പാഞ്ഞ് വന്ന ലോറി സ്വപ്നങ്ങൾ മുറിച്ചുമാറ്റിയിട്ടില്ല; ആ അഞ്ച് വയസുകാരൻ ഇനിയും നടക്കും
|തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്റാണ് കുട്ടിയുടെ സ്വപ്നങ്ങൾക്ക് പുത്തനുണർവേകിയത്
തൃശൂർ: അപകടത്തിലൂടെ വലതുകാൽ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്റർ കുട്ടിയുടെ സ്വപ്നങ്ങൾക്ക് പുത്തനുണർവേകി. സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാൽ നിർമ്മിച്ച് നൽകിയത്. കുട്ടിക്ക് കൃത്രിമകാൽ വച്ച് നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
തൃത്താലയിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു വർഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കൃത്രിമ കാൽ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികൾക്കായുള്ള കൃത്രിമ കാൽ നിർമ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇത്തരം കൃത്രിമകാൽ നിർമ്മിച്ചതിന് ശേഷം കൊച്ചുകുട്ടികളെ അതിൽ പരിശീലിപ്പിക്കുകയും അതിലേറെ ശ്രമകരമായിരുന്നു.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ കൃത്രിമ കാൽ നിർമ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാൽ നിർമ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നൽകി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് സന്തോഷത്തോടെ യാത്രയയപ്പ് നൽകി. ഈ അവസ്ഥ തരണം ചെയ്ത് കുട്ടി മിടുക്കനാകുമെന്ന് ഡോക്ടർമാർ വിലയിരുത്തി.