ഇന്ത്യയിൽനിന്ന് നൂറുകണക്കിന് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാൻ സിംഗപ്പൂർ
|180 ഡോക്ടർമാരെയാണ് ഇന്ത്യയിൽനിന്ന് റിക്രൂട്ട് ചെയ്യുന്നത്
സിംഗപ്പൂർ: മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്ന് നൂറുകണക്കിനു ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാൻ സിംഗപ്പൂർ. 180 ഡോക്ടർമാരെയാണ് ഇന്ത്യയിൽനിന്ന് എത്തിക്കുന്നത്. ജോലിഭാരം കുറയ്ക്കുക, രാജ്യത്തെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് വിദേശത്തുനിന്ന് കൂടുതൽ ഡോക്ടർമാരെ എത്തിക്കുന്നതെന്നാണ് സിംഗപ്പൂർ ഭരണകൂടത്തിന്റെ വിശദീകരണം.
ഈ വർഷം മുതൽ തന്നെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കും. ഒരു വർഷം 60 പേരെയാണ് നിയമിക്കുന്നത്. നിലവിൽ 2024 വരെയാണ് റിക്രൂട്ട്‌മെന്റ്. ഇത് 2025 വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
സിംഗപ്പൂർ പൊതു ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള എം.ഒ.എച്ച് ഹോൾഡിങ്‌സ് ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇന്ത്യയ്ക്കു പുറമെ ആസ്‌ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നും ഡോക്ടർമാരെ നിയമിക്കുന്നത്. മെഡിക്കൽ രജിസ്ട്രഷൻ നിയമം പ്രകാരം പ്രവർത്തിക്കുന്ന മെഡിക്കൽ കേന്ദ്രങ്ങളിൽനിന്ന് ബിരുദം നേടിയ ഉദ്യോഗാർത്ഥികളെയാണ് വിവിധ തസ്തികകളിലേക്ക് പരിഗണിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
എന്നാൽ, ഇന്ത്യൻ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ സിംഗപ്പൂരിൽ വിമർശനം ഉയരുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ആണ് കാരണമായി ഒരു സംഘം ഉയർത്തുന്നത്. വിദേശികളെ നിയമിക്കുന്നതിനു പകരം രാജ്യത്തെ മെഡിക്കൽ സ്‌കൂളുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ കൂടുതൽ റിക്രൂട്ട് ചെയ്യണമെന്നാണ് ആവശ്യം