Health
പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് പഠനം
Health

പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യരുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് പഠനം

Web Desk
|
15 Oct 2022 4:56 AM GMT

ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പക്ഷികള്‍ ചിലയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്. എന്നാല്‍ ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. പക്ഷികളുടെ കൊഞ്ചല്‍ മനുഷ്യരിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പക്ഷികളുടെ സാന്നിധ്യമുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്.

നാലു മേഖലകളിലായി തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിനായി 295 പേരെ വ്യത്യസ്ത ശബ്ദസാന്നിധ്യമുള്ള സ്ഥലത്തേക്ക് അയച്ചു. ട്രാഫിക് ശബ്ദം കുറവുള്ളതും കൂടുതലുമുള്ളതുമായ ഇടങ്ങളിലേക്കും പക്ഷികളുടെ പാട്ട് കേള്‍ക്കുന്നതും കേള്‍ക്കാത്തതുമായ സ്ഥലങ്ങളില്‍ ഇവര്‍ ആറു മിനിറ്റ് നേരം ചെലവഴിച്ചു. പങ്കെടുന്നവര്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നതിനും മുന്‍പും വിഷാദം,ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ചോദ്യാവലി പൂരിപ്പിക്കുകയും ചെയ്തു.

ട്രാഫിക് ശബ്ദം കൂടുതലുള്ള ഇടങ്ങളില്‍ ചെലവഴിച്ചവരില്‍ വിഷാദം കൂടിയതായി ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ പക്ഷികളുടെ ശബ്ദമുള്ളിടത്ത് ചെലവഴിച്ചവര്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞതായും അനുഭവപ്പെട്ടു. നേച്ചര്‍ ഫോട്ടോജേര്‍ണലായ സയന്‍റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Similar Posts