തലവേദന അകറ്റാനുള്ള വഴികള്‍
|ഭക്ഷണക്രമങ്ങളും ജീവിതശൈലിയും തലവേദനക്ക് കാരണമാകും
തലവേദന പലരുടെയും പ്രധാന പ്രശ്നമാണ്. ഭൂരിഭാഗം ആളുകളിലും കാണുന്ന തലവേദനയെ അവഗണിക്കാറാണ് പതിവ്. എന്നാൽ കടുത്ത തലവേദനയുള്ളവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല തരത്തിലുള്ള തലവേദനകള്‍ നിലവിലുണ്ട്, ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും സാധാരണമായത്. തലവേദന ഒഴിവാക്കാന്‍ നിങ്ങള്‍ ശീലിക്കേണ്ട ചില മാറ്റങ്ങളിതാ.
കാരണങ്ങള്‍
തലവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചില ഭക്ഷണക്രമങ്ങളും ജീവിതശൈലിയും തലവേദനക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം, മദ്യത്തിന്റെ ഉപയോഗം, പോഷക കുറവ്, ഭക്ഷണക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും തലവേദനയ്ക്ക് കാരണമാകും. ഗുരുതരമായ പരിക്കുകളും ആരോഗ്യപ്രശ്‌നങ്ങളും തലവേദനയ്ക്ക് മറ്റൊരു കാരണമാണ്. മുഴകള്‍, രക്തം കട്ടപിടിക്കല്‍ എന്നിവയും തലവേദനക്ക് കാരണമാകും. അമിതവണ്ണമുള്ളവര്‍, ഉറക്കക്കുറവ് ഉള്ളവര്‍, പുകവലിക്കുന്നവര്‍ക്കെല്ലാം തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പരിഹാരങ്ങള്‍
യോഗാസനം
യോഗാസനം സമ്മര്‍ദ്ദം ഒഴിവാക്കാനും, ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കാനും, വേദന കുറയ്ക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള മികച്ച മാര്‍ഗമാണ്. യോഗ ചെയ്യുന്നത് നിങ്ങളുടെ തലവേദനയുടെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചേക്കാം. വിട്ടുമാറാത്ത മൈഗ്രെയിനുകളുള്ള ആളുകള്‍ക്കും അവരുടെ വേദന കുറയ്ക്കാന്‍ യോഗ ഒരു പരിഹാരമാണ്.
അക്യുപങ്ചര്‍
അക്യുപങ്ചര്‍ ഒരു പരമ്പരാഗത ചൈനീസ് മെഡിസിന്‍ ടെക്‌നിക്കാണ്. വിട്ടുമാറാത്ത തലവേദന ചികിത്സിക്കുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, അക്യുപങ്ചര്‍ നിങ്ങള്‍ക്കുള്ള ഒരു വഴിയാണ്. അക്വുപങ്ചര്‍ ചെയ്യുന്നത് തലവേദന കുറയ്ക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.
ആവശ്യത്തിന് ഉറങ്ങുക
ഉറക്കക്കുറവ് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചിലരില്‍ അത് തലവേദന ഉണ്ടാക്കുകയും ചെയ്യാം. മോശം ഉറക്കവും ഉറക്കമില്ലായ്മയും തലവേദനയുടെ തീവ്രത വര്‍ദ്ധിക്കുന്നുവെന്ന് നിരവധി ഗവേഷണങ്ങള്‍ കാണിക്കുന്നു. ടെന്‍ഷന്‍ തലവേദനയുള്ളവരില്‍ ഉറക്കമില്ലായ്മ വലിയൊരു പ്രശ്‌നമാണ്. എന്നിരുന്നാലും, അമിതമായി ഉറങ്ങുന്നതും തലവേദനയ്ക്ക് കാരണമാകും. തലവേദന തടയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ അളവിലുള്ള ഉറക്കം പ്രധാനമാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടെങ്കിലും തലവേദനയുണ്ടാകും. നിര്‍ജ്ജലീകരണം തലവേദനയുടെ ഒരു സാധാരണ കാരണമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഏകാഗ്രതയെ തടസ്സപ്പെടുത്തും. കൂടുതല്‍ വെള്ളം കുടിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തലവേദന ഒഴിവാക്കാന്‍, ആവശ്യത്തിന് വെള്ളം കുടിക്കാനും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക.