അഞ്ചാംപനി: കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
|അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്
കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. മുംബൈയിലും സമീപ സ്ഥലങ്ങളിലും രോഗം കൂടുതലായി വ്യാപിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇന്നലെ മാത്രം മുംബൈയിൽ 11 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇത് കുട്ടികളുടെ ശ്വസന വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. എന്നിരുന്നാലും വാക്‌സിന്റെ ഉപയോഗം മൂലം 2000നും 2018 നും ഇടയിൽ അഞ്ചാം പനി മൂലമുള്ള മരണസംഖ്യ 73 ശതമാനം വരെ കുറക്കാൻ കഴിഞ്ഞു എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
വായുവിലൂടെയാണ് രോഗം പകരുന്നത്. അതുകൊണ്ട് തന്നെ പെട്ടന്ന് പകരാൻ സാധ്യതയുള്ള രോഗമാണിത്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണുന്നത്.
ലക്ഷണങ്ങൾ
. കടുത്ത പനി
. ജലദോഷം
. തൊണ്ടവേദന
. കണ്ണ് ചുവക്കൽ,
. ദേഹമാസകലം ചുവന്ന പാടുകൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. പ്രതിരോധ കുത്തിവെപ്പെടുക്കുക
. വീട്ടിൽ മറ്റു കുട്ടികൾ ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുക.
. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കുക
. കുഞ്ഞിന്റെ കൈകൾ എപ്പോഴും സോപ്പിട്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക, ഇത് വൈറസ് പടരുന്നത് തടയാൻ സഹായിക്കും