പ്രായം 45 ആയോ, നോണ്‍വെജ് ആണോ പ്രിയം; സൂക്ഷിക്കണം
|കോളോറക്ടൽ കാൻസറിന്‍റെ ആദ്യ രോഗലക്ഷണമായിരിക്കാം മലത്തിലുള്ള രക്തം.
ലോകമെമ്പാടും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാന്‍സര്‍ രോഗികളുടെ ആകെ കണക്ക് എടുക്കുകയാണെങ്കില്‍ വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ ഇന്ത്യയില്‍ പുരുഷന്മാരില്‍ മൂന്നാം സ്ഥാനത്തും സ്ത്രീകളില്‍ രണ്ടാം സ്ഥാനത്തുമാണ്. വന്‍കുടലില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ക്ക് കോളോറക്ടൽ കാൻസര്‍ എന്നാണ് പറയുന്നത്. മുമ്പ് വികസിത രാജ്യങ്ങളിലാണ് ഈ അസുഖം കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും കാരണം കേരളത്തിലും കോളോറക്ടൽ കാൻസര്‍ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
കോളോറക്ടൽ കാൻസറിന് കാരണമാകുന്നത് എന്തെല്ലാം?
ഒരു വ്യക്തി കോളോറക്ടൽ കാൻസര്‍ രോഗബാധിതനാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വ്യായാമത്തിന്‍റെ കുറവാണ്. ഭക്ഷണരീതിയിലുള്ള വ്യത്യാസങ്ങളാണ് മറ്റൊരു കാരണം. മാംസാഹാരത്തിന്‍റെ ഉപയോഗം കൂടിയതും പുകവലി, മദ്യപാനം, പൊണ്ണത്തടി, ഡയബെറ്റസ് മെലിറ്റസ് (പ്രമേഹരോഗം) എന്നിവയും കോളോറക്ടൽ കാൻസറിന് കാരണമാകുന്നുണ്ട്.
രോഗലക്ഷണങ്ങള്‍
മലത്തിലൂടെ രക്തം പോകുന്നതാണ് കോളോറക്ടൽ കാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. മലത്തിനൊപ്പമോ അല്ലെങ്കില്‍ മലത്തിന് മുമ്പോ ശേഷമോ ആയി രക്തം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടണം. മലത്തില്‍ രക്തം കാണുമ്പോള്‍ മൂലക്കുരു ആണെന്ന് കരുതി പലരും ചികിത്സ തേടാതിരിക്കുകയോ തെറ്റായ ചികിത്സയിലേക്ക് പോകുകയോ ചെയ്യുന്നത് കൂടുതലായി കാണുന്നുണ്ട്. ചിലര്‍ പൈല്‍സ് എന്നോ, മൂലക്കുരുവിന്‍റെ ബുദ്ധിമുട്ട് എന്നോ എടുത്ത് പറഞ്ഞാണ് ഡോക്ടറെ കാണുന്നത് പോലും. തുടര്‍ന്നുള്ള ഡോക്ടറുടെ നിഗമനങ്ങളിലേ മലത്തില്‍ രക്തം കാണുന്നു എന്ന് രോഗി പറയാറുള്ളൂ. പലപ്പോഴും കോളോറക്ടൽ കാൻസറിന്‍റെ ആദ്യ രോഗലക്ഷണമായിരിക്കാം മലത്തിലുള്ള രക്തം.
വയറ്റില്‍ നിന്ന് പോകുമ്പോള്‍ കറുത്ത നിറത്തില്‍ പോകുക, ശരീരം ക്ഷീണിക്കുക. വിളര്‍ച്ച അനുഭവപ്പെടുക, നടക്കുമ്പോള്‍ കിതപ്പനുഭവപ്പെടുക എന്നിവയുണ്ടെങ്കിലും ശ്രദ്ധിക്കണം. വയറുവേദനയും ഛര്‍ദ്ദിയും ചിലപ്പോള്‍ ഇതിന്‍റെ ലക്ഷണമായേക്കാം. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മലത്തിലുള്ള രക്തമാണ്. പ്രത്യേകിച്ച് ഒരു 40-45 വയസ്സിന് ശേഷം ആദ്യമായിട്ട് മലത്തില്‍ രക്തം കാണുകയാണെങ്കില്‍ അതിനെ ഗൗരവത്തോടെ കണ്ട് വിദഗ്ധ ചികിത്സ നേടേണ്ടതാണ്.
ചികിത്സ
കോളോറക്ടൽ കാന്‍സര്‍ ഏറ്റവും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് കൊളോണോസ്കോപ്പി. വളരെ ലഘുവായി പത്തോ പതിനഞ്ചോ മിനുറ്റ് കൊണ്ട് തീര്‍ക്കാവുന്ന ഒരു ടെസ്റ്റ് ആണ്. വന്‍കുടലിന്‍റെ പരിശോധനയാണിത്. വയര്‍ ശുദ്ധീകരിച്ചതിന് ശേഷം ചെറിയൊരു ട്യൂബ് ഇട്ടിട്ട് വന്‍കുടല്‍ പരിശോധിച്ചു നോക്കുന്ന ടെസ്റ്റ് ആണിത്.
പല വിദേശ രാജ്യങ്ങളിലും 45 വയസ്സ് കഴിഞ്ഞ എല്ലാവരും കൊളോണോസ്കോപ്പി ടെസ്റ്റ് ചെയ്യണമെന്നാണ് നിയമം. തുടര്‍ന്ന് ഓരോ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യണം. കുടുംബത്തിലാര്‍ക്കെങ്കിലും നേരത്തെ ഈ അസുഖം വന്നിട്ടുള്ളവര്‍ 35 വയസ്സ് ആകുമ്പോഴേക്കും ഈ പരിശോധന നടത്തുന്നത് നല്ലതാണ്. അല്ലെങ്കില്‍ 45 വയസ്സ് കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഈ പരിശോധനയ്ക്ക് വിധേയമാകുന്നത് അസുഖം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. ഇത് കൂടാതെ നേരത്തെ പറഞ്ഞ രോഗലക്ഷണങ്ങളുളളവര്‍ -അതായത് രക്തം പോകുക, കറുത്ത നിറത്തില്‍ പോകുക, വിളര്‍ച്ച അനുഭവപ്പെടുക, വയറു വേദനയുണ്ടാകുക, മലം നേര്‍ത്തിട്ട് പോകുക - വളരെ വേഗം ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ തേടണം.
കാരണം, കോളോറക്ടൽ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രോഗമാണ്. കണ്ടുപിടിച്ചു കഴിഞ്ഞാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നൊരു രോഗം കൂടിയാണിത്. ആമാശയത്തിനോ പാന്‍ക്രിയാസിനോ കാന്‍സര്‍ ബാധിക്കുന്ന പോലെയല്ല. വളരെ നേരത്തെ കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരു അസുഖം തന്നെയാണ് വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍.
കോളോറക്ടൽ കാന്‍സര്‍ എത്തുന്നതിനു മുമ്പുള്ള ഒരവസ്ഥയാണ് കോളോറക്ടൽ പോളിപ്‌സ് എന്നു പറയുന്നത്. ഒരുതരം ദശവളര്‍ച്ചയാണിത്. ഈ ദശവളര്‍ച്ചകള്‍ ആണ് പലപ്പോഴായി കോളോറക്ടൽ കാന്‍സറായി മാറുന്നത്. 45 വയസ്സായാല്‍ കൊളോണോസ്കോപ്പി ചെയ്യണമെന്ന് പറയുന്നത് ഈ ദശവളര്‍ച്ചകള്‍ കണ്ടുപിടിക്കാന്‍ വേണ്ടിയിട്ടാണ്. അങ്ങനെയെന്തെങ്കിലും ദശവളര്‍ച്ചകള്‍ കണ്ടാല്‍ കൊളോണോസ്കോപ്പി ചെയ്യുന്ന സമയത്തു തന്നെ, കാന്‍സറിലേക്കെത്തുന്ന സ്റ്റേജിന് മുമ്പേ അത് കണ്ടുപിടിക്കാനും അവയെ വേരോടെ ശരീരത്തില്‍ നിന്ന് മാറ്റിക്കളയാന്‍ കഴിയും.
പലപ്പോഴും കോളോറക്ടൽ കാന്‍സറിന്‍റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലെത്തി കഴിഞ്ഞ ശേഷമാണ് നമ്മുടെ കേരളത്തില്‍ പലരും രോഗം തിരിച്ചറിയാറുള്ളത്. അതുകൊണ്ടുതന്നെ പലര്‍ക്കും സര്‍ജറിയോ, കീമോതെറാപ്പിയോ ആവശ്യമായി വരുന്നുമുണ്ട്.
എങ്ങനെ ഈ രോഗത്തെ അകറ്റാം
രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനെ തന്നെ ഒരു ഡോക്ടറെ കാണുക. 45 വയസ്സിന് ശേഷം എന്തായാലും ഒരു ഡോക്ടറെ കണ്ട് കൊളോണോസ്കോപ്പി ടെസ്റ്റിന് വിധേയമാകുക. പ്രത്യേകിച്ചും കുടുംബത്തിലാര്‍ക്കെങ്കിലും നേരത്തെ ഈ അസുഖം വന്നിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് ചെയ്യുക. മറ്റൊന്ന് ചിട്ടയായ ജീവിത രീതി പിന്തുടരുക എന്നതാണ്. കൃത്യമായ വ്യായാമം, മാംസാഹാരങ്ങള്‍ കുറയ്ക്കുക, മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സമീര്‍ സാകിര്‍ ഹുസൈന്‍
DNB(GEN.MED), DNB(Gastro), MNAMS
ശാന്തി ഹോസ്പിറ്റല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് :
https://www.santhihospital.com/
ഫോണ്‍: 0495 2280000
മൊബൈല്‍ : 9605671100