എന്താണ് കോവിഡ് ടോ?; അറിയാം കോവിഡ് ടോയുടെ പ്രധാന കാരണങ്ങൾ
|കുട്ടികളിലും യുവാക്കളിലുമാണ് കോവിഡ് ടോ അവസ്ഥ കൂടുതലായും കാണുന്നത്
കോവിഡ് ബാധിച്ച ചിലരിൽ കാണുന്ന അനന്തരഫലമാണ് കോവിഡ് ടോ. കാൽവിരലുകൾ തടിച്ചുതിണർത്ത് ചുവപ്പ് നിറത്തിൽ കാണുന്ന അവസ്ഥയാണിത്. ശരീരത്തിൽ കടന്നുകൂടിയ കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണ രീതിയിലേക്ക് മാറുന്നതിന്റെ ഫലമായാണ് കോവിഡ് ടോ ഉണ്ടാകുന്നത്.
കുട്ടികളിലും യുവാക്കളിലുമാണ് കോവിഡ് ടോ അവസ്ഥ കൂടുതലായും കാണുന്നത്. ചിലർക്ക് വിരലുകളിൽ വേദന അനുഭവപ്പെടുന്നുണ്ട്. എന്നാൽ മറ്റു ചിലരിൽ ചൊറിച്ചിലും നീർവീക്കവുമാണ് കണ്ടുവരുന്നത്. ചുവന്ന നിറത്തിൽ കാണുന്ന വിരലുകളിൽ പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്. ചിലർക്ക് ആഴ്ചകൾക്കുള്ളിൽ ഈ അവസ്ഥയിൽ നിന്ന് മുക്തി നേടാനാകും. എന്നാൽ മറ്റു ചിലർക്ക് മാസങ്ങളോളം കോവിഡ് ടോയുടെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്.
രക്തവും ചർമ്മവും അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളിൽ രോഗ പ്രതിരോധ വ്യൂഹത്തെയാണ് കാരണമായി പറയുന്നത്. ഇതിൽ ഇന്റർഫെറോൺ എന്ന ആന്റിബോഡി ശരീരത്തിൽ പ്രവേശിക്കുകയും കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കുമ്പോൾ അബദ്ധവശാൽ ശരീരത്തിലെ കോശങ്ങളെയും നശിപ്പിക്കാൻ കാരണമാകുന്നു. ഇതാണ് കോവിഡ് ടോയുടെ പ്രധാന കാരണം. കോവിഡ് ടോ ബാധിച്ച 50 പേരിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ഈ അവസ്ഥയുടെ കാരണം കണ്ടുപിടിക്കാനായത്.