ഒമിക്രോൺ; വാക്സിനെടുത്തവരിൽ രോഗതീവ്രത കുറയുമെന്ന് ദക്ഷിണാഫ്രിക്കൻ ഡോക്ടർ
|ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദത്തിൻറെ സാധ്യതയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയത് ഡോക്ടർ ആഞ്ചലിക് കോറ്റ്സിയായിരുന്നു.
കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണിന്‍റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമെ പ്രത്യക്ഷപ്പെടൂവെന്ന് ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി. വാക്സിന്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ബൂസ്റ്റര്‍ ഡോസെടുക്കാനായാല്‍ ഗുണം ചെയ്യുമെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ഡോക്ടര്‍ വ്യക്തമാക്കി.
വാക്സിനെടുക്കാത്തവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവരിലാണ് ഒമിക്രോണ്‍ വകഭേദം കൂടുതല്‍ വെല്ലുവിളിയാകുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മേധാവി കൂടിയായ ഡോക്ടര്‍ കോറ്റ്‌സി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഐ.സി.യുവില്‍ കഴിയുന്ന ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് ആശുപത്രിവാസം ആവശ്യമല്ലെങ്കിലും തീര്‍ച്ചയായും ചികിത്സയ്ക്ക് വിധേയമാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോറ്റ്‌സി കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്‍റെ പുതിയ വകഭേദത്തിന്‍റെ സാധ്യതയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയയാളാണ് ഡോക്ടർ ആഞ്ചലിക് കോറ്റ്‌സി.