കരുത്തുറ്റ ഇടതൂർന്ന മുടിയല്ലേ ആഗ്രഹം, ഹെയർ പ്രോഡക്‌ട്സ് അല്ല, മാറ്റേണ്ടത് ഭക്ഷണം തന്നെയാണ്
|മുടിയുടെ വേരുകളിൽ നിന്ന് പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്. അതിനായി ഭക്ഷണത്തിലാകണം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്...
കരുത്തുറ്റ തിളക്കമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒന്ന് ചീകുമ്പോൾ തന്നെ കയ്യിൽ പോരുന്ന മുടിയിഴകൾ ഉണ്ടാക്കുന്ന സങ്കടം ചെറുതല്ല. പരിഹാരം തേടി ചെന്നെത്തുന്നത് വിലകൂടിയ ഹെയർ പ്രൊഡക്ടുകളിൽ ആയിരിക്കും. ഇത്തരം ഉൽപന്നങ്ങൾ മുടി കൊഴിച്ചിൽ തടയാൻ സഹായകമാകുമെങ്കിലും ദീർഘകാലത്തേക്ക് ഒരു പരിഹാരം ഇവ നല്കണമെന്നില്ല.
മുടിയുടെ വേരുകളിൽ നിന്ന് പ്രശ്നം പരിഹരിക്കേണ്ടത് പ്രധാനമാണ്. അതിനായി ഭക്ഷണത്തിലാകണം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത്. മുടിയുടെ ബാഹ്യ പോഷണത്തിൽ നാം പലപ്പോഴും ശ്രദ്ധിക്കാറുണ്ട്, എന്നാൽ നമ്മൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഒരുപോലെ പ്രധാനമാണ്. മുടിയുടെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ആദ്യം മനസിലാക്കണം.
ജനിതകശാസ്ത്രം, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്നങ്ങൾ, സമ്മർദ്ദം തുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവ ഭക്ഷണം നിയന്ത്രിച്ചുവേണം പരിഹരിക്കാൻ. മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നതിന് അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്
മുടിയുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർഫുഡുകൾ ഇതാ:-
മുട്ട
മുടിയുടെ ആരോഗ്യത്തിന് ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ പോഷകമായ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. മുടിയുടെ ഭൂരിഭാഗവും കെരാറ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയതാണ്. മുട്ട കഴിക്കുന്നതിലൂടെ മുടി തലയോട്ടിയിൽ നിന്ന് പൂർണ്ണമായി പോഷിപ്പിക്കപ്പെടുകയും കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു. ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.
ഓംലെറ്റ്, വേവിച്ച മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതുകൂടാതെ, ഹെയർ മാസ്ക് തയ്യാറാക്കി മുട്ട നേരിട്ട് മുടിയിൽ പുരട്ടാവുന്നതാണ്.
നെല്ലിക്ക
പണ്ടു മുതലേ നമ്മുടെ മുടി സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്നതാണ് നെല്ലിക്ക. വിവിധ മുടി സംരക്ഷണ ഉൽപന്നങ്ങളുടെ ലേബലുകളിൽ പലപ്പോഴും നെല്ലിക്കയൊരു പ്രധാന ഘടകമാണ്. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. കൂടാതെ കൊളാജൻ പ്രോട്ടീന്റെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യും. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു. ചെറിയ പുളിപ്പും കൈപ്പുമുള്ളതിനാൽ പലരുമിത് ഒഴിവാക്കാനാണ് പതിവ്.
ജ്യൂസ് ആക്കിയോ അച്ചാറോ ചട്ട്ണി ആക്കിയോ ഇത് കഴിക്കാവുന്നതാണ്.
ഇലക്കറികൾ
ഇലക്കറികൾ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇവ നമ്മുടെ മുടിക്കും അത്യാവശ്യമാണ്. പച്ച ഇലക്കറികൾ വിറ്റാമിനുകൾ എ, സി, തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ഇലക്കറികൾ. ഇത് നമ്മുടെ രോമകൂപങ്ങളെ ശക്തവും തിളക്കവും നിലനിർത്തുന്നതിനുള്ള ഒരു സുപ്രധാന ധാതുവാണ്. ഇരുമ്പിന്റെ കുറവുള്ള ഭക്ഷണക്രമം മുടി കൊഴിച്ചിലിന് കാരണമാകും.
ഇത് തടയാൻ, മുടിക്ക് വേണ്ടിയുള്ള ആരോഗ്യകരമായ ഭക്ഷണ ചാർട്ടിൽ പച്ച ഇലക്കറികൾ ഉൾപ്പെടുത്താൻ മറക്കരുത്.
പരിപ്പ്, വിത്തുകൾ
മുടിക്ക് തിളക്കം നിലനിർത്താൻ ആവശ്യമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പും ആവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ പരിപ്പുവർഗ്ഗങ്ങളും വിത്തുകളും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. ബദാം, വാൽനട്ട്, കശുവണ്ടി, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ധാന്യങ്ങൾ
മുടിക്ക് ആരോഗ്യകരമായ ഒരു ഭക്ഷണ ചാർട്ട് ആസൂത്രണം ചെയ്യുമ്പോൾ, അതിൽ ധാന്യങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. ധാന്യങ്ങളിൽ അമിനോ ആസിഡുകൾ (പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണിത്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ രൂപം ഉറപ്പാക്കുകയും ചെയ്യുന്നു.