിഡിന് കീഴ്‌പ്പെടുമെന്നും നിരവധി മരണങ്ങൾ സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
പേടിക്കേണ്ടതുണ്ടോ...
ചൈനയിലെ കോവിഡ് വ്യാപനം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സീറോ- കോവിഡ് നയം ചൈനയല്ലാതെ മറ്റൊരു രാജ്യത്തും നടപ്പാക്കിയിട്ടില്ല. മറ്റേത് രാജ്യങ്ങളിലും കോവിഡ് വ്യാപനമുണ്ടായാൽ കൃത്യമായ ആസൂത്രണത്തിലൂടെ ജനങ്ങളുടെ സാഹചര്യമടക്കം കണക്കിലെടുത്ത് നിശ്ചിത കാലയളവിനുള്ളിൽ നിയന്ത്രിച്ച് നിർത്തുകയാണ് ചെയ്യുന്നത്. വൈറസിനെ ഒറ്റയടിക്ക് പിടിച്ചുനിർത്താൻ സാധിക്കില്ലെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന് നേരെ മുഖം തിരിച്ചത് കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന മാത്രമാണ്.
കോവിഡ് കേസുകൾ വർധിക്കുന്നുവെങ്കിൽ ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണം നൽകുകയും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ഭൂരിഭാഗം രാജ്യങ്ങളും ചെയ്യുന്നത്. കോവിഡിനൊപ്പം ജീവിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇതിനോടകം കൈവന്നുകഴിഞ്ഞു. ബൂസ്റ്റർ അടക്കമുള്ള വാക്‌സിനുകൾ സ്വീകരിച്ച് പ്രതിരോധശേഷി ഉറപ്പുവരുത്താൻ ജനങ്ങൾ സ്വയം മുന്നോട്ട് വരുന്ന സാഹചര്യവുമുണ്ട്.
അതിനാൽ തന്നെ ചൈനയിലെ നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ല. ആരോഗ്യ വിദഗ്‌ധർ നിരന്തരം ആവർത്തിക്കുന്നത് പോലെ ഭയമല്ല...ജാഗ്രത തന്നെയാണ് വേണ്ടത്.
പുതിയ വകഭേദവും ഇന്ത്യയും
ചൈനയിലെ കോവിഡ് കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കരുതൽ നടപടികൾ ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. പുതിയ വകഭേദങ്ങളുടെ പരിണാമം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ് രാജ്യം. ചൈനയിലെ കോവിഡ് വ്യാപനം പുതിയ വൈറസ് തരംഗങ്ങൾക്ക് കാരണമാകുമെന്ന് സൂചനകളുണ്ടെങ്കിലും അത് വെറും സാധ്യത മാത്രമാണെന്നും യാതൊരു ഉറപ്പുമില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചിട്ടുണ്ട്. അഥവാ അങ്ങനെയൊരു തരംഗം ഉണ്ടാകുകയാണെകിൽ തന്നെ ഇത്തരം തരംഗങ്ങൾ അധികനാൾ നീണ്ടുനിൽക്കില്ലെന്നും ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാലയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ രോഗനിർണയവും വാക്‌സിനേഷനും കാര്യക്ഷമമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൂനാവാല ട്വീറ്റ് ചെയ്തു.
ചൈനയെ കൂടാതെ മറ്റ് പല രാജ്യങ്ങളിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പുതിയ വേരിയന്റുകൾ ഉണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളുടെയും സാംപിളുകൾ അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ജപ്പാൻ,യുഎസ്,ബ്രസീൽ,ചൈന എന്നിവിടങ്ങളിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കാജനകമായതിനാൽ സാംപിളുകളുടെ ജീനോം സീക്വൻസിങ് നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഇൻസാകോഗ് നെറ്റ്‌വർക്കിന് കീഴിലുള്ള ലാബുകളിൽ നടത്തുമെന്നുമാണ് യൂണിയൻ ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച അറിയിച്ചത്.
ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അല്ലെങ്കിൽ ഇന്സാകോഗ്, കോവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50ലധികം ലബോറട്ടറികളുടെ കൂട്ടായ്മയാണ്. പുതിയ വൈറസ് വകഭേദങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കാനും തിരിച്ചറിയാനും എല്ലാ പോസിറ്റീവ് കേസുകളുടെയും സാംപിളുകൾ ലാബുകളിലേക്ക് അയ്ക്കണമെന്നാണ് നിർദേശം. ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം, 2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസിന്റെയും വകഭേദങ്ങളുടെയും പെരുമാറ്റം എങ്ങനെയാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം എന്നത് തന്നെയാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.