വെള്ളം മാത്രം കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമോ?
|മനുഷ്യശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കുടിവെള്ളം ആവശ്യമാണ്
ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നിരവധി ഭക്ഷണ രീതികളുണ്ട്. ആരോഗ്യരംഗത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ശരീരഭാരം കുറയ്ക്കുന്ന മാര്‍ഗങ്ങളിലൊന്നായി കുറച്ച് കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജല ഉപവാസം. മനുഷ്യശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കുടിവെള്ളം ആവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നതിന് കുടിവെള്ളം സഹായിക്കുന്നുണ്ട്. എന്നാൽ കുടിവെള്ളം മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊണ്ട് ശരീര ഭാരം കുറയ്ക്കാം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
എന്താണ് ജല ഉപവാസം
ജല ഉപവാസം അല്ലെങ്കിൽ വെള്ളം മാത്രമുള്ള ഉപവാസമെന്നാൽ ഭക്ഷണമില്ലാതെ കുറച്ച് ദിവസത്തേക്ക് വെള്ളം മാത്രം കഴിക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഉപവാസം ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റവും പ്രോത്സാഹിപ്പിക്കുമെന്നും പറയപ്പെടുന്നു.
ന്യൂട്രിമെഡിലെ പോഷകാഹാര വിദഗ്ധരായ നേഹ പട്ടോഡിയയും നൂപുർ അറോറയും പറയുന്നതനുസരിച്ച് ജല ഉപവാസത്തിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും നിയന്ത്രിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഉപവാസം സാധാരണയായി 24 മുതൽ 72 മണിക്കൂർ നീണ്ടുനിൽക്കും. എന്നാൽ മെഡിക്കൽ മേൽനോട്ടമില്ലാതെ ഒരാൾ ഇതിലും കൂടുതൽ സമയം ജല ഉപവാസം പിന്തുടരുന്നത് അപകടമാണെന്ന് ഇവർ പറഞ്ഞു.
യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ മധ്യവയസ്കരായ 12 പുരുഷന്മാരെ 8 ദിവസത്തെ ജല ഉപവാസത്തിന് ഇരുത്തി. എട്ടാം ദിവസത്തിന്റെ അവസാനത്തിൽ ഇവരിലെ സമ്മർദ്ദം, ശരീരഭാരം, ശരീരഘടനയിലെ മാറ്റങ്ങൾ, നിർജ്ജലീകരണം, വർധിച്ച കെറ്റോജെനിസിസ്, ഹൈപ്പർയുരിസെമിയ, സെറം ഗ്ലൂക്കോസ് , ഹൈപ്പോനാട്രീമിയ എന്നിവയിൽ ഗണ്യമായ കുറവ് കാണിച്ചു. ശരീരത്തിന് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടെങ്കിലും കൂടുതൽ നേരം തുടരുന്നത് ശരീരത്തിന് ഹാനികരമാകുമെന്നായിരുന്നു പഠനത്തിന്റെ നിഗമനം. ഇത് കൂടാതെ ജല ഉപവാസം ഓട്ടോഫാഗിയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കോശങ്ങളുടെ പഴയതും അപകടകരവുമായ ഭാഗങ്ങൾ തകർക്കുകയും പുനരുപയോഗം ചെയ്യുകയും ചെയ്യുന്ന ശരീരത്തിന്റെ പ്രക്രിയയാണ് ഓട്ടോഫാഗിയ. എന്നിരുന്നാലും ജല ഉപവാസത്തിന് നിരവധി അപകടസാധ്യതകളുണ്ട്. ഇത് കൂടുതൽ നേരം ചെയ്യുന്നത് അപകടമാണ്.പേശികളുടെ നഷ്ടം, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, മറ്റ് പലതരം ആരോഗ്യസ്ഥിതികൾ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. ഗർഭിണികൾ, കുട്ടികൾ,പ്രമേഹം, സന്ധിവാതം എന്നീ അസുഖങ്ങൾ ഉള്ളവർ ഇത് പൂർണമായും ഒഴിവാക്കണം.
ജല ഉപവാസം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
ധാരാളം ആളുകൾ ശരീരഭാരം കുറയ്ക്കാൻ ജല ഉപവാസം ചെയ്യുന്നു . ജല ഉപവാസത്തിലൂടെ ദിവസവും 1 കിലോ വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും ഇത് അനാവശ്യമായി ചെയ്യരുതെന്നുള്ള മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. ജല ഉപവാസം പേശികളുടെ നഷ്ടത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് പകരമായി കലോറി നിയന്ത്രിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ഇടവിട്ടുള്ള ഉപവാസം.മാത്രവുമല്ല സ്വയം വിഷാംശം ഇല്ലാതാക്കാൻ നമ്മുടെ ശരീരം പര്യാപ്തമാണ്. അതിനാൽ മതപരമായ ആവശ്യങ്ങൾക്കല്ലാതെ ജല ഉപവാസം പോലെയുള്ളത് തികച്ചും അനാവശ്യമാണ്.