Health
അന്ന് റെക്കോർഡ് നേടാൻ 11 ദിവസം ഉറങ്ങാതിരുന്നു,ഇന്ന് തലച്ചോറിന്റെ പകുതി മാത്രം പ്രവർത്തിക്കുന്ന അവസ്ഥ: സാഹസികതയ്ക്കിറങ്ങിത്തിരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ
Health

അന്ന് റെക്കോർഡ് നേടാൻ 11 ദിവസം ഉറങ്ങാതിരുന്നു,ഇന്ന് തലച്ചോറിന്റെ പകുതി മാത്രം പ്രവർത്തിക്കുന്ന അവസ്ഥ: സാഹസികതയ്ക്കിറങ്ങിത്തിരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥ

Web Desk
|
24 Oct 2022 2:48 PM GMT

അമ്പത് വർഷങ്ങൾക്കിപ്പുറവും ഉറക്കമില്ലായ്മ ഒരു പ്രധാന പ്രശ്‌നമാണ് ഗാർഡ്‌നർക്ക്

1963ൽ സ്‌കൂളിലെ സയൻസ് പ്രോജക്ടിനായി വിഷയം തേടി നടക്കുന്നതിനിടെയാണ് 17കാരായ റാൻഡി ഗാർഡനറും ബ്രൂസ് മക്അലിസ്റ്റിറും സാഹസികമായ ആ പരീക്ഷണത്തിന് മുതിരുന്നത്- ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കുക.

260 മണിക്കൂറായിരുന്നു ആ കാലത്തെ ഉറക്കമില്ലായ്മയുടെ റെക്കോർഡ്. ഹോണൊലുലുവിലുള്ള ഡിജെയുടെ ആ റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തിലേക്ക് അവരങ്ങനെ ചുവടു വച്ചു. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെന്തെന്ന് തിരിച്ചറിയുക എന്ന ലക്ഷ്യമായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശം.

ഗാർഡനർ ആയിരുന്നു സബ്ജക്ട്. ഗാർഡനറെ നിരീക്ഷിക്കാൻ മക്അലിസ്റ്ററും. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേ ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായിത്തുടങ്ങി. കാണുന്നത് വ്യക്തമാകാതെ വരുന്നതായിരുന്നു മക്അലിസ്റ്റിന് തുടക്കത്തിൽ അനുഭവപ്പെട്ടത്. ഗാർഡ്‌നർക്കാകട്ടെ വിഷാദവും ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥയും ഓർമക്കുറവും ഭ്രമാത്മകതയുമൊക്കെ തോന്നിത്തുടങ്ങി. ഗാർഡ്‌നറുടെ പ്രശ്‌നപരിഹാരത്തിനുള്ള കഴിവിനെയും ചിന്താശക്തിയെയും ഉറക്കമില്ലായ്മ കാര്യമായി ബാധിച്ചു. 11 ദിവസും 264 മണിക്കൂറുമാണ് ഗാർഡ്‌നർ ഉറങ്ങാതെ ഇരുന്നത്.

പരീക്ഷണത്തിന് ശേഷം ഗാർഡ്‌നറുടെ തലച്ചോർ പഠനവിധേയമാക്കിയ ഗവേഷകർ കണ്ടെത്തിയത് തലച്ചോറിന്റെ ചില ഭാഗങ്ങൾ ഉണർന്നും ചില ഭാഗങ്ങൾ ഉറങ്ങാതെയുമിരിക്കുന്ന അവസ്ഥയാണ് എന്നതായിരുന്നു. തുടർച്ചയായ ഉറക്കമൊഴിച്ചിലിന് ശേഷം 14 മണിക്കൂർ തുടർച്ചയായി ഉറങ്ങിയതിൽ പിന്നെയാണ് ഗാർഡ്‌നർ ആരോഗ്യം വീണ്ടെടുത്തത്.

അമ്പത് വർഷങ്ങൾക്കിപ്പുറവും ഉറക്കമില്ലായ്മ ഒരു പ്രധാന പ്രശ്‌നമാണ് ഗാർഡ്‌നർക്ക്. എല്ലാ കാര്യത്തിനോടും വിരക്തിയും മടുപ്പുമൊക്കെ സദാ തോന്നുന്നുവെന്നാണ് ഗാർഡ്‌നർ പറയുന്നത്. അമ്പത് വർഷം മുമ്പ് ചെയ്ത കാര്യത്തിന്റെ പ്രത്യാഘ്യാതങ്ങൾ ഇപ്പോഴും തന്നെ വിടാതെ പിന്തുടരുന്നുവെന്നും ഗാർഡ്‌നർ കൂട്ടിച്ചേർക്കുന്നു.

Similar Posts