വായിലെ ഉണങ്ങാത്ത മുറിവുകളെ അവഗണിക്കരുത്; അറിയാം ഓറൽ ക്യാൻസറിനെ കുറിച്ച്...
|ആഗോളതലത്തിൽ വദനാർബുദ ബാധിതരിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നതാണ് അശങ്കപ്പെടുത്തുന്ന വസ്തുത
ചുണ്ടുകൾ, കവിൾ, സൈനസുകൾ, നാവ്, അണ്ണാക്ക്, വായയുടെ അടിഭാഗം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ക്യാൻസറാണ് ഓറൽ ക്യാൻസർ അഥവാ വദനാർബുദം. വായിൽ ഏറെനാൾ ഉണങ്ങാതെ കാണപ്പെടുന്ന മുറിവുകളോ വ്രണങ്ങളോ ഒക്കെയാണ് ഈ ക്യാൻസറിന്റെ പ്രധാന ലക്ഷണം.
ആഗോളതലത്തിൽ വദനാർബുദ ബാധിതരിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നതാണ് അശങ്കപ്പെടുത്തുന്ന വസ്തുത. നാല്പ്പത് വയസ്സിന് മുകളിലുള്ളവരിലാണ് ഈ ക്യാൻസർ കൂടുതലും കണ്ടു വരുന്നതെങ്കിലും ചെറുപ്പക്കാരിലും ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മിക്കവാറും കഴുത്തിലേക്ക് പടർന്നു കഴിയുമ്പോഴാവും രോഗം നിർണയിക്കപ്പെടുക, അതുകൊണ്ട് തന്നെ ചികിത്സ ലഭിക്കാൻ വൈകുകയും ചെയ്യും. എന്നാൽ രോഗിർണയം നേരത്തെ നടത്തിയാൽ ഈ ക്യാൻസറിനെ കീഴടക്കാം എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തൊക്കെയാണ് വദനാർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നും രോഗലക്ഷണങ്ങളെന്തൊക്കെയെന്നും അറിയാൻ തുടർന്ന് വായിക്കാം...
നാക്ക്, ചുണ്ടുകൾ എന്നിവയുൾപ്പടെ വായുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുണ്ടാകുന്ന ക്യാൻസറാണ് വദനാർബുദം എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഒരുപക്ഷേ ആദ്യം കണ്ടെത്തുക ദന്തഡോക്ടർ ആവും. വർഷത്തിൽ ഒന്നെന്ന നിലയ്‌ക്കെങ്കിലും ഡെന്റൽ ചെക്ക് അപ്പുകൾ നടത്തുന്നത് രോഗനിർണയം നേരത്തേ നടത്താൻ സഹായകമാകും.
പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് ഭൂരിഭാഗം കേസുകളിലും ഓറൽ ക്യാൻസറിന് കാരണമാകുന്നത്. പുകവലിക്കുന്നവരിലും മറ്റ് ടുബാക്കോ സപ്ലിമെന്റുകളിലും വദനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്. പുകയിലയോടൊപ്പം മദ്യപാനവും കൂടിയാകുമ്പോൾ അർബുദസാധ്യത കൂടുന്നു. പ്രതിരോധശേഷി ഇല്ലാത്തതും, പോഷകക്കുറവും, ജനിതകപരമായ കാരണങ്ങളുമൊക്കെ വദനാർബുദത്തിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങളാണ്.
മുമ്പ് സൂചിപ്പിച്ചത് പോലെ വായ്ക്കുള്ളിലെ ഉണങ്ങാത്ത മുറിവുകൾ തന്നെയാണ് വദനാർബുദത്തിന്റെ പ്രധാന ലക്ഷണം. വായിൽ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച, വായിൽ രക്തം കാണപ്പെടുക, ഭക്ഷണം വിഴുങ്ങുമ്പോൾ വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുക, വെപ്പുപല്ലുകളോ മറ്റോ ധരിക്കുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ട്, പല്ല് കൊഴിച്ചിൽ, കഴുത്തിലുണ്ടാകുന്ന തടിപ്പ്, വിട്ടുമാറാത്ത ചെവിവേദന, ശരീരഭാരം കുറയൽ, നാവിലെ വേദന, താടിയിലുണ്ടാകുന്ന തടിപ്പ് എന്നിവയൊക്കെയാണ് വദനാർബുദത്തിൽ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇവ കണ്ടാൽ സംശയിച്ചു നിൽക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണണം.