എന്തിനും ഏതിനും കെച്ചപ്പോ? പണി വരുന്ന വഴിയറിയില്ല !
|തക്കാളിയല്ലേ, അത് പ്രോസസ് ചെയ്തെടുക്കുന്നതല്ലേ എന്നൊക്കെ സമാധാനിക്കാമെങ്കിലും തക്കാളി കെച്ചപ്പ് ആകുമ്പോൾ അടിമുടി മാറും
മാഗിയോ പിസ്സയോ ചപ്പാത്തിയോ ആകട്ടെ, എന്തിനൊപ്പവും കെച്ചപ്പ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഉടൻ നിർത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. കാരണം, കെച്ചപ്പ് മൂത്രത്തിൽ കല്ലുൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്
തക്കാളിയല്ലേ, അത് പ്രോസസ് ചെയ്തെടുക്കുന്നതല്ലേ എന്നൊക്കെ സമാധാനിക്കാമെങ്കിലും തക്കാളി കെച്ചപ്പ് ആകുമ്പോൾ അടിമുടി മാറും എന്നതാണ് കാരണം. കടകളിലുണ്ടാക്കുന്ന കെച്ചപ്പ് ആണെങ്കിൽ പറയുകയും വേണ്ട. ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, പ്രിസർവേറ്റീവുകൾ, കോൺ സിറപ്പ് എന്നിവയൊക്കെ അടങ്ങിയിരിക്കുന്ന കെച്ചപ്പ് ആരോഗ്യം നശിപ്പിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കെച്ചപ്പിലടങ്ങിയിരിക്കുന്ന കണ്ടെൻസ് ചെയ്ത വിനാഗിരി, ജനിതക മാറ്റം വരുത്തിയ ഒരു തരം ചോളത്തിൽ നിന്നാണുണ്ടാക്കുന്നത്. പ്രാണികളെയും മറ്റ് ജീവികളെയും അകറ്റാൻ ഈ ചോളത്തിൽ അമിതരീതിയിൽ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഇതാണ് കെച്ചപ്പ് അമിതമായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് അനാരോഗ്യമെന്ന് പറയാനുള്ള ഒരു കാരണം.
ടൊമാറ്റോ കോൺസൻഡ്രേറ്റ്
കോൺസൻട്രേറ്റ് ചെയ്ത തക്കാളിയാണ് കെച്ചപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. കോൺസൻഡ്രേറ്റഡ് തക്കാളി എന്ന് പറയുമ്പോൾ പാകം ചെയ്ത തക്കാളി എന്നാണർഥം എന്ന് കരുതിയെങ്കിൽ തെറ്റി. പാകം ചെയ്ത തക്കാളി എന്നത് ശരി തന്നെ, എന്നാൽ എത്രത്തോളം പാകം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനം. തക്കാളിയിലെ കുരുവും തൊലിയും നീക്കം ചെയ്ത് ഏറെ നേരം ഉയർന്ന ചൂടിൽ വേവിക്കുന്നതാണ് രീതി. തക്കാളിയിലുള്ള വിറ്റമിനുകളും മിനറലുകളും ഇത്തരത്തിൽ നഷ്ടപ്പെടുകയും തക്കാളിയിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യും.
ഹൈ ഫ്രക്ടോസ് കോൺ സിറപ്പ്
ഫ്രക്ടോസ് എന്ന പഞ്ചസാര അമിത അളവിലടങ്ങിയ കോൺ സിറപ്പ് കെച്ചപ്പിലെ പ്രധാന ചേരുവയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഇവ, പ്രമേഹം, ഹൃദ്രോഗങ്ങൾ, അമിതവണ്ണം എന്നിവയ്ക്ക് കാരണമാകും.
കെച്ചപ്പ് കൊണ്ടുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. തക്കാളിയിലുള്ള സിട്രിക്, മാലിക് ആസിഡുകളാണ് ഇതിന് കാരണമാകുന്നത്.
തക്കാളിയിലടങ്ങിയിരിക്കുന്ന സൊളാനിൻ എന്ന പദാർഥം കോശങ്ങളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതിന് കാരണമാകുമെന്ന് ഹെൽത്ത് വയർ എന്ന വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ഇത് സന്ധിരോഗങ്ങൾക്ക് കാരണമായേക്കാം. പ്രോസസ്ഡ് ഫൂഡും ഉയർന്ന അളവിലുള്ള ഉപ്പും കാൽസ്യം ശരീരത്തിൽ കാൽസ്യം ആവശ്യത്തിലധികം അടിഞ്ഞുകൂടുന്നതിന് കാരണമാകും എന്നതിനാൽ ഇത് മൂത്രത്തിൽ കല്ലിനും വഴിവയ്ക്കും.