Health
അമ്മ ജോലിക്കാരിയെങ്കില്‍ കുഞ്ഞിന് ഓട്ടിസം വരുമോ?
Health

അമ്മ ജോലിക്കാരിയെങ്കില്‍ കുഞ്ഞിന് ഓട്ടിസം വരുമോ?

Web Desk
|
21 Oct 2022 12:05 PM GMT

ഓട്ടിസത്തിന് പ്രത്യേകിച്ചൊരു കാരണമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്....

കുഞ്ഞുങ്ങള്‍ സംസാരിച്ചുതുടങ്ങാന്‍ ലേറ്റായാല്‍, ചില കുട്ടികള്‍ അങ്ങനെയാണ് സാവധാനം സംസാരിച്ചുതുടങ്ങും എന്ന ചിന്തയില്‍ മുന്നോട്ടു പോകുന്നവരാണ് ചില മാതാപിതാക്കളെങ്കിലും. ചിലരാകട്ടെ സ്പീച്ച് തെറാപ്പിസ്റ്റിനെ പോയി കാണും. പക്ഷേ അതിന് മുമ്പ് കുട്ടിയുടെ കേള്‍വിശക്തി പരിശോധിക്കണമെന്നുമാത്രം. പക്ഷേ പല രക്ഷിതാക്കളും ശ്രദ്ധിക്കാതെ പോകുന്ന കാര്യമുണ്ട്, അത് ഓട്ടിസമാണോ എന്ന് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ട്.

എന്താണ് ഓട്ടിസം?

ഓട്ടിസം എന്ന് പറയുന്നത് ഒരുകൂട്ടം സ്വഭാവ വ്യതിയാനങ്ങളുടെ സമ്മിശ്രമായ ഒരു രോഗാവസ്ഥയാണ്. സാമൂഹികമായി ഇടപെടുന്നതില്‍ കുട്ടിക്ക് വിഷമം ഉണ്ടായിരിക്കുക, സംസാരത്തിലൂടെ ആയാലും ആംഗ്യഭാഷയിലൂടെയായാലും ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടായിരിക്കുക, കൂടാതെ കുട്ടി ഒരേ പ്രവൃത്തിതന്നെ വീണ്ടും വീണ്ടും ചെയ്ത് കൊണ്ടിരിക്കുക എന്നിങ്ങനെയൊക്കെ കാണുകയാണെങ്കില്‍ ശ്രദ്ധിക്കണം. ഇതെല്ലാം ഓട്ടിസത്തിന്‍റെ ലക്ഷണത്തില്‍പെടുന്നതാണ്.


എങ്ങനെ നേരത്തെ കണ്ടുപിടിക്കാം?

ചികിത്സ എപ്പോള്‍ തേടണം?

കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം. മൂന്നുമാസമാകുമ്പോള്‍, ആറുമാസമാകുമ്പോള്‍, ഒരു വയസ്സാകുമ്പോള്‍ കുട്ടികള്‍ എന്തെല്ലാം ചെയ്യും, എങ്ങനെയെല്ലാം പെരുമാറും എന്ന് അമ്മമാര്‍ കൃത്യമായി അറിഞ്ഞുവെക്കണം. മൂന്നുമാസമായ ഒരു കുഞ്ഞ് വെറുതെ ചിരിക്കും, ആറുമാസമായ കുഞ്ഞ് അപരിചിതരെ കാണുമ്പോള്‍ വെറുതെ കരയാന്‍ തുടങ്ങും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന്‍റെ വളര്‍ച്ച കൃത്യമാണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചില കുട്ടികള്‍ക്ക് കാഴ്ചയില്‍ ഓട്ടിസത്തിന്‍റേതായ ഒരു പ്രശ്നവും തോന്നുകയുമില്ല. പക്ഷേ എന്തെങ്കിലും സംശയം തോന്നിയാല്‍ എത്രയും വേഗം കുഞ്ഞിനെ ഒരു ശിശുരോഗവിദഗ്‍ധനെ കാണിക്കുക തന്നെ വേണം.

കൂടാതെ കുട്ടിയുടെ മുഖത്ത് ഭാവവ്യത്യാസങ്ങള്‍ കുറയുക, മുതിര്‍ന്നവരുടെ സ്നേഹവാത്സല്യത്തോടുള്ള പ്രതികരണങ്ങള്‍ കുറയുക, ഒരേ രൂപത്തിലുള്ള പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുക, ഒന്നര വയസ്സാകുമ്പോഴേക്ക് ഒരുവാക്കുപോലും പറഞ്ഞുതുടങ്ങാതിരിക്കുക, ഒരുവയസ്സ് കഴിഞ്ഞിട്ടും മറ്റുകുട്ടികളുടെ കൂടെ കളിക്കാതിരിക്കുക, ഐ കോണ്‍ടാക്ട് കുറവായിരിക്കുക, മനുഷ്യന്മാരെക്കാള്‍ വസ്തുക്കളോട് അടുപ്പം കാണിക്കുക, സാധാരണ കുട്ടികളെ പേടിപ്പിക്കുന്ന സാധനങ്ങളോടോ ജീവികളോടെ ഇവര്‍ക്ക് പേടിയില്ലാതിരിക്കുക, പെട്ടെന്നുള്ള ദേഷ്യം, അപസ്മാരം എന്നിങ്ങനെ കണ്ടാലും ശ്രദ്ധിക്കണം.

എന്തുകൊണ്ട് ഓട്ടിസം വരുന്നു?

കുട്ടികള്‍ ഫോണിന് അഡിക്ടായാല്‍ ഓട്ടിസം വരുമെന്ന് ചിലര്‍ പറയാറുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. കുട്ടികളിലെ ഫോണ്‍ അഡിക്ഷനല്ല ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഓട്ടിസമുള്ള കുട്ടികള്‍ക്ക് ആളുകളുമായി ഇടപഴകാന്‍ താത്പര്യമുണ്ടായിരിക്കില്ല എന്നതിനാല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കാനുള്ള ത്വര കൂടും.

അമ്മ ജോലിക്കാരിയെങ്കില്‍ കുട്ടികള്‍ക്ക് ഓട്ടിസം വരുമെന്നാണ് അടുത്ത വാദം. ജോലിക്കുപോകുന്ന അമ്മമാര്‍ക്ക് കുഞ്ഞുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനോ സംസാരിക്കാനോ പറ്റില്ല എന്നത് ശരി തന്നെ. പലപ്പോഴും മുത്തശ്ശന്മാരെ മുത്തശ്ശിമാരെ വേലക്കാരോ ആയിരിക്കും കുഞ്ഞുങ്ങള്‍ക്കൊപ്പമുണ്ടാകുക. വേലക്കാര്‍ ഇതര ഭാഷ കൈകാര്യം ചെയ്യുന്നവരാകുമ്പോള്‍ കുഞ്ഞുങ്ങളോട് സംസാരിക്കാതിരിക്കാനും സാധ്യതയുണ്ട്. എന്നാലിതൊന്നും ഓട്ടിസത്തിന് കാരണമാകുന്നില്ല.

ഓട്ടിസത്തിന് പ്രത്യേകിച്ചൊരു കാരണമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ചൊരു കാരണമില്ലാത്തതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു മരുന്നുകൊണ്ടുള്ള ചികിത്സയും സാധ്യമല്ല. പക്ഷേ ചികിത്സ തേടുന്നത് കൃത്യമായ ചികിത്സാ സെന്‍ററുകളിലായിരിക്കണം എന്ന് മാത്രം. ഓട്ടിസത്തിന്‍റെ അവസ്ഥകള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. കുട്ടിയുടെ കൃത്യമായ പ്രശ്നം എന്താണെന്ന് മനസ്സിലാക്കി ആ ഭാഗം കൃത്യമാക്കിയെടുക്കാനുള്ള ശ്രമമാണ് ചികിത്സ കൊണ്ട് ഉണ്ടാകേണ്ടത്.


കൂടുതൽ വിവരങ്ങൾക്ക്:

https://www.santhihospital.com/

ഫോൺ: 0495 2280000, മൊബൈൽ : 9605671100


Similar Posts