ചായ ലൗവേഴ്‌സിനോടാണ്... കടുപ്പം കൂട്ടാൻ കൂടുതൽ നേരം തിളപ്പിക്കുന്നുണ്ടോ? അപകടമാണ്
|ചായ കൂടുതലായി ചൂടാക്കുന്നതോടെ കാന്‍സറിന്റെ മൂലകാരണമായ കാര്‍സിനോജനാകും പുറന്തള്ളപ്പെടുന്നതെന്നും പഠനങ്ങള്‍ പറയുന്നു.
ചായ ഒഴിവാക്കൻ പറ്റാത്തവരാണ് നമ്മളിൽ പലരും. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ കുറഞ്ഞത് നാലോ അതിലധികമോ ഗ്ലാസ് ചായ കുടിക്കുന്നവരാണ് നമ്മൾ. ചിലർക്ക് ചായ കുടിച്ചില്ലെങ്കില്‍ തലവേദന, ക്ഷീണം, ഉന്മേഷക്കുറവൊക്കെയാണ്. എന്നാൽ കഫീൻ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങൾ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുമെന്ന് അടുത്തിടെ ഐ.സി.എം.ആർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാൽ ചായ കൂടുതൽ തിളപ്പിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായക്ക് രുചി വ്യത്യാസം ഉണ്ടാവുകയും ഇത് അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങൾ നഷ്ടമാകാനും കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളുകയും ചെയ്യുന്നു. അധികമായി ചായ തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങൾ കൂടുമെന്നത് തെറ്റായ സന്ദേശമാണ്. ചായ ഉണ്ടാക്കുമ്പോൾ അഞ്ച് മിനിറ്റിൽ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ഓക്സിഡൈസ് ചെയ്യുന്നതിലേക്കാണ് നയിക്കുക. ചായയ്‌ക്ക് ഗുണവും മണവും രുചിയും നൽകുന്നത് പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ്.
ചായ കൂടുതൽ നേരം തിളപ്പിക്കുന്നതുകൊണ്ടുള്ള ദോഷഫലങ്ങൾ
ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കൂടുതൽ നേരം തിളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കുന്നു.
പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കുന്നു.
ഉയർന്ന താപനിലയില്‍ ലാക്ടോസ് പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അമിതമായി തിളപ്പിക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു കാൻസർ ഘടകമാണ്.
അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും, ഇത് ദഹനക്കേടിന് കാരണമായേക്കും.
അമിതമായി ചൂടാക്കുന്നതിലൂടെ അസിഡിറ്റി ഉണ്ടാക്കും. ഇത് വഴി നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ കൂട്ടും