Health
വീട്ടിലുണ്ടാക്കാവുന്ന ഈ പാനീയങ്ങള്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കും
Health

വീട്ടിലുണ്ടാക്കാവുന്ന ഈ പാനീയങ്ങള്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കും

Web Desk
|
4 Nov 2022 5:25 AM GMT

ഡെങ്കിപ്പനി ബാധിതരുടെ ശരീരത്തില്‍ വേണ്ടത്ര പോഷകം അത്യാവശ്യമാണ്

മഞ്ഞുകാലമായതോടെ ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്. ഡൽഹിയിൽ ഒക്ടോബറിൽ മാത്രം 1,200ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പെട്ടെന്നുള്ള കഠിനമായ പനി,അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി ബാധിതരുടെ ശരീരത്തില്‍ വേണ്ടത്ര പോഷകം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും ആവശ്യമാണെന്ന് ഡല്‍ഹി പി.എസ്.ആര്‍.ഐ ആശുപത്രിയിലെ ന്യൂട്രിഷനിസ്റ്റ് ദേബാനി ബാനര്‍ജി പറയുന്നു. ഡെങ്കിപ്പനി രോഗികൾ ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കൂടാതെ വീട്ടിലുണ്ടാക്കാവുന്ന ഈ പാനീയങ്ങള്‍ ഒരു പരിധി വരെ ഡെങ്കിപ്പനിയെ പ്രതിരോധിക്കും.

1.ആര്യവേപ്പ് വെള്ളം- ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വേദന ശമിപ്പിക്കാനും നല്ലതാണ്.

2. പപ്പായയുടെ ഇല-രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്‍റെ എണ്ണം കൂട്ടാന്‍ ഏറെ നല്ലതാണ് പപ്പായ ഇല ജ്യൂസ്.ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇലയുടെ ജ്യൂസ് നല്‍കണം. ജ്യൂസ് ഉണ്ടാക്കാനായി പപ്പായയുടെ തളിരിലകള്‍ തന്നെ എടുക്കണം. ഇല പിഴിഞ്ഞു നീരെടുത്ത ശേഷം ഒരു കപ്പ് വെള്ളവും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

3.കല്‍മെഗ് ഇല: വേപ്പില പോലെ തന്നെ കല്‍മെക്കിന്‍റെ ഇലയിലും ആന്‍റി വൈറൽ ഗുണങ്ങളുണ്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ വർധിപ്പിക്കാന്‍ ഇല നല്ലതാണ്.

4.പാവയ്ക്ക ജ്യൂസ്- പാവയ്ക്ക എപ്പോഴും ജ്യൂസായി കുടിക്കുന്നതാണ് നല്ലത്. ആദ്യം തൊലി കളഞ്ഞ് കഷണങ്ങളാക്കിയ ശേഷം വെള്ളം ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുക. മറ്റു പച്ചക്കറികളും ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്.

5.തുളസി- തുളസിയില ചേര്‍ത്ത ചായ കുടിക്കുന്നത് ഡെങ്കിപ്പനി ബാധിതര്‍ക്ക് നല്ലതാണ്. പക്ഷെ അതിനൊപ്പം പാല്‍ ചേര്‍ക്കരുത്. തുളസിയില വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച ശേഷം കുറച്ചു നാരങ്ങാനീര് കൂടി കലര്‍ത്തി കുടിക്കാവുന്നതാണ്.

6.ചിറ്റമൃത്- ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ചിറ്റമൃത് എന്ന ഔഷധസസ്യം. ഇതും വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചായരൂപത്തില്‍ കുടിക്കുന്നത് നല്ലതാണ്.

7.ഉലുവ- ഉലുവ വെള്ളം കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടും. ചുവ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മേത്തിപ്പൊടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.

Similar Posts