മുടി ആരോഗ്യത്തോടെ വളരണോ? ചീകുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...
|ദിവസേന രണ്ട് തവണ (രാവിലെയും വൈകിട്ടും) മുടി ചീകുന്നതാണ് ഉത്തമം
മുടി ഭംഗിയായി ഒതുക്കി വയ്ക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ശരിയായ രീതിയിൽ ചീകുന്നതിലൂടെ മുടി ആരോഗ്യത്തോടെ വളരുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇല്ലെങ്കിൽ സംഗതി സത്യമാണ്.
മുടി ദിവസവും ചീകുന്നത് ഏറെ പ്രധാനമാണെന്നാണ് ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻസന്റ് ഹെയർ ആർട്ടിസ്ട്രിയുടെ ഉടമയും സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമായ വിൻസന്റ് ഡീ മാർക്കോ പറയുന്നത്. മുടി തിളക്കമാർന്നതാകാൻ ഇടയ്ക്കിടെ ചീകുന്നത് ഏറെ ഗുണം ചെയ്യുമെന്നും ഇത് തലയിലെ രക്തയോട്ടം വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
ഹെയർ ഫോളിക്കുകളിലുള്ള സെബേഷ്യസ് ഗ്രന്ഥികളാണ് മുടിയുടെ വളർച്ചയ്ക്കാവശ്യമായ എണ്ണ ഉത്പാദിപ്പിക്കുന്നത്. മുടി ചീകുന്നത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കും. തലയ്ക്ക് നൽകുന്ന ചെറിയ ഒരു മസാജുമാണ് ഇടയ്ക്കിടെയുള്ള മുടി ചീകൽ. അനാവശ്യ മുടികളെ നീക്കം ചെയ്യുന്നതിനും മുടി ചീകുന്നത് സഹായിക്കുന്നു. ദിവസേന 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുന്നതിൽ പ്രശ്‌നമില്ലെന്ന് വിൻസന്റ് കൂട്ടിച്ചേർക്കുന്നു. എന്നാൽ മുടികൊഴിച്ചിൽ അധികമാണെങ്കിൽ ഡോക്ടറുടെ സഹായം തേടണം.
ദിവസേന രണ്ട് തവണ (രാവിലെയും വൈകിട്ടും) മുടി ചീകുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധാഭിപ്രായം. അതികഠിനമായി മുടിയിൽ ചീപ്പോടിക്കുന്നത് മുടിക്ക് ദോഷം ചെയ്യും.
നനഞ്ഞ മുടി ഏറെ മൃദുവായി വേണം ചീകാൻ. അകന്ന പല്ലുകളുള്ള ചീപ്പ് ഇതിനായി തിരഞ്ഞെടുക്കണം. ഉണങ്ങിയ മുടി ജഡ പിടിക്കാൻ സാധ്യത കൂടുതലായതിനാൽ ഭാഗങ്ങളായി പകുത്ത് ചീകാം. മുടിയുടെ അറ്റത്തിന് കുറച്ച് മുമ്പ് നിന്നാണ് ചീകിത്തുടങ്ങേണ്ടത്. ഓരോ ഭാഗങ്ങളായി ചീകി പിന്നീട് മുടി വേരുകളിൽ നിന്ന് താഴേക്ക് ചീകാം.