വായുവിലൂടെ തലച്ചോറിലേക്കെത്തും; അറിയാം അപകടകാരികളായ മൈക്രൊപ്ലാസ്റ്റിക്കുകളെ
|കരള്‍, കിഡ്നി, തലച്ചോറ് എന്നിവയിലേക്ക് കടന്ന് ആരോഗ്യത്തെയും ജീവനെയും കവരാന്‍ ശേഷിയുള്ളവയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്നാണ് പഠനം
ഡല്‍ഹി: മനുഷ്യരാശിക്കും ഭൂമിക്കും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ് പ്ലാസ്റ്റിക്കുകളെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മറ്റൊരു അപകടകാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്ര ലോകം. മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന അപകടം ചെറുതല്ലെന്ന് പറയുകയാണ് പഠനങ്ങള്‍.
പാരിസ്ഥിതികമായി വലിയ നാശങ്ങള്‍ സൃഷ്ടിക്കുന്ന മൈക്രൊപ്ലാസ്റ്റിക്കുകളെ കുറിച്ചുളള ചര്‍ച്ചകള്‍ നേരത്തെ സജീവാമായതാണ്. വെറും അഞ്ച് മില്ലി മീറ്ററില്‍ താഴെ മാത്രം വലിപ്പമുളള ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും നമുക്ക് അറിയാം. എന്നാല്‍ ഇവ മനുഷ്യന്റെ തലച്ചോറിലേക്ക് ഉള്‍പ്പെടെ കടന്നുകയറി ആരോഗ്യത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു.
എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ന്യൂ മെക്സിക്കൊ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.
കരള്‍, കിഡ്നി, തലച്ചോറ് എന്നിവയിലേക്ക് കടന്ന് ആരോഗ്യത്തെയും ജീവനെയും കവരാന്‍ ശേഷിയുള്ളവയാണ് മൈക്രൊപ്ലാസ്റ്റിക്കുകള്‍ എന്നാണ് പുതിയ കണ്ടെത്തലുകള്‍ വ്യക്തമക്കുന്നത്.
ശ്വസിക്കുന്നതിലൂടെയും സ്പര്‍ശിക്കുന്നതിലൂടെയുമാണ് ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകള്‍ അതിവേഗം ശരീരത്തിനുള്ളിലേക്ക് എത്തുന്നത്. ശേഷം ഇവ തലച്ചോറ് ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങളിലേക്ക് പ്രവേശിക്കുകയും പേശികളെ തളര്‍ത്തുകയും ചെയ്യും.
മൈക്രൊപ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ആഘാതം കണ്ടെത്താന്‍ ആദ്യം എലികളിലാണ് പരീക്ഷണം നടത്തിയത്. എലികളുടെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് കടത്തിവിട്ടശേഷം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്കുകള്‍ തലച്ചോറ്, കിഡ്നി തുടങ്ങിയ അവയവങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തിയതായി കണ്ടെത്തി. മലിനമായ ജലാശയങ്ങളിലും കേടായ ഭക്ഷണപദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്ന മൈക്രൊപ്ലാസ്റ്റിക്കിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.