Health
heart disease, eggs,benefits of eggs,healthy food,heath news malayalam,Recent studies, eggs good for heart health,heart disease,
Health

ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും; പുതിയ പഠനറിപ്പോർട്ട്

Web Desk
|
14 Feb 2023 10:23 AM GMT

വിറ്റാമിൻ ബി 2, ബി 12, സെലിനിയം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ടകൾ

ഹൃദയാരോഗ്യത്തിന് മുട്ട നല്ലതാണോ ചീത്തയാണോ എന്നതിനെക്കുറിച്ചുള്ള നിരവധി ചർച്ചകൾ നിലവിൽ നടക്കുന്നുണ്ട്. എന്നാൽ ആഴ്ചയിൽ ഒന്നോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത പകുതിയിലധികം കുറയ്ക്കുമെന്നാണ് പുതിയ ഗ്രീക്ക് പഠനം പറയുന്നത്.

ആഴ്ചയിൽ നാല് മുതൽ ഏഴ് വരെ മുട്ടകൾ കഴിക്കുന്നവരിൽ 75 ശതമാനം പേർക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പഠനറിപ്പോർട്ട് പറയുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 10 വർഷത്തെ ഹൃദയാഘാതത്തെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകർ എത്തിയത്.

ആരോഗ്യമുള്ള വ്യക്തികളിൽ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കാര്യമായി ബാധിക്കില്ലെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവരിൽ കൂടുതൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും കാർഡിയോളജി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. നിഷിത് ചന്ദ്രയും ഗുരുഗ്രാമിലെ എഫ്എംആർഐയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ മേധാവി ദീപ്തി ഖതുജയും പറയുന്നു.

ഒരു ദിവസം രണ്ടോ നാലോ മുട്ടയുടെ വെള്ള കഴിക്കുന്നത് വളരെ ആരോഗ്യകരവും സുരക്ഷിതവുമാണ്. പ്രതിദിനം ഒരു മുട്ട വരെ കഴിക്കുന്നത് ഏഷ്യക്കാർക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയിൽ നേരിയ കുറവുണ്ടാക്കുന്നെന്ന് ഖത്തുജ പറയുന്നു.

പ്രോട്ടീനുകൾ, ധാതുക്കൾ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ, ഇരുമ്പ് തുടങ്ങിയ ഉയർന്ന ഗുണമേന്മയുള്ള പോഷകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 2, ബി 12, സെലിനിയം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ടകൾ. ഇവ ഹൃദയത്തിന് സംരക്ഷണം നൽകുന്നു. വിറ്റാമിൻ ബി 2, ബി 12 എന്നിവ ഹോമോസിസ്റ്റീൻ അളവ് സന്തുലിതമായി നിലനിർത്തും.

ഹൃദ്രോഗത്തിന്റെ പ്രധാന ഘടകമായ ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാൻ മുട്ടയിലെ സെലിനിയം സഹായിക്കുന്നു. മുട്ട കഴിക്കുന്നത് പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുമെന്നും ഡോ.ചന്ദ്ര ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മുട്ട എത്ര കഴിക്കണം എന്നത് ഓരോ വ്യക്തിയുടെയും ആരോഗ്യവും രോഗചരിത്രവും അനുസരിച്ചായിരിക്കും. ഒരാൾ മൊത്തത്തിൽ കഴിക്കുന്ന ഭക്ഷണക്രമം അനുസരിച്ചായിരിക്കും മുട്ടയുടെ ഗുണങ്ങളും ലഭിക്കുക.സമീകൃത ആഹാരം കഴിക്കുന്ന ഒരാൾക്ക് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. എന്നാൽ അല്ലാത്തവരിൽ ദോഷവും ചെയ്യുമെന്ന് ഡോ.ചന്ദ്ര പറയുന്നു.

Related Tags :
Similar Posts