ശരീരം തളരുന്ന പോലെ... ഒരാവശ്യവും ഇല്ലാത്ത ടെൻഷനാണ്; ഉത്കണ്ഠ കുറയ്ക്കാൻ ചില പൊടിക്കൈകളായാലോ
|നിയന്ത്രിച്ചില്ലെങ്കിൽ ഉത്കണ്ഠ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ താളം തെറ്റിച്ചേക്കും. ആങ്സൈറ്റിയുടെ കാരണം എന്തായിരിക്കാം, അവ എങ്ങനെ തിരിച്ചറിയാം, കൈകാര്യം ചെയ്യാനുള്ള വഴികൾ എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്
കയ്യും കാലുമൊക്കെ തളരുന്നു... ഒന്നും ചെയ്യാൻ കഴിയുന്നില്ല..ആകെ മരവിച്ച ഒരു അവസ്ഥ, ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടാകാത്തവർ ചുരുക്കമായിരിക്കും. ഉത്കണ്ഠ അഥവാ ആങ്സൈറ്റി സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. സമ്മർദ്ദം ഇരട്ടിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ധാരാളമുണ്ടാകും. ജോലി സംബന്ധമോ, വ്യക്തിപരമായ പ്രശ്നങ്ങളോ എല്ലാം ഇതിൽ ഉൾപ്പെടും. ഭയം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങളാണ് ഉത്കണ്ഠ മൂലം ഉണ്ടാകുന്നത്.
ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പോലും സാധാരണ രീതിയിൽ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. നിയന്ത്രിച്ചില്ലെങ്കിൽ ഉത്കണ്ഠ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ താളം തെറ്റിച്ചേക്കും. ആങ്സൈറ്റിയുടെ കാരണം എന്തായിരിക്കാം, അവ എങ്ങനെ തിരിച്ചറിയാം, കൈകാര്യം ചെയ്യാനുള്ള വഴികൾ എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എങ്കിലും, സമ്മർദ്ദം തന്നെയാണ് മൂലകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ഇതിന്റെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചുവേദന, തലകറക്കം തുടങ്ങിയവയാണ് ആങ്സൈറ്റിയെ തുടർന്നുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങൾ. ചിലപ്പോൾ ബോധക്ഷയം പോലും ഉണ്ടായേക്കാം. ദ്രുതഗതിയിൽ ഹൃദയമിടിപ്പ് വർധിക്കുക, വയറ്റിലുണ്ടാകുന്ന അസ്വസ്ഥത, നെഞ്ചിൽ ഭാരം പോലെ തോന്നുക എന്നിവയും അനുഭവപ്പെട്ടേക്കാം.
ഇത് നിയന്ത്രിക്കാൻ എന്തെങ്കിലും വഴിയുണ്ടോ! യുഎസ് ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷൻ പാത്തോളജിസ്റ്റും കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റുമായ ഡോ കരോലിൻ ലീഫ് പങ്കുവെക്കുന്ന നുറുങ്ങുവിദ്യകൾ ഇതാ..:-
- വായിക്കുക... ഇഷ്ടപ്പെട്ട എന്തും വായിക്കാം. സന്തോഷം നൽകുന്ന കഥകളോ കവിതകളോ മറ്റെന്തെങ്കിലും മാഗസിനുകളോ ഒപ്പം കൊണ്ടുനടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓഡിയോ ബുക്ക് കേൾക്കുന്നതും ഗുണംചെയ്യും. യാഥാർത്ഥ്യത്തിൽ നിന്ന് താൽകാലികമായി രക്ഷപെടാൻ ഈ ശീലം സഹായിക്കും. ഉത്കണ്ഠക്ക് സമയമെടുത്ത് ആശ്വാസം നൽകാനും ഇതിലൂടെ സഹായിക്കും. വായിക്കുമ്പോൾ മനസ്സിൽ ദൃശ്യവൽക്കരണം ഉണ്ടാകും. കഥകൾ മുന്നിൽ കാണുന്നത് പോലെ നമുക്ക് അനുഭവപ്പെടും. ഇത് നാഡികളെ ആശ്വസിപ്പിക്കാൻ നല്ലതാണ്.
- അത്രയും അടുപ്പമുള്ള ആരുടെ കൂടെയെങ്കിലും സമയം ചെലവഴിക്കുക. അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ അവരുമായി പങ്കുവെക്കുക. വൈകാരികതകളെ നിയന്ത്രിക്കാൻ ഇത് സഹായിക്കും. സ്വന്തം റൂമിൽ കുറച്ചുസമയം ചെലവഴിക്കുന്നതും ഫലം ചെയ്യും.
- ഒരു പാത്രത്തിൽ തണുത്ത വെള്ളവും ഐസും നിറയ്ക്കുക. ഏകദേശം 10 സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ മുഖം അതിൽ മുക്കിവെക്കുക. ഇത് നിങ്ങളുടെ വാഗസ് നാഡി പുനഃസജ്ജമാക്കാൻ സഹായിക്കും. വിശ്രമമില്ലാത്ത രാത്രിക്ക് ശേഷമോ ഉത്കണ്ഠയുണ്ടാകുമ്പോഴോ ഇങ്ങനെ ചെയ്യുന്നത് പ്രയോജനകരമായിരിക്കും.