Health
Ketchup,jam, ketchup in  fridge,ഈത്തപ്പവും ജാമും കെച്ചപ്പും ഫ്രിജ്ഡിൽ സൂക്ഷിക്കാമോ? food storage in fridge,
Health

ഈത്തപ്പഴവും ജാമും കെച്ചപ്പും ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

Web Desk
|
10 Sep 2023 4:13 AM GMT

ചില ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും സംശയമാണ്

മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നതിൽ ആർക്കും സംശയമില്ല. ചിലരാകട്ടെ, ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്തവയും ഫ്രിഡ്ജിൽ സൂക്ഷിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ പുറത്തും വെക്കുന്നവരുണ്ട്. ചില ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കണോ, വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകും. തെറ്റായ രീതിയിൽ സൂക്ഷിക്കുന്നത് വഴി ഭക്ഷണ സാധനങ്ങൾ വേഗത്തിൽ കേടുവരാനും അവയിൽ ബാക്ടീരിയകളടക്കം പെറ്റുപെരുകാനും ഇടയാക്കും. ഫ്രിജ്ഡിൽ സൂക്ഷിക്കേണ്ട ചില വസ്തുക്കൾ ഇതാ...


ജാം

ജാം ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. പ്രത്യേകിച്ചും കുട്ടികളുള്ള വീട്ടിൽ. എന്നാൽ ജാം ഫ്രിഡ്ജിൽ സൂക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും സംശയമാണ്. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണവസ്തുവാണ് ജാം. ജാം പൊട്ടിച്ച ശേഷം പുറത്തുവെച്ചാലും കേടുവരില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തീർത്തും തെറ്റാണ്. ഒരിക്കൽ ഉപയോഗിച്ച ജാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ജാമിന്റെ നിറവ്യത്യാസം, രുചിയിലെ മാറ്റം എന്നിവ തടയാൻ ഇത് സഹായിക്കുന്നു. ഇതിന് പുറമെ ജാമിൽ പൂപ്പൽ വളരുന്നതും തടയും. മറ്റൊരു കാര്യം ജാമിൽ ഇടുന്ന സ്പൂണുകൾ എപ്പോഴും വൃത്തിയുള്ളതാകണം. ഒരുതവണ ജാം എടുത്ത സ്പൂൺ വീണ്ടും അതിൽ ഇടാതിരിക്കുക.കൂടാതെ ഭക്ഷണസാധങ്ങൾ നേരിട്ട് ജാമിൽ മുക്കാതിരിക്കാതിരിക്കുക.

ചോക്ലേറ്റ് സിറപ്പ്


ചോക്ലേറ്റ് സിറപ്പിൽ ഉയർന്ന പഞ്ചസാരയുടെ അംശം കൂടുതലാണ്. അതുകൊണ്ട് ഇത് പെട്ടെന്ന് കേടാവില്ലെന്നാണ് പലരും കരുതുന്നത്. പക്ഷേ,ഒരിക്കൽ തുറന്നതിന് ശേഷം ചോക്കലേറ്റ് സിറപ്പ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം സൂക്ഷിക്കാനാകും. പുറത്തുവെച്ചാൽ ഇതിന്റെ രുചിയിലും ടെക്‌സ്ചറിലും മാറ്റം വരും. ഹോംമെയ്ഡ് ചോക്ലേറ്റ് സിറപ്പിലും സോസിലും പ്രിസർവേറ്റീവുകൾ ചേർക്കാറില്ല.അതുകൊണ്ട് ഇവ ഫ്രിഡ്ജിൽ മാത്രമേ സൂക്ഷിക്കാവൂ. ഇല്ലെങ്കിൽ ഇവ പെട്ടന്ന് കേടുവരും.

ചോളം

തണുപ്പിൽ സൂക്ഷിക്കേണ്ട പച്ചക്കറിയാണ് ചോളം. പുറത്ത് സൂക്ഷിക്കുമ്പോൾ ചോളം ഉണങ്ങുകയും അതിലെ അന്നജം അധികമാകുകയും ചെയ്യും.ചോളം ഒരു പേപ്പർ ബാഗിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മൂന്ന് ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസ് ചെയ്യുന്നതും നല്ലതാണ്. അതിന്റെ സ്വാഭാവിക രുചിയും ഗുണവും നിലനിർത്താൻ ഇത് സഹായിക്കും.


കെച്ചപ്പ്

കെച്ചപ്പ് ഫ്രിഡ്ജിലാണോ അതോ പുറത്താണോ സൂക്ഷിക്കേണ്ടത് എന്നത് പലപ്പോഴും കൺഫ്യൂഷനാണ്. കെച്ചപ്പിൽ ഉയർന്ന അളവിലുള്ള വിനാഗിരി, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഒരിക്കൽ തുറന്ന കെച്ചപ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സംസ്‌കരിച്ച ഭക്ഷണം പോലെ തന്നെ കെച്ചപ്പ് ഫ്രഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ അതിന്റെ രുചിയെയും കാലാവധിയെയും ഇത് ബാധിക്കുമെന്ന് കെച്ചപ്പ് കമ്പനികൾ തന്നെ വ്യക്തമാക്കുന്നുണ്ട്.


വെണ്ണ (ബട്ടർ)

ബട്ടർ ഫ്രിഡ്ജിൽ സൂക്ഷിക്കണോ അതോ ഏതെങ്കിലും പാത്രത്തിൽ അടച്ചുവെച്ച് പുറത്ത് സൂക്ഷിക്കണോ എന്നത് പലപ്പോഴും തർക്കവിഷയമാകാറുണ്ട്. ബട്ടറിന്റെ നിറവും സ്വാദും നിലനിർത്താൻ തീർച്ചയായും ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്ന് ഡയറി യുകെ അഭിപ്രായപ്പെടുന്നു. വലിയ അളവിലുള്ള ബട്ടർ എപ്പോഴും ഫ്രിഡ്ജിൽവെക്കുന്നതാണ് നല്ലത്. പെട്ടന്ന് ഉപയോഗിക്കാൻ തരത്തിൽ ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങൾ പുറത്ത് വെക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് രണ്ടു ദിവസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന് മാത്രം.


ഈത്തപ്പഴം

ഈന്തപ്പഴം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധർ പറയുന്നത്. ഈത്തപ്പഴം വായു കടക്കാത്ത പാത്രത്തിൽ അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇവ പുറത്ത് വെക്കുമ്പോൾ ക്രമേണ അതിലെ ഈർപ്പം നഷ്ടപ്പെടുകയും അതുവഴി ഉണങ്ങിപ്പോകുകയും അതിന്റെ രുചി നഷ്ടപ്പെടുകയും ചെയ്യും. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ ഈർപ്പം നഷ്ടപ്പെടുകയുമില്ല,രുചിയും കുറേക്കാലം നിലനിൽക്കും.

Similar Posts