ഗാംബിയയിലെ കുട്ടികളുടെ മരണം: കഫ് സിറപ്പുകൾ വില്ലനാകുന്നതെപ്പോൾ?
|ഗാംബിയയിൽ കുട്ടികൾക്ക് നൽകിയ കഫ് സിറപ്പുകളിൽ പൊതുവായി അടങ്ങിയിരുന്ന രാസവസ്തുക്കളായിരുന്നു ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളും
ഗാംബിയയിൽ ഇന്ത്യൻ നിർമിത കഫ് സിറപ്പ് കുടിച്ച് 66 കുട്ടികൾ മരിച്ച സംഭവം ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച് വിപണിയിലെത്തിച്ച കഫ് സിറപ്പുകൾ കുഞ്ഞുങ്ങളുടെ ജീവനെടുത്തു എന്ന വാർത്ത ശ്രദ്ധിക്കാത്ത ഒരു രക്ഷിതാക്കളുമുണ്ടാകില്ല.
ഗുളിക കഴിക്കാൻ കുട്ടികൾക്ക് മടിയാണെന്നതും ഗുളികയേക്കാൾ സുരക്ഷിതമായത് സിറപ്പുകളാണെന്നതും കൊണ്ടുതന്നെ ഒരു പ്രായം വരെ മരുന്നെന്നാൽ സിറപ്പ് ആണ് കുട്ടികൾക്ക്. ഡോക്ടറുടെ കുറിപ്പടിയോടെയും അല്ലാതെയുമൊക്കെ സിറപ്പുകൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ഗാംബിയയിലെ സംഭവത്തോടെ കുട്ടികൾക്കുള്ള സിറപ്പുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കുറച്ചു പേരെങ്കിലും ആശങ്കപ്പെടുന്നുണ്ടാവും.
ഗാംബിയയിൽ കുട്ടികൾക്ക് നൽകിയ കഫ് സിറപ്പുകളിൽ പൊതുവായി അടങ്ങിയിരുന്ന രാസവസ്തുക്കളായിരുന്നു ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളും. പ്രൊമിതാസിൻ ഓറൽ സൊല്യൂഷൻ, കോഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് ആൻഡ് കോൾഡ് കഫ് സിറപ്പ് എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമായ മരുന്നുകളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഈ കഫ് സിറപ്പുകളിലെല്ലാം തന്നെ വൃക്ക തകരാറിലാക്കുന്ന ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളും അമിത അളവിലടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു.
നിറമോ മണമോ ഇല്ലാത്ത മധുരമുള്ള രാസപദാർഥമാണ് ഡൈഎഥിലിൻ ഗ്ലൈക്കോൾ. എഥിലിൻ ഗ്ലൈക്കോളിന്റെ തന്നെ വകഭേദമാണിത്. ഇവ രണ്ടും ശരീരത്തെ ഒരേ രീതിയിലാണ് ബാധിക്കുക. ഛർദി,വയറിളക്കം,അടിവയറ്റിൽ വേദന, എന്നിവയൊക്കെ ഇവ അമിത അളവിൽ ശരീരത്തിലെത്തിയാൽ ഉണ്ടാകും. ചിലരിൽ നാഡീസംബന്ധമായ അസുഖങ്ങൾക്കും ഇവ വഴിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോമയിലേക്ക് വരെ ഇവ ആളുകളെ നയിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന് കീഴിലുള്ള നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ വന്ന ഒരു ജേണലിൽ പറയുന്നത് ഈ കെമിക്കലുകൾ കോസ്മറ്റിക്സിലും ലൂബ്രിക്കന്റ്സിലും ഉപയോഗിക്കുന്നതും ശരീരത്തിലിവ അമിത അളവിൽ എത്തുന്നത് കോമയിലേക്കും പിന്നീട് മരണത്തിലേക്കും നയിച്ചേക്കാമെന്നുമാണ്.
ഡൈഎഥിലിൻ ഗ്ലൈക്കോൾ വില്ലനാകുന്നത് ഇതാദ്യമല്ല...
ബംഗ്ലദേശിൽ 1990നും 92നുമിടയ്ക്ക് 339 കുട്ടികൾക്ക് വൃക്കരോഗം പിടിപെടുകയും ഇവരിൽ ഭൂരിഭാഗം പേർ മരിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ഡൈഎഥിലിൻ ഗ്ലൈക്കോൾ അടങ്ങിയ പാരസെറ്റമോൾ സിറപ്പ് നൽകിയ ശേഷമാണ് ഇവർക്ക് രോഗം പിടിപെട്ടതെന്ന് കണ്ടെത്തി.
നൈജീരിയയിൽ 2009ൽ 13 കുട്ടികളിൽ അജ്ഞാത വൃക്കരോഗമുണ്ടാക്കിയതിന് പിന്നിലും ഡൈഎഥിലിൻ ഗ്ലൈക്കോൾ ആണെന്ന് കണ്ടെത്തിയിരുന്നു.
2006ൽ പനാമയിൽ ഡൈഎഥിലിൻ ഗ്ലൈക്കോൾ മൂലമുണ്ടായ വിഷദുരന്തത്തിൽ മരിച്ചത് നൂറിലധികം ആളുകളാണ്.
ജമ്മുവിൽ 2020ൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷകരമായ വസ്തുവും ഡൈഎഥിലിൻ ഗ്ലൈക്കോൾ തന്നെ.
ഗാംബിയ പറഞ്ഞു വയ്ക്കുന്നത്...
അമിത അളവിൽ ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളുമടങ്ങിയ വിഷമയമായ സിറപ്പുകൾ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഗാംബിയയിലേക്ക് മാത്രമേ അയച്ചിട്ടുള്ളൂ എന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടനയും ഇന്ത്യൻ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും. എന്നാൽ ഇതേ പദാർഥങ്ങളുപയോഗിച്ച് എത്ര സ്ഥലത്തേക്ക് ഇവർ മരുന്നുകൾ അയച്ചു എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്.
മരുന്നുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഗാംബിയയിലില്ലാത്തത് വൻ ദുരന്തങ്ങൾക്ക് വീണ്ടും വഴിവയ്ക്കുകയാണ്. ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് വീടു വീടാന്തരം കയറിയിറങ്ങി പറയുക മാത്രമാണ് അധികൃതർക്ക് മുന്നിലുള്ള ഏക പോംവഴി. ആധുനിക സൗകര്യങ്ങളോട് കൂടിയ ലബോറട്ടറി നിർമിക്കുന്നതിനുള്ള ഫണ്ടിന് വേണ്ടി നിലവിൽ ലോകബാങ്കുമായുള്ള ചർച്ചകളിലാണ് അധികൃതർ.