ഹൃദയാഘാതം, ശരീരഭാരം കൂട്ടും..; മുട്ട അമിതമായി കഴിച്ചാലും പ്രശ്‌നമാണ്
|മുട്ടയിൽ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്
അവശ്യ വിറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങളാൽ സമ്പന്നമാണ് മുട്ട. മുട്ട ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇക്കാരണത്താൽ മുട്ട അമിതമായി കഴിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായി മുട്ട കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഡയറ്റീഷ്യനായ റിതു പുരി പറയുന്നു.
ഹൃദയാരോഗ്യത്തെ ബാധിക്കും
മുട്ട അമിതമായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുട്ടയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ ഏകദേശം 180 മില്ലിഗ്രാം കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസം രണ്ടിൽ കൂടുതൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും. കൊളസ്ട്രോൾ കൂടുന്നതിനനുസരിച്ച് ഹൃദയാഘാതം, സ്‌ട്രോക്ക്, ബ്ലോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ മുട്ട കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
ദഹനക്കേട്
മുട്ട അമിതമായി കഴിക്കുന്നത് ദഹനക്കേടിന് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാൻ സമയമെടുക്കും. ഒരു ദിവസം ധാരാളം മുട്ട കഴിച്ചാൽ അത് ദഹന വ്യവസ്ഥയെ തടസപ്പെടുത്തും. ഇനി ഒന്നിൽ കൂടുതൽ മുട്ടകൾ കഴിക്കണമെങ്കിൽ ഒരു സമയത്ത് കഴിക്കുന്നത് ഒഴിവാക്കുക. പകരം, വ്യത്യസ്ത ഭക്ഷണങ്ങൾക്കൊപ്പം പല നേരങ്ങളിലായി കഴിക്കാം. അങ്ങനെയാകുമ്പോൾ അവ ദഹിപ്പിക്കാൻ ശരീരത്തിന് സമയം ലഭിക്കുകയും ചെയ്യുമെന്ന് ഡയറ്റീഷ്യൻ പറയുന്നു.
വയറുവീർക്കൽ
മുട്ട അമിതമായി കഴിക്കുന്നത് വയറു വീർക്കുന്നതിന് കാരണമാകും. പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമാണ് മുട്ട. മുട്ട ദഹിപ്പിക്കുമ്പോൾ ശരീരം ധാരാളം ചൂട് ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. മുട്ട കൂടുതലായി കഴിക്കുന്നത് വഴി വയറുവേദന, ഓക്കാനം, ഗ്യാസ്, ഛർദ്ദി തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മുട്ട കഴിച്ചുകഴിഞ്ഞാൽ ധാരാളം വെള്ളം കുടിക്കുന്നത് ഈ പ്രശ്‌നങ്ങൾ കുറക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ശരീരഭാരം വര്‍ധിപ്പിക്കും
മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. ചെറിയ രീതിയിൽ ഭാരം കുറയ്ക്കാൻ മുട്ട സഹായിക്കുമെങ്കിലുംഅമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ കാരണമാകും. മുട്ടയിൽ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്, അമിതമായി മുട്ട കഴിച്ചാൽ അവ ശരീരഭാരം വർധിപ്പിക്കും.
പ്രമേഹ സാധ്യത വർധിപ്പിക്കും
മുട്ട അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പലർക്കും അറിയില്ല. മുട്ടയിൽ കൊളസ്‌ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അമിതമായി ഇത് കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുന്നു. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും അതുവഴി പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.