വിറ്റാമിൻ ഡിയ്‌ക്കായി വെയിൽ കൊള്ളാനോ! മടിയാണേൽ വേണ്ട.. വഴികൾ വേറെയുമുണ്ട്
|ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായകമാണ്.
ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും പോഷകസമൃദമായ ആഹാരം ശീലമാക്കുക പ്രധാനമാണ്. ശരീരഭാരം നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരിയായ പോഷകം തിരഞ്ഞെടുക്കേണ്ടതുണ്ട്,. പ്രതിരോധ ശേഷിക്കും മെച്ചപ്പെട്ട ആരോഗ്യത്തിനും ഏറെ പ്രധാനമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി. ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായകമാണ്.
സൂര്യപ്രകാശമാണ് വിറ്റാമിൻ ഡിയുടെ കലവറയായി അറിയപ്പെടുന്നത്. സൺഷൈൻ വിറ്റാമിൻ എന്ന ഓമനപ്പേര് വിറ്റാമിൻ ഡിക്ക് ലഭിക്കാനുള്ള കാരണവും ഇത് തന്നെ. എന്നാൽ, കഠിനമായ ചൂടിൽ വിറ്റാമിൻ ഡിക്ക് വേണ്ടി പുറത്തേക്കിറങ്ങാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാൽ, സൂര്യപ്രകാശം മാത്രമല്ല...വിറ്റാമിൻ ഡി ധാരാളം അടങ്ങിയ സസ്യാഹാരങ്ങൾ ധാരാളമുണ്ട്. കാര്യമായ അറിവില്ലാത്തതിനാൽ ഇത്തരം ഭക്ഷണങ്ങൾക്ക് നാം വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് മാത്രം. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം
ചീര
നിരവധി രോഗങ്ങൾക്കുള്ള പരിഹാരമാണ് ചീരയെന്ന് നമുക്കറിയാം. ചുവന്ന ചീര വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവക്കെല്ലാം ചുവപ്പ് ചീര ഏറെ ഗുണം ചെയ്യും. ചില രോഗങ്ങളില്‍ ഔഷധങ്ങള്‍ക്കൊപ്പം ചുവന്ന ചീര കറിയാക്കി കഴിക്കുന്നത് രോഗശമനം എളുപ്പമാക്കും. എന്നാൽ, പച്ച ചീരയുടെ ഗുണം അധികം ആർക്കും അറിയില്ല.
വിറ്റാമിൻ ഡി ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിദിനം 25 ശതമാനത്തോളം വിറ്റാമിൻ ഡി ലഭിക്കാൻ പച്ചച്ചീര കഴിച്ചാൽ മതിയെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ചീരയുടെ പ്രത്യേകത. ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാനും അതിന്റെ അളവ് ക്രമീകരിക്കാനും വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് വലുതാണ്.
കൂൺ
വിറ്റാമിൻ ഡി സുലഭമായ സസ്യാധിഷ്ഠിത ഭക്ഷണ സ്രോതസ്സുകൾ കൂൺ മാത്രമാണ്. സ്വാഭാവിക സൂര്യപ്രകാശത്തിൽ വളരുന്ന കൂണുകൾക്ക് വിറ്റാമിൻ ഡിയുടെ അളവ് കൂടുതലാണ്. വിറ്റാമിൻ ഡിയുടെ ദൈനംദിന അളവ് നിലനിർത്താൻ ഭക്ഷണത്തിൽ കൂണും ഉൾപ്പെടുത്താവുന്നതാണ്.
ചീസ്
ചീസ് എന്ന് കേൾക്കുമ്പോൾ ഭാരം കൂടുന്നത് ചിന്തിക്കുന്നവരുണ്ട്. മറ്റ് പല കാരണങ്ങൾ കൊണ്ടും ചീസിനെ അകറ്റി നിർത്തുന്നവരുമുണ്ട്. എന്നാൽ, ആസ്വദിച്ച് കഴിക്കാൻ ഒരു കരണമായലോ. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ ധാരാളം ചീസിൽ അടങ്ങിയിട്ടുണ്ട്. ഇത് നിരവധി പോഷകങ്ങളുടെ കലവറയാണ്. പ്രധാനമായും വിറ്റാമിൻ ഡി ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ദൈനംദിന പോഷകങ്ങൾ നൽകുന്നതിനൊപ്പം ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് നിലനിർത്തുന്നതിനും ചീസ് സഹായിക്കും.
മൾട്ടിവിറ്റാമിനുകൾ
മൾട്ടി വിറ്റാമിൻ സപ്ലിമെന്റുകളും വിറ്റാമിൻ ഡി ഉറപ്പാക്കും. മീന്‍ ഗുളിക എന്നറിയപ്പെടുന്ന കോഡ് ലിവര്‍ ഓയിലും സഹായകമാണ്.
ഫോർട്ടിഫൈ ചെയ്‌ത ഭക്ഷണങ്ങൾ
ഫോർട്ടിഫൈ ചെയ്‌ത ധാന്യങ്ങൾ വിറ്റാമിൻ ഡി ധാരാളം പ്രദാനം ചെയ്യുന്നു. സോയ മില്‍ക് പോലുള്ള പാലുൽപന്നങ്ങൾ, ഓറഞ്ച് ജ്യൂസ്, ഓട്സ് മീൽ എന്നിവയെല്ലാം ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി നൽകുന്നു.