ദീര്‍ഘനേരം എ.സിയില്‍ ഇരിക്കുന്നവരാണോ? എങ്കില്‍ കാര്യങ്ങള്‍ അത്ര കൂളല്ല
|എ.സികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു
ഓരോ വർഷം ഭൂമിയിലെ താപനില ഉയരുകയാണ്. ഇത്തവണ ഉഷ്ണതരംഗത്തിന്റെ തീവ്രത എല്ലാവരും അനുഭവിക്കുകയും ചെയ്തു.ചൂട് കൂടിയതോടെ എയർകണ്ടീഷണറുകളുടെ വിൽപ്പനയും ഉപയോഗവും വർധിക്കുകയും ചെയ്തു. എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം എസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം. എന്നാൽ ഏറെ നേരെ എ.സിയിൽ ഇരിക്കുന്നത് ശാരീരകവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വരണ്ട ചർമ്മവും കണ്ണുകളും
എയർകണ്ടീഷൻ ചെയ്ത ചുറ്റുപാടുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കുകയും ചർമ്മവും കണ്ണുകളും വരണ്ടതാക്കുകയും ചെയ്യും.ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതുമൂലം ചർമ്മം വരണ്ടുപോകാനും ചൊറിച്ചിലുകൾ ഉണ്ടാക്കാനുംഇടയാക്കും. വേനൽക്കാലത്ത് കണ്ണുകൾ വരണ്ട പോലെയാകുന്നു എന്നത് പലരുടെയും പരാതിയാണ്. ഈർപ്പം കുറയുന്നത് മൂലം കണ്ണിൽ അസ്വസ്ഥത,ചുവപ്പ്,ചൊറിച്ചിൽ തുടങ്ങിയവക്ക് കാരണമാകും.
സന്ധിവേദന
എയർകണ്ടീഷണറുകൾ പുറത്ത് വിടുന്ന തണുത്ത വായു പേശികളും സന്ധികളും ദൃഢമാകാൻ ഇടയാക്കും. വാതരോഗങ്ങൾ ഉള്ളവർക്ക് അവരുടെ അസുഖത്തിന്റെ തീവ്രത വർധിപ്പിക്കാനും കാണമാകും .തണുപ്പ് കൂടുതൽ നേരം ഏൽക്കുന്നത് പേശികളിലേക്കും സന്ധികളിലേക്കും രക്തയോട്ടം കുറയ്ക്കും.ഇത് പേശിവേദനക്കും തരിപ്പ് അനുഭവപ്പെടാനും കാരണമാകും.
അലർജി
എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങൾ എപ്പോഴും അടച്ചിട്ടാകും ഉണ്ടാകുക. ഇത് പൊടി,അലർജിക്ക് കാരണമായ വസ്തുക്കൾ എന്നിവ വര്‍ധിപ്പിക്കും. ആസ്ത്മ അല്ലെങ്കിൽ അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ളവർക്ക് അത് വർധിപ്പിക്കാനും കാരണമാകും.ശരിയായ രീതിയിൽ എ.സി അണുവിമുക്തമാക്കിയില്ലെങ്കിലും ആസ്ത്മ രോഗം വർധിപ്പിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അണുബാധകൾ പെട്ടന്ന് പടരാനും ഇത് കാരണമാകും.ഇത്തരം അണുബാധകൾ തടയാനായി എ.സിയുടെ കേടുപാടുകൾ കൃത്യസമയത്ത് പരിഹരിക്കുക, ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.
തലവേദനയും ക്ഷീണവും
എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ദീർഘനേരം ചെലവഴിക്കുന്നത് തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകും. തണുത്ത വായു രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും തുടർന്ന് തലവേദനയ്ക്കും കാരണമാകുന്നു. കൂടാതെ ക്ഷീണവും മന്ദതയും അനുഭവപ്പെടുകയും ചെയ്യും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ദീർഘനേരം എ.സിയിലിരിക്കാതെ ഇടക്ക് ഇടവേളകളെടുക്കാനായി ശ്രമിക്കുക. സാധ്യമാകുമ്പോഴെല്ലാം ശരീരത്തെ സ്വാഭാവിക താപനിലയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുക. വായുസഞ്ചാരമുള്ള ഇടങ്ങളിൽ സമയം ചെലവഴിക്കുക.സൂര്യപ്രകാശവും ശുദ്ധവായുവും ശ്വസിക്കുക.എ.സിയിൽ ദീർഘനേരം ഇരിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക.ഇത് ചർമ്മത്തിനും,മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.എയർകണ്ടീഷണറുകൾ മിതമായ താപനിലയിൽ ക്രമീകരിക്കുക.