ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റുകളാണ് ബെസ്റ്റ്; മോശം ഡയറ്റുകളുടെ കൂട്ടത്തിൽ കീറ്റോയും
|കീറ്റോ ഡയറ്റ് രക്തസമ്മർദ്ദം കുറയ്ക്കുകയും വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കുകയും ഹൃദ്രോഗത്തിന് വരെ കാരണമാവുകയും ചെയ്യും
ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിലടക്കം ദിനംപ്രതി തിരയുന്നത് എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്നതാണ്. ഇന്നത്തെ കാലത്ത് സാധാരണ ആശങ്കകളിൽ ഒന്നായി മാറിയിരിക്കുകയാണിത്. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള വഴികൾ തേടി ഒടുവിൽ ദിനചര്യയിലടക്കം മാറ്റം വരുത്തിയാലും ഒരു പ്രയോജനവും ലഭിക്കാതെ വരുന്നത് പലർക്കും ആശങ്കയാകുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അറിവില്ലാത്തതും ചില മിഥ്യാധാരണകളിലുള്ള വിശ്വാസവും ഗവേഷണത്തിന്റെ കുറവും കാരണമാണിത്. പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണക്രമങ്ങളും ശരീരത്തിന് ദോഷകരമായ വ്യായാമങ്ങളും പിന്തുടരാൻ ഇത് ഇടയാക്കും.
ഫാഷൻ ഡയറ്റുകളുടെയും ശരീരഭാരം കുറയ്ക്കാനുള്ള ടിപ്പുകളുടെയും കാര്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും ചില ട്രെൻഡുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി ഉയർന്നുവന്ന ഇത്തരത്തിലുള്ള ട്രെൻഡുകളിൽ ചിലത് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാർഗമാണെങ്കിൽ ചിലത് പ്രയോജനം ചെയ്തില്ലെന്ന് മാത്രമല്ല ഗുണത്തിനെക്കാളേറെ ദോഷങ്ങൾ വിളിച്ചുവരുത്തുന്നവയാണ്. വർഷാവസാനം ആയിരിക്കെ ശരീരഭാരം കുറയ്ക്കാനുളള മികച്ച ഡയറ്റുകളും മോശം ഡയറ്റുകളും ഏതൊക്കെയെന്ന് നോക്കിയാലോ:-
2022-ലെ മികച്ച ഡയറ്റുകൾ
1. ഫ്ലെക്സിറ്റേറിയൻ ഡയറ്റ്
ഫ്ലെക്സിബിൾ എന്നാൽ എന്താണ്...വഴക്കമുള്ളത് അല്ലേ! പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വഴക്കമുള്ള ഒരു ഡയറ്റാണിത്. സസ്യാഹാരം കൂടുതലായി കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ മാംസാഹാരം പൂർണമായി ഒഴിവാക്കാനും സാധിക്കുന്നില്ല എന്നാണെങ്കിൽ ഈ ഡയറ്റ് ധൈര്യമായി ഏറ്റെടുക്കാം. കുറഞ്ഞ കലോറി പ്രദാനം ചെയ്യുന്ന ഭക്ഷണക്രമമാണിത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സസ്യ പ്രോട്ടീനുകൾ എന്നിവയുടെ അളവ് വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ ഡയറ്റിലൂടെ സാധിക്കും.
പതിവായി മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ഫ്ലെക്സിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർക്ക് കുറഞ്ഞ ബിഎംഐയും (ശരീരഭാരം ശരിയായ അളവിലാണോ എന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണ് ബിഎംഐ അഥവാ ബോഡി മാസ് ഇൻഡക്സ്) മെറ്റബോളിക് സിൻഡ്രോമിനുള്ള സാധ്യതയും കുറവായിരുന്നു എന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.
2. മെഡിറ്ററേനിയൻ ഡയറ്റ്
മെഡിറ്ററേനിയൻ ശൈലിയിലുള്ള ഭക്ഷണത്തിൽ ധാരാളം ബീൻസ്, പഴങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയും ഒപ്പം തന്നെ ദിവസവും ഒരു ഗ്ലാസ് റെഡ് വൈനും ഉൾപ്പെടുന്നു. ഗ്രീസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലെ ഹൃദയാരോഗ്യകരമായ ജീവിതരീതിയെ അടിസ്ഥാനമാക്കിയാണ് ഈ ഡയറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒലിവ് ഓയിൽ, പരിപ്പ്, അവോക്കാഡോ, മത്സ്യം തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ആഴ്ചയിൽ രണ്ടുതവണയെങ്കിലും മെഡിറ്റേറിയൻകാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ചീസ് കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല, പക്ഷേ, മിതമായ അളവിലായിരിക്കണം. ചുവന്ന മാംസം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ കഴിക്കാവൂ. നിരവധി ആരോഗ്യഗുണങ്ങളാണ് ഈ ഭക്ഷണക്രമത്തിലൂടെ ലഭിക്കുന്നത്. ഈ ഡയറ്റ് പിന്തുടരുകയാണെങ്കിൽ ദൈനംദിന കലോറി ഉപഭോഗം 1,500 അല്ലെങ്കിൽ അതിൽ കുറവായി നിലനിർത്താൻ ശ്രദ്ധിക്കണം. എങ്കിൽ, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കാനുള്ള കഴിവും മെഡിറ്ററേനിയൻ ഡയറ്റിനുണ്ട്.
3. വോള്യൂമെട്രിക്സ് ഡയറ്റ്
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലെ അളവിൽ മാത്രമാണ് ഈ ഡയറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ വോള്യൂമെട്രിക്സ് സഹായിക്കും. നാരുകളും ജലാംശവും ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും പ്ളേറ്റിൽ നിറയ്ക്കുകയാണ് വോള്യൂമെട്രിക്സ്. കലോറി കണക്കാക്കി വിവേകപൂർണ്ണമായ അളവിൽ ഭക്ഷണം ശരീരത്തിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. ഈ ഡയറ്റ് പിന്തുടരുന്നതിലൂടെ വിശപ്പ് കുറയും. സാധാരണ ഭക്ഷണവും ലഘുഭക്ഷണവും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാലാണിത്.
4. ഡാഷ് ഡയറ്റ്
'നിശബ്ദ കൊലയാളി' എന്നാണ് രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. ഈ കൊലയാളിയെ ഒരു പരിധി വരെ നിയന്ത്രിച്ചുനിർത്തുന്നതിനും ഹൈപ്പർടെൻഷൻ അകറ്റുന്നതിനും ഗവേഷകർ വികസിപ്പിച്ചെടുത്ത ഡയറ്റാണ് ഡാഷ് ഡയറ്റ്. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ പാൽ ഉൽപന്നങ്ങൾ, കുറഞ്ഞ സോഡിയം ഭക്ഷണങ്ങൾ എന്നിവയാണ് ഡാഷ് ഡയറ്റിലൂടെ പിന്തുടരേണ്ടത്. പ്രധാനമായും ദിവസേനയുള്ള ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കുറയ്ക്കുകയാണ് ഡാഷ് ഡയറ്റ് ചെയ്യുന്നത്.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റ് വാഗ്ദാനം ചെയുന്നത്. ഉയർന്ന കൊഴുപ്പുള്ള മാംസം, ചീസ് എന്നിവ ഡാഷ് ഡയറ്റ് ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് മറക്കേണ്ടി വരും. ഇത്തരം ഇനങ്ങൾക്ക് ഭക്ഷണത്തിൽ യാതൊരു സ്ഥാനവും ഡാഷ് ഡയറ്റ് നൽകുന്നില്ല. അതിനാൽ തന്നെ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
മോശം ഡയറ്റുകൾ ഇവയാണ്
1. ഡുകാൻ ഡയറ്റ്
ശരീരഭാരം കുറയ്ക്കാനും അതുപോലെ തന്നെ നഷ്ടപ്പെട്ട ശരീരഭാരം നിലനിർത്താനും വേണ്ടിയാണ് ഡുകാൻ ഡയറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രോട്ടീൻ ഉപഭോഗത്തിനാണ് ഈ ഡയറ്റ് ഊന്നൽ നൽകുന്നത്. കാർബോഹൈഡ്രേറ്റുകൾ നിയന്ത്രിക്കുന്നത് വഴി അറ്റ്കിൻസിനെയും കെറ്റോയെയും പോലെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കാരണമാകുമെന്ന ധാരണയിലാണ് ഈ ഭക്ഷണക്രമം നിർവചിച്ചിരിക്കുന്നത്. എന്നിരുന്നാലും, മറ്റ് കുറഞ്ഞ കാർബ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നതിനാണ് ഡുകാൻ കൂടുതൽ ഊന്നൽ നൽകുന്നത്.
നിയന്ത്രിത ഡയറ്റാനെങ്കിലും, ഇത് താൽക്കാലിക ഭാരം കുറയ്ക്കാൻ ഇടയാക്കും. അനിശ്ചിതകാലത്തേക്ക് കഴിക്കാവുന്ന പ്രോട്ടീനും പച്ചക്കറികളും ഒഴികെ, മറ്റെല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും ഡുകാൻ ഡയറ്റിലൂടെ പരിമിതപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യും. ഇതുവഴി ഈ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കാവുന്ന പോഷകങ്ങളുടെ കുറവ് ശരീരത്തിന് ഉണ്ടായേക്കാം.
ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുന്നത് മുതൽ ക്ഷീണം, തലവേദന, ഓക്കാനം, ബലഹീനത മുതലായ അവസ്ഥകളും ഡുകാൻ ഡയറ്റ് പിന്തുടരുന്നതിലൂടെ ഉണ്ടായേക്കാം.
2. കീറ്റോ ഡയറ്റ്
ശരീരഭാരം കുറയ്ക്കാനുള്ള ജനപ്രിയ ഡയറ്റായി മാറിയിരിക്കുകയാണ് കീറ്റോ ഡയറ്റ്. ശരീരഭാരം കുറക്കാൻ ഏറ്റവും കൂടുതൽപേർ ആശ്രയിക്കുന്നതും ഏറെ ഫലപ്രദമാണെന്ന് പറയപ്പെടുകയും ചെയ്യുന്ന ഡയറ്റ് കൂടിയാണിത്. എന്നാൽ, ശരീരത്തിന് അത്ര പ്രിയപ്പെട്ടതല്ല കീറ്റോ. കെറ്റോജെനിക് ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകൾ കുറവും കൊഴുപ്പ് കൂടുതലുമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കുകയും മലബന്ധത്തിന് കാരണമാവുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
കരൾ, പാൻക്രിയാസ്, കിഡ്നി, അല്ലെങ്കിൽ ഹൃദയം എന്നിവയിൽ എന്തെങ്കിലും രോഗാവസ്ഥകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരു കാരണവശാലും കീറ്റോ ഡയറ്റ് പിന്തുടരരുത്. ഭകഷണത്തിന്റെ നിയന്ത്രണമാണ് കീറ്റോ ഒഴിവാക്കാനുള്ള മറ്റൊരു കാരണം. ദീർഘകാല ആരോഗ്യത്തിന് ആരോഗ്യകരമല്ലാത്ത കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ ഡയറ്റ് നിഷ്കർഷിക്കുന്നുണ്ട്.
3. ആസിഡ്-ആൽക്കലൈൻ ഡയറ്റ്
അസിഡിക് സ്വഭാവവും ആൽക്കലൈൻ സ്വഭാവവും നമ്മുടെ ശരീരത്തിനുണ്ട്. അസിഡിക് നില കൂടിയാൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിക്കും. ഇതിന് ശരീരത്തിലെ ആൽക്കലൈൻ നില വർധിപ്പിച്ചാൽ മതിയാകും. ഇതിന് സഹായിക്കുന്ന ഡയറ്റാണ് ആസിഡ്- ആൽക്കലൈൻ ഡയറ്റ്. എന്നാൽ, ആൽക്കലൈൻ ഡയറ്റ് അനുസരിച്ച്, ബീഫ് പോലുള്ള ആസിഡ് രൂപപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ പിഎച്ച് അളവ് അസന്തുലിതമാക്കും. ഇത് മോശം ആരോഗ്യത്തിലേക്കാണ് നയിക്കുക.
ആൽക്കലൈൻ ഡയറ്റിന്റെ ഈറ്റിംഗ് പ്ലാനും ബുദ്ധിമുട്ടാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, പുതിയ ഉൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയ്ക്ക് അനുകൂലമായി മാംസം, കോഴി, പാൽ, ധാന്യങ്ങൾ എന്നിവ ഒഴിവാക്കാൻ ഈ ഡയറ്റ് നിർദ്ദേശിക്കുന്നുണ്ട്. ശരീരത്തിന് വേണ്ട പോഷകങ്ങൾ നഷ്ടപ്പെടാൻ ഇതിടയാക്കും.
4. ക്രാഷ് ഡയറ്റ്
പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കാൻ പലരും ക്രാഷ് ഡയറ്റ് ഏറ്റെടുക്കാറുണ്ട്. എന്നാൽ, ക്രാഷ് ഡയറ്റുകൾ കലോറി ഗണ്യമായി കുറയ്ക്കുന്നു. ശരീരഭാരം വേഗം കുറയാൻ ഇതുവഴി സാധിച്ചേക്കും. എന്നാൽ, പതിവായി ക്രാഷ് ഡയറ്റ് പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകും, ഇത് ഭാവിയിൽ ശരീരഭാരം വർധിക്കാനിടയാകും. ഈ ഡയറ്റ് വഴി രക്തക്കുഴലുകൾ നിരന്തരം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിനാൽ, ഒരു ക്രാഷ് ഡയറ്റ് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
ഇനി ഡയറ്റുകൾ തിരയുമ്പോൾ എങ്ങനെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാം എന്ന് മാത്രമല്ല ഇവയുടെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി വേണം അനിയോജ്യമായവ തിരഞ്ഞെടുക്കാൻ.