എന്നും ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ? ഓർമയിൽ വയ്ക്കാം ഈ കാര്യങ്ങൾ...
|സോഡിയത്തിന്റെ അമിത ഉപയോഗമാണ് ബിസ്‌ക്കറ്റുകളെ അപകടകാരികളാക്കുന്ന മറ്റൊരു ഘടകം
നാം പോലുമറിയാതെ നമ്മുടെ ജീവിതചര്യയുടെ ഭാഗമായവയാണ് ബിസ്‌ക്കറ്റുകൾ. വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം മാത്രമല്ലാതെ പ്രധാന ഭക്ഷണമായി ബിസ്‌ക്കറ്റ് കഴിക്കുന്നവർ പോലുമുണ്ട്.
എന്നാൽ ബിസ്‌ക്കറ്റിനെ എത്രത്തോളം വിശ്വസിക്കാം? തികച്ചും കംഫർട്ടബിൾ ആയ സ്‌നാക്ക് ആണ് എന്നതിൽ സംശയമില്ലെങ്കിലും ബിസ്‌ക്കറ്റിനെ കണ്ണടച്ച് വിശ്വസിക്കേണ്ട എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ബിസ്‌ക്കറ്റുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന ചേരുവകൾ തന്നെയാണ് ഇതിന് കാരണം. മിക്ക ബിസ്‌ക്കറ്റുകളും പാം ഓയിലിലാണ് നിർമിക്കുന്നത് എന്നത് കൊണ്ടു തന്നെ ചെറുതായെങ്കിലും ഇവ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമായ എണ്ണയായാണ് പാം ഓയിൽ കരുതപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളുടെ കഴിവിനെയും ഇവ നശിപ്പിക്കുന്നു.
സോഡിയത്തിന്റെ അമിത ഉപയോഗമാണ് ബിസ്‌ക്കറ്റുകളെ അപകടകാരികളാക്കുന്ന മറ്റൊരു ഘടകം. 25 ഗ്രാമിന്റെ സ്വീറ്റ് ബിസ്‌ക്കറ്റ് പാക്കിനുള്ളിൽ ശരാശരി 0.4ഗ്രാം ഉപ്പുണ്ടാവും. ഉപ്പ് രക്തസമ്മർദം കൂട്ടുമെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പക്ഷാഘാതത്തിലേക്കും ഹൃദ്രോഗങ്ങൾക്കും ഉപ്പിന്റെ അമിത ഉപയോഗം വഴിവയ്ക്കും.
ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്‌സയാനിയോൾ,ബ്യൂട്ടലേറ്റഡ് ഹൈഡ്രോക്‌സിടൊലുവീൻ എന്നീ പ്രിസവർവേറ്റീവുകളാണ് മിക്ക ബിസ്‌ക്കറ്റുകളും കേടുവരാതിരിക്കാനായി ഉപയോഗിക്കുന്നത്. ഇവ രണ്ടും ശരീരത്തിന് വളരെ അപകടകരമാണ്. ചില ബിസ്‌ക്കറ്റുകളിലുള്ള സോഡിയം ബെൻസോയേറ്റ് ഡിഎൻഎ നശിക്കുന്നതിന് വരെ കാരണമായേക്കാം.
ഇത്രയൊക്കെയാണെങ്കിലും ശരീരത്തിന് ഏറെ ഫലപ്രദമായ പ്രോട്ടീൻ ബിസ്‌ക്കറ്റുകളും മറ്റും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിൽ കുഴപ്പമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. ജങ്ക് ഫൂഡുകളെപ്പോലെ അത്ര അപകടകാരികളല്ലെന്നതിനാൽ ഇവ പെട്ടന്ന് അസുഖങ്ങൾ വിളിച്ചു വരുത്തില്ലത്രേ...