ഹൃദയം നിലച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത സ്ത്രീകളെക്കാളേറെ പുരുഷന്‍മാര്‍ക്കെന്ന് പഠനം
|പ്രാധമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് ഇതിന്റെ പ്രധാന കാരണം. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർഡാം സർവകലാശാലയാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയത്
മാറിയ ജീവിത സാഹചര്യത്തിൽ അസുഖങ്ങൾ വരാനുള്ള സാധ്യതയേറെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും വ്യായാമമില്ലായ്മയുമെല്ലാം ഇത്തരം ജീവത ശൈലി രോഗങ്ങൾക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു. ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഹൃദയാഘാതം. പെട്ടെന്ന് ഹൃദയം നിലച്ചുപോകുന്ന അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത സ്ത്രീകളെക്കാളേറെ പുരുഷൻമാർക്കാണെന്ന് പഠനങ്ങൾ പറയുന്നു.
ഹൃദയാഘാതമുണ്ടായാൽ പ്രാധമികമായി നൽകേണ്ട സി.പി.ആർ നൽകാനുണ്ടാകുന്ന കാലതാമസമാണ് ഇതിന്റെ പ്രധാന കാരണം. നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർഡാം സർവകലാശാലയാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിയത്. പെട്ടെന്ന് ഹൃദയം നിലച്ച് പോയ ഒരു ലക്ഷത്തിലധികം പേരുടെ വിവരങ്ങളും പതിനായിരത്തിലധികം ഡി.എൻ.എ സാംപിളുകളും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.
ഹൃദയാഘാതം സംഭവിച്ച് പത്ത് മുതൽ 20 മിനിറ്റിനുള്ളിൽ ബ്ലഡ് സർക്കുലേഷൻ പഴയ രീതിയിലാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ മരണം സംഭവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഹൃദയാഘാതം സംഭവിച്ച് പത്ത് മുതൽ 20 മിനിറ്റിനുള്ളിൽ പി.സി.ആർ നൽകുന്നത് മരണസാധ്യത പകുതിയിലധികം കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിൽ പ്രകടമല്ലാത്തത് സി.പി.ആർ ലഭിക്കാൻ വൈകുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
പുരുഷൻമാരിൽ നെഞ്ചുവേദന, നെഞ്ചിന് കനം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളുണ്ടാകും. അതുകൊണ്ടു തന്നെ അവർ വളരെ പെട്ടെന്ന് തന്നെ സി.പി.ആർ ലഭിക്കാൻ കാരണമാകുന്നു. എന്നാൽ ക്ഷീണം, മനംമറിച്ചിൽ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് സ്ത്രീകൾക്കുണ്ടാകുന്നത്. ഇത് രോഗം നിർണയം വൈകാനും പ്രാധമിക ചികിത്സ ലഭ്യമാകാതിരിക്കാനും കാരണമാകുന്നു.