തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല..! കാരണം ഇതാണ്
|വേനൽക്കാലത്ത് മിക്കവരുടെയും ഇഷ്ട പഴമാണ് തണ്ണിമത്തന്‍
വേനൽക്കാലമാണ്,അതിന് പുറമെ നോമ്പ് കാലവും...തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയവും. നോമ്പ് തുറക്കലിന് മുൻപന്തിയിലും തണ്ണിമത്തനുണ്ട്. ഈ കനത്ത ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
തണ്ണിമത്തനില്‍ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.എന്നാല്‍ നമ്മളില്‍ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു.
ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ പഠനങ്ങളിൽ പറയുന്നതായി ന്യൂസ് 18റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്.ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തണ്ണിമത്തൻ തണുപ്പിച്ച് കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്മൂത്തിയിലോ മിൽക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.
തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ
ലൈക്കോപീൻ, ആൻറി ഓക്‌സിഡൻറുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ സിട്രുലിൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ സഹായിക്കുന്നു. തണ്ണിമത്തനിൽ കലോറി കുറവുള്ളതിനാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തണ്ണിമത്തൻ പഴമായോ ജ്യൂസായോ കഴിച്ചാലും ആരോഗ്യഗുണങ്ങൾ ലഭിക്കും. കലോറി വളരെ കുറവായതിനാൽ, ഇത് കഴിക്കുന്നത് ഏറെ നേരം വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്കും തണ്ണിമത്തൽ തെരഞ്ഞെടുക്കാം..